| Sunday, 26th April 2020, 3:16 pm

ഇന്ത്യന്‍ മാധ്യമങ്ങളില്‍ അര്‍ണാബ് തനിച്ചല്ല

ഫാറൂഖ്

ഏപ്രില്‍ മാസം ആറാം തീയതി സോണിയ ഗാന്ധി കേന്ദ്ര സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധി നേരിടാനായി അഞ്ചിന നിര്‍ദേശം സമര്‍പ്പിച്ചു. സാധാരണ പ്രതിപക്ഷ പാര്‍ട്ടികള്‍ ചെയ്യുന്ന പോലെയുള്ള എവിടെയും തൊടാത്ത, ആരെയും വെറുപ്പിക്കാത്ത അഞ്ചു നിര്‍ദേശങ്ങള്‍. സാധാരണ ഗതിയില്‍ പിറ്റേന്നത്തെ പത്രത്തില്‍ ഒരു മൂലയില്‍ ഒതുങ്ങേണ്ട വാര്‍ത്ത.

പക്ഷെ പിറ്റേന്ന് മുതല്‍ ചര്‍ച്ചകളുടെയും എഡിറ്റോറിയലുകളുടെയും പൊടിപൂരമായിരുന്നു ഡല്‍ഹി മാധ്യമങ്ങളില്‍, കാരണം ഒരു പ്രത്യേക നിര്‍ദേശം – കേന്ദ്ര സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് കൊടുക്കുന്ന പരസ്യങ്ങള്‍ നിര്‍ത്തണം.

പൊതുവെ എഡിറ്റോറിയലുകളില്‍ അന്തസ്സ് പാലിക്കുന്ന ഇന്ത്യന്‍ എക്‌സ്പ്രസ്സ് ആയിരുന്നു ഏറ്റവും ഭീകരമായ എഡിറ്റോറിയല്‍ എഴുതിയത് – ഇത്തരം ഒരു നിര്‍ദേശം നല്‍കിയതിന് സോണിയ ഗാന്ധിയെയും കോണ്‍ഗ്രസിനെയും അതി രൂക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു ഇന്ത്യന്‍ എക്‌സ്പ്രസ്സ് എഡിറ്റോറിയല്‍. മറ്റു പത്രങ്ങളും ടി.വി ചാനലുകളും ഒട്ടും മോശമാക്കിയില്ല.

വര്‍ഷത്തില്‍ വെറും 1250 കോടിയാണ് കേന്ദ്ര സര്‍ക്കാര്‍ പത്ര പരസ്യങ്ങള്‍ക്കായി ചിലവാക്കുന്നത്, ഒരു ലക്ഷം കോടിയൊക്കെ ഈസിയായി വെട്ടിക്കുന്ന വ്യവസായികളുടെ നാടായത് കൊണ്ടാണ് വെറും 1250 കോടി എന്ന് പറഞ്ഞത്. സോണിയ ഗാന്ധി ഈ തുക ലാഭിക്കണം എന്ന് പറഞ്ഞതിന് പിറകിലുള്ള കാരണം കോണ്‍ഗ്രെസ്സുകാരെ രാപകല്‍ അധിക്ഷേപിക്കുന്നത് ഒരു തൊഴിലാക്കിയ ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ഒരു പണി കൊടുക്കുക എന്നതാവാനേ വഴിയുള്ളൂ.

പിന്നെ നല്ലൊരു ചര്‍ച്ചാവിഷയവും ആണ്, പ്രത്യേകിച്ച് വാട്‌സാപ്പുകാര്‍ക്ക്. കേരളത്തില്‍ വി.എസിന് മാസത്തില്‍ ഒരു ലക്ഷം രൂപ ചെലവ് വരുന്നതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം എന്ന് പ്രതിപക്ഷം പ്രചരിപ്പിക്കുന്നില്ലേ, അത് പോലെ.

മാധ്യമ ഉടമകള്‍ പറയുന്നത്, സാമ്പത്തിക പ്രതിസന്ധി മൂലം സ്വകാര്യ കമ്പനികളില്‍ നിന്ന് കാര്യമായ പരസ്യങ്ങള്‍ ഒന്ന് കിട്ടുന്നില്ല. അത് കോവിഡിന് മുമ്പെയുള്ള സ്ഥിതി, കോവിഡിന് ശേഷം തീരെയില്ല. മാധ്യമ രംഗത്ത് പിരിച്ചു വിടലുകളുടെ അയ്യര് കളിയാണ്.

ഏറ്റവും വലിയ മാധ്യമ ഗ്രൂപ്പായ ടൈംസ് ഓഫ് ഇന്ത്യ അവരുടെ സണ്‍ഡേ മാഗസിന്‍ നിര്‍ത്തി മുഴുവന്‍ ജോലിക്കാരോടും പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്, ന്യൂസ് നേഷന്‍ അവരുടെ 16 എഡിഷനുകള്‍ അടച്ചു പൂട്ടി ജോലിക്കാരോട് പിരിഞ്ഞു പോകാന്‍ പറഞ്ഞു, ഔട്ട്‌ലൂക് മാസിക അവരുടെ പ്രിന്റ് എഡിഷന്‍ നിര്‍ത്തലാക്കി.

എന്‍.ഡി.ടി.വി ഇന്ത്യന്‍ എക്‌സ്പ്രസ്സ്, ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങി എല്ലാവരും 25% മുതല്‍ 50% വരെ ശമ്പളം വെട്ടി കുറച്ചിട്ടുണ്ട്, മറ്റുള്ളവര്‍ക്കും വേറെ വഴിയില്ല. ഈയവസ്ഥയയില്‍ സര്‍ക്കാര്‍ പരസ്യം കൊണ്ട് മാത്രമേ പിടിച്ചു നില്‍ക്കാന്‍ കഴിയൂ എന്നതാണ് മാധ്യമ മുതലാളിമാരുടെ വാദം.

ഇതിനൊരു മറുവശമുണ്ട്. കേന്ദ്രസര്‍ക്കാര്‍ പരസ്യം എല്ലാവര്‍ക്കും ചുമ്മാ കൊടുക്കുന്നതല്ല. പരസ്യം കൊടുക്കുന്നത് ഒരു ആയുധം ആയിട്ടാണ് ഉപയോഗിക്കപ്പെടുന്നത്. ഉദാഹരണം, റാഫേല്‍ ഇടപാടില്‍ ചില വെളിപ്പെടുത്തലുകള്‍ പ്രസിദ്ധീകരിച്ചത്തിനു ശേഷം ദി ഹിന്ദു ദിനപത്രത്തിന് കേന്ദ്ര സര്‍ക്കാര്‍ പരസ്യം കൊടുത്തിട്ടേയില്ല, എന്‍.ഡി.ടി.വി യുടെ സ്ഥിതിയും സമാനം. തങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് കൂടുതല്‍ പരസ്യം, അല്ലാത്തവര്‍ക്ക് പേരിനെന്തെങ്കിലും എന്നതാണ് സര്‍ക്കാര്‍ നയം.

അങ്ങനെയാണെങ്കിലും തരക്കേടില്ലായിരുന്നു, പക്ഷെ സ്ഥിതി അതിലും ഭീകരമാണ്. സര്‍ക്കാരിനെ അനുകൂലിക്കുന്നോ എതിര്‍ക്കുന്നൊ എന്നതിന് പുറമെ, എത്രത്തോളം വര്‍ഗീയത പരത്താന്‍ പറ്റും എന്നതാണ് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരിന്റെ ഗുഡ്-ബുക്കില്‍ കയറി പറ്റാനുള്ള മാധ്യമങ്ങളുടെ പുതിയ മാര്‍ഗം.

അവിടെയാണ് അര്‍ണാബ് ഗോസ്വാമിയെ പോലുള്ളവര്‍ സ്‌കോര്‍ ചെയ്യുന്നത്. മറ്റുള്ളവര്‍ അര്‍ണാബിനെ പോലെയല്ല എന്ന് പുറമെ പറയുമെങ്കിലും എങ്ങനെയെങ്കിലും മറ്റൊരു അര്‍ണാബാവാനുള്ള പ്രയത്നത്തിലാണ്.

പാല്‍ഗറിലെ ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ രണ്ടു സന്യാസിമാരും അവരുടെ ഡ്രൈവറും കൊല്ലപ്പെട്ട അത്യന്തം അപലപിക്കപ്പെടേണ്ട ദാരുണ സംഭവത്തില്‍, പ്രത്യേകിച്ച് ഒരു വര്‍ഗീയതയും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന്, സോണിയ ഗാന്ധിയുടെ ക്രിസ്ത്യന്‍ ഐഡന്റിറ്റിയും, പാല്‍ഗറില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മിഷനറിമാരെയും ഉള്‍പ്പെടുത്തി അര്‍ണാബ് നടത്തിയ പരാമര്‍ശങ്ങളാണ് പുതിയ വിവാദം.

സാധാരണ ഗതിയില്‍ ഹിന്ദു-മുസ്ലിം ശത്രുതയുണ്ടാക്കുന്ന രീതിയില്‍ ഏതു വാര്‍ത്തയും വളച്ചൊടിക്കുന്ന അര്‍ണാബിന് പാല്‍ഗറില്‍ ഒറ്റ മുസ്ലിം പോലും ഇല്ല എന്നത് കൊണ്ടാണ് ക്രിസ്ത്യാനികളുടെ മേല്‍ കുതിര കയറേണ്ടി വന്നത്. അത്യന്തം അധിക്ഷേപകരമായ വാക്കുകളാണ് ക്രിസ്ത്യാനികള്‍ക്കെതിരെ അര്‍ണാബ് പ്രയോഗിച്ചത്.

പക്ഷെ അര്‍ണാബ് ഒറ്റക്കല്ല, കഴിഞ്ഞയാഴ്ച, ഇന്ത്യ ടുഡേ, ആജ്തക് എന്നീ ചാനലുകള്‍ ഒരു ഇന്വെസ്റ്റിഗേറ്റീവ് സ്റ്റോറി വലിയ ആരവങ്ങളോടെ അവതരിപ്പിച്ചു. ഡല്‍ഹിയിലെ ഒരു റെസിഡന്‍ഷ്യല്‍ മദ്രസ്സയില്‍ കുറെ കുട്ടികള്‍ ലോക്ക്‌ഡൌണ്‍ കാലത്തു താമസിക്കുന്നു എന്നതായിരുന്നു കണ്ടെത്തല്‍.

ഇന്ത്യയിലെ മുഴുവന്‍ ഹോസ്റ്റലുകളില്‍ ലക്ഷക്കണക്കിന് കുട്ടികള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന് അറിയാത്തവരല്ല ഇവയുടെ എഡിറ്റര്‍മാര്‍, പ്രൈം ടൈമില്‍ രണ്ടു മണിക്കൂര്‍ മുസ്ലിംകളെ ചീത്ത വിളിച്ചു കേന്ദ്ര സര്‍ക്കാരിനെ പ്രീതിപ്പെടുത്തണം, അത്രയേയുള്ളൂ ഉദ്ദേശം.

കേരളത്തില്‍ പത്തു നാനൂറ് തബ്ലീഗുകാര്‍ സര്‍ക്കാരിനെയും പോലീസിനെയും വെട്ടിച്ചു ഒളിച്ചു നടക്കുന്നു എന്ന ഒരു വ്യാജവാര്‍ത്തയും മേല്‍പറഞ്ഞ ചാനലുകള്‍ ആവേശത്തോടെ പ്രചരിപ്പിച്ചു. സോഷ്യല്‍ മീഡിയയിലൂടെ ആ വാര്‍ത്താ ക്ലിപ്പ് വൈറല്‍ ആകാന്‍ തുടങ്ങിയതോടെ മുഖ്യമന്ത്രി നേരിട്ട് വന്നു ആ വാര്‍ത്ത നിഷേധിക്കേണ്ടി വന്നു.

തബ്ലീഗ് സമ്മേളനത്തിന്റെ പേരില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ നടത്തിയ ഭീകരമായ വര്‍ഗ്ഗീയ പ്രോപഗണ്ട റുവാണ്ടന്‍ റേഡിയോയെ കടത്തി വെട്ടുന്നതാണ് എന്ന രീതിയില്‍ ലോകം മുഴുവന്‍ ഇപ്പോള്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. സമാന രീതിയില്‍ ഹരേ കൃഷ്ണ പ്രസ്ഥാനം ലണ്ടനില്‍ നടത്തിയ ഒരു സമ്മേളനത്തിന്റെ ഭാഗമായി വന്‍തോതില്‍ കൊറോണ പടര്‍ന്ന് പിടിച്ചിട്ടും, ഇംഗ്ലണ്ടില്‍ കൊറോണ മൂലം മരിച്ചവര്‍ ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വംശജരായിരുന്നിട്ടും, ഇംഗ്ലണ്ടിലെ മാധ്യമങ്ങള്‍ അത് വര്‍ഗീയ പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ല.

