കോഴിക്കോട്: അര്‍ണബ് ഗോസ്വാമിയുടെ നേതൃത്വത്തില്‍ ആരംഭിച്ച റിപ്പബ്ലിക് എന്ന ചാനല്‍ കേരളത്തെ വലിയ തോതില്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. “കേരളത്തെ കൊലപാതകങ്ങളുടെ കേന്ദ്രം” ആക്കി ദേശീയ തലത്തില്‍ സംഘപരിവാര്‍ നടത്തുന്ന പ്രചരണങ്ങള്‍ക്ക് ശക്തിപകരുന്ന രീതിയിലാവും റിപ്പബ്ലിക്കിന്റെ ഇടപെടലെന്നാണ് സൂചന.
മാധ്യമപ്രവര്‍ത്തകരെ അര്‍ണബിന്റെ ചാനലിലേക്കു ക്ഷണിച്ചുകൊണ്ട് ചാനല്‍ അധികൃതര്‍ നടത്തിയ സംഭാഷണത്തിലാണ് ഇത്തരം സൂചനകളുള്ളത്. റിപ്പബ്ലിക് ചാനല്‍ അധികൃതരുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പ്രമുഖദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ടറായ എസ്.ആര്‍ പ്രവീണ്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ശബരിമല പോലുള്ള വിഷയങ്ങളിലും കേരളത്തില്‍ ആര്‍.എസ്.എസുകാര്‍ കൊല്ലപ്പെടുന്ന സംഭവങ്ങളിലും ഫോക്കസ് ചെയ്ത് കേരളം പിടിക്കാനാണ് അര്‍ണബ് ശ്രമിക്കുന്നതെന്ന സൂചനയാണ് അദ്ദേഹത്തിന്റെ കുറിപ്പില്‍ നിന്നും ലഭിക്കുന്നത്.
റിപ്പബ്ലിക് ചാനലിന്റെ വക്താവായ സ്ത്രീ തന്നെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും ചാനലുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടതായും പ്രവീണ്‍ പറയുന്നു. ഇന്നല്ലെങ്കില്‍ നാളെ തന്റെ പ്രത്യയശാസ്ത്രവും കരിയറും തമ്മില്‍ ബാലന്‍സ് ചെയ്യേണ്ടി വരുമെന്നും അവര്‍ തന്നോട് പറഞ്ഞതായി അദ്ദേഹം കുറിക്കുന്നു.
തന്റെ മുന്‍ ചാനലായ ടൈംസ് നൗവില്‍ നിന്നും വ്യത്യസ്തമായി കേരളത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായിരിക്കും അര്‍ണബിന്റെ പുതിയ ചാനലായ റിപ്പബ്ലിക്ക്. ചാനലിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏഷ്യാനെറ്റുമായി കൂടിച്ചേര്‍ന്നായിരിക്കുമെന്നും അവര്‍ പറഞ്ഞതായി പ്രവീണ്‍ വ്യക്തമാക്കുന്നു. ബി.ജെ.പിയുടെ എം.പിയായ രാജീവ് ചന്ദ്രശേഖറുടെ ഉടമസ്ഥതയിലുള്ളതാണ് ഏഷ്യാനെറ്റ് എന്നതും ശ്രദ്ധേയമാണ്.
ചാനലിന് കേരളത്തില്‍ ഒരു റിപ്പോര്‍ട്ടറായിരിക്കും ഉണ്ടാവുക. എല്ലാ ജില്ലകളിലും സ്റ്റിംഗര്‍മാരും ഉണ്ടാകും. ശബരിമല പോലുള്ള വലിയ സംഭവങ്ങളുണ്ടായാല്‍ മറ്റിടങ്ങളില്‍ നിന്നും വേണ്ട സഹായമെത്തുമെന്നും അവര്‍ പറഞ്ഞതായി പ്രവീണ്‍ പറയുന്നു. ശബരിമല സംഭവത്തെ അപകടമല്ലെന്നായിരുന്നു ആ സ്ത്രീ വിശേഷിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
തന്റെ മറ്റൊരു സുഹൃത്തിനോട് ഇതേ സ്ത്രീ റിപ്പബ്ലിക് ചാനല്‍ കേരളത്തിലെ കൊലപാതകങ്ങളെ പ്രത്യേകിച്ചും ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളെ അതീവ പ്രാധാന്യത്തോടെ വാര്‍ത്തയാക്കുമെന്ന് പറഞ്ഞതായും അദ്ദേഹം പറയുന്നു.
കേരളത്തെ കൊലപാതകങ്ങളുടെ കേന്ദ്രമാക്കിയുള്ള സംഘപരിവാറിന്റെ ദേശീയ മാധ്യമങ്ങളിലൂടേയും സോഷ്യല്‍ മീഡിയയിലൂടേയുമുള്ള പ്രചരണങ്ങളുടെ പശ്ചാത്തലത്തില്‍ അര്‍ണബിന്റേയും ലക്ഷ്യം ഇതുതന്നെയായിരിക്കും. ബി.ജെ.പി ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളെ കരിവാരിത്തേക്കുക ആയിരിക്കും അര്‍ണബിന്റെ ലക്ഷ്യം.