| Monday, 9th November 2020, 11:13 pm

ഇന്ത്യയിലെ കോടതികളില്‍ വിശ്വാസമില്ലെങ്കില്‍ പാകിസ്താനിലേക്ക് പോകു; അര്‍ണബിന്റെ ഡയലോഗ് തിരിച്ചടിച്ച് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ആത്മഹത്യപ്രേരണകേസില്‍അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയതിനു പിന്നാലെ പ്രതിഷേധവുമായെത്തിയ സംഘപരിവാര്‍ സംഘടനകള്‍ക്ക് ട്വിറ്ററിലൂടെ മറുപടി നല്‍കി നിരവധി പേര്‍ രംഗത്തെത്തിയിരിക്കുകയാണ്.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ എതിര്‍ക്കുന്നവര്‍ക്കെതിരെ അര്‍ണബ് സ്ഥിരമായി ഉപയോഗിക്കാറുള്ള ഡയലോഗ് തിരിച്ച് പറഞ്ഞാണ് ചില ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമില്ലെങ്കില്‍ അര്‍ണബിന് പാകിസ്താനിലേക്ക് പോകാം എന്നാണ് ചില ട്വീറ്റുകള്‍. ഹാഷ് ടാഗ് അര്‍ണബ് ഗോ ടു പാകിസ്താന്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി കൊണ്ടിരിക്കുകയാണ്.

തന്റെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരില്‍ തനിക്ക് ഇഷ്ടമില്ലാത്ത പരാമര്‍ശങ്ങള്‍ നടത്തുന്നവരോട് പാകിസ്താനിലേക്ക് പോകാന്‍ നിരവധി തവണ പറഞ്ഞ വ്യക്തിയാണ് അര്‍ണബ്.

ജെ.എന്‍.യു വിദ്യാര്‍ത്ഥികളെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും ഇത്തരത്തില്‍ അര്‍ണബ് പരിഹസിച്ചിട്ടുണ്ട്. ഉത്തരേന്ത്യയില്‍ ഉണ്ടായ വെട്ടുകിളി ആക്രമണത്തെയും പാകിസ്താന്‍ അജണ്ടയാണെന്ന തരത്തില്‍ അര്‍ണബ് ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നു.

നേരത്തെ അര്‍ണബ് ഗോസ്വാമിയ്ക്ക് ഇടക്കാല ജാമ്യമനുവദിക്കില്ലെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അര്‍ണബിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

അര്‍ണബിനെതിരായ കേസ് രജിസ്റ്റര്‍ ചെയ്തത് നിയമ വിരുദ്ധമായിട്ടാണെന്നും കേസില്‍ മജിസ്ട്രേറ്റ് ഇക്കാര്യം വ്യക്തമാക്കിയിരുന്നെന്നുമായിരുന്നു അര്‍ണബിന്റെ അഭിഭാഷകര്‍ വാദിച്ചിരുന്നത്. എന്നാല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത്കൊണ്ട് മഹാരാഷ്ട്ര പൊലീസ് കോടതിയെ സമീപിച്ചതായി ഹൈക്കോടതി സൂചിപ്പിച്ചു.

ജാമ്യം നല്‍കാനുള്ള അസാധാരണ സാഹചര്യം ഇപ്പോഴില്ല എന്നാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കിക്കൊണ്ട് പറഞ്ഞത്. ജാമ്യം തേടാന്‍ മറ്റുവഴികള്‍ തേടാമെന്നും, വേണമെങ്കില്‍ സെഷന്‍സ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.

കഴിഞ്ഞ ദിവസം അര്‍ണബ് ഗോസ്വാമി കസ്റ്റഡിയില്‍ അനധികൃതമായി ഫോണ്‍ ഉപയോഗിക്കുന്നുവെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ പിടിച്ചെടുക്കുകയും അലിബാഗിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍നിന്ന് തലോജ ജയിലിലേക്കു മാറ്റുകയും ചെയ്തിരുന്നു.