ആജ്തക്കും ഇന്ത്യടുഡേയും റിപ്പബ്ലിക്കും മാത്രമല്ല, പൊതുവെ മാന്യര്‍ എന്ന് കരുതപ്പെട്ടിരുന്ന ഹിന്ദുസ്ഥാന്‍ ടൈംസ്, ദൈനിക് ജാഗരണ്‍, tv18 തുടങ്ങി എല്ലാവരും ഒരേ റൂട്ടിലാണ്. അംബാനിയുടെ കീഴിലുള്ള എല്ലാ ചാനലുകളിലും പ്രൈം ടൈമില്‍ ഇപ്പോള്‍ റുവാണ്ടന്‍ റേഡിയോ ഫോര്‍മാറ്റിലുള്ള ഒരു പ്രോഗ്രാം എങ്കിലും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഇങ്ങനെ എത്ര കാലം. ഇക്കാണുന്ന അവതാരകരും മാധ്യമ മുതലാളിമാരും എഡിറ്റര്‍മാരുമൊക്കെ വേണമെന്ന് വച്ചിട്ടല്ല ഈ വര്‍ഗീയ പ്രചാരണങ്ങളൊക്കെ നടത്തുന്നത്, നമ്മുടെ നാടന്‍ സാഹിത്യത്തില്‍ പറഞ്ഞാല്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം അവരെ അങ്ങനെയാക്കുന്നതാണ്.

ഒരു അര്‍ണാബിനെ എല്ലാവരും ചേര്‍ന്ന് ട്വിറ്ററിലും ഫേസ്ബുക്കിലും തെറി വിളിക്കുകയും, നാല് പോലീസ് സ്റ്റേഷനുകളില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുകയും ചെയ്താലൊന്നും ഈ പ്രശ്‌നം പരിഹരിക്കപ്പെടില്ല. മാധ്യമ രംഗം കാലത്തിനൊത്തു മാറണം. കുറച്ചു യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കുകയും വേണം.

അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്, ഓണ്‍ലൈനില്‍ അല്ലാതെ കടലാസ്സില്‍ പത്രം വായിക്കുന്നവര്‍ മിക്കവാറും അമ്പതോ അറുപതോ വയസ്സ് കഴിഞ്ഞവരാണ്, അതില്‍ തന്നെ ആണുങ്ങള്‍ മാത്രമാണ് വാര്‍ത്താ ചാനലുകള്‍ കാണുന്നത്.

കുട്ടികള്‍ അല്ലെങ്കില്‍ ടീനേജര്‍സ് എന്നീ ക്യാറ്റഗറികള്‍ ആരും കടലാസു പത്രം വായിക്കുകയോ വാര്‍ത്താ ചാനലുകള്‍ കാണുകയോ ചെയ്യാറില്ല, വാര്‍ത്താ ചാനലുകള്‍ എന്നല്ല ഒരു ചാനലുകളും. നെറ്ഫ്‌ലിക്‌സ്, ആമസോണ്‍ തുടങ്ങിയ സ്ട്രീമിംഗ് സെര്‍വീസുകളിലേക്ക് അവര്‍ മാറി കഴിഞ്ഞു. വാര്‍ത്തകള്‍ വായിക്കുന്നത് ഓണ്‍ലൈനില്‍ മാത്രമാണ്.

ഇതില്‍ പത്രങ്ങളുടെ കാര്യം എടുത്താല്‍, അമ്പതോ അറുപതോ വയസ്സിനു മുകളിലുള്ളവര്‍ക്ക് വേണ്ടി ലോകത്തെങ്ങുമുള്ള ലക്ഷക്കണക്കിന് മരങ്ങള്‍ മുറിച്ചു ന്യൂപ്രിന്റ് ഉണ്ടാക്കി ചെലവ് കൂട്ടുകയും അതിന്റെ കൂടെ ആഗോള താപനത്തിനു ആക്കം കൂട്ടുകയും ചെയ്യുന്ന പരിപാടി നിര്‍ത്തേണ്ട സമയമായി.

കോഡാക്കിന്റെ ഫിലിമില്‍ ഫോട്ടോ എടുത്താലേ നന്നാവൂ എന്നും ഗ്രാമഫോണ്‍ പ്ലെയറില്‍ പാട്ടു കേട്ടാലേ ആസ്വദിക്കാന്‍ കഴിയൂ എന്നുമൊക്കെ വിശ്വസിക്കുന്നവര്‍ നാട്ടിലിപ്പോഴും ഉണ്ട്. അത്ര പ്രാധാന്യമേ കടലാസ് പത്രം വായിക്കണമെന്ന് പറയുന്നവര്‍ക്കും കൊടുക്കേണ്ടതുള്ളൂ, ബാക്കിയുള്ളവര്‍ ഓണ്‍ലൈനില്‍ വായിച്ചോളും.