കസ്റ്റഡിയിലായവരെ ക്വാറന്റീനില്‍ വയ്ക്കുന്നതിന് അലിബാഗിലെ സ്‌കൂളില്‍ താല്‍ക്കാലികമായി തയാറാക്കിയ കേന്ദ്രത്തിലായിരുന്നു അര്‍ണബ് ഇതുവരെ.

ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാല്‍ തുടര്‍ന്നും സമൂഹമാധ്യമങ്ങളില്‍ സജീവമായതു ശ്രദ്ധയില്‍പ്പെട്ട റായ്ഗഢ് ക്രൈംബ്രാഞ്ചിന്റെ നിര്‍ദേശ പ്രകാരം പൊലീസ് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് രഹസ്യമായി സുഹൃത്തിന്റെ ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.

പ്രതിഫലക്കുടിശ്ശിക ലഭിക്കാത്തതിനെ തുടര്‍ന്ന് ചാനലിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്ത അന്വയ് നായിക്ക് ആത്മഹത്യ ചെയ്ത കേസിലാണ് അര്‍ണബ് അറസ്റ്റിലായത്.

അലിബാഗിലെ ജയിലര്‍ ഉപദ്രവിച്ചെന്നായിരുന്നു തലോജ ജയിലിലേക്കു മാറ്റുന്നതിനിടെ പൊലീസ് വാനില്‍നിന്ന് അര്‍ണബ് വിളിച്ചു പറഞ്ഞത്. തന്റെ ജീവന്‍ അപകടത്തിലാണ്. അഭിഭാഷകനുമായി സംസാരിക്കാന്‍ സമ്മതിക്കുന്നില്ലെന്നും അര്‍ണബ് പൊലീസ് വാഹനത്തില്‍ വെച്ച് ആക്രോശിച്ചിരുന്നു.

അതിനിടെ, അടിസ്ഥാനരഹിതമായ കുറ്റം ചാര്‍ത്തിയാണ് അര്‍ണബിനെ അറസ്റ്റ് ചെയ്തതെന്ന് ഭാര്യ സമ്യബ്രതറായ് ഗോസ്വാമി പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ആത്മഹത്യാ പ്രേരണക്കുറ്റത്തിന് നവംബര്‍ നാലിനാണ് ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് അര്‍ണബിനെയും ഒപ്പം അറസ്റ്റിലായ രണ്ടു പേരെയും നവംബര്‍ 18 വരെ റിമാന്‍ഡ് ചെയ്തത്. തുടര്‍ന്നാണ് ഇവരെ സ്‌കൂളിലെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്കു മാറ്റിയത്. ഇന്ന് വൈകിട്ട് മൂന്നിന് അര്‍ണബിന്റെ ഇടക്കാല ജാമ്യഹരജി ബോംബെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

അതേസമയം, അര്‍ണബ് ഗോസ്വാമിക്ക് വേണ്ടി കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേകര്‍, സ്മൃതി ഇറാനി, അമിത് ഷാ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസും സഖ്യകക്ഷികളും കൂടിച്ചേര്‍ന്ന് ജനാധിപത്യത്തെ നാണംകെടുത്തുന്നുവെന്നാണ് അറസ്റ്റില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്.

അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നാണ് പ്രകാശ് ജാവദേകര്‍ പറഞ്ഞത്. ഇത് അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

അര്‍ണബിനെ പിന്തുണയ്ക്കാത്തവര്‍ ഫാസിസത്തെ പിന്തുണയ്ക്കുന്നവരാണെന്നാണ് അറസ്റ്റില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞത്. ഇതിന് പിന്നാലെയാണ് അര്‍ണബിന്റെ ആരോഗ്യകാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മഹാരാഷ്ട്ര ഗവര്‍ണറും രംഗത്തെത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: #arnabgotopakistan Trending In Twitter

We use cookies to give you the best possible experience. Learn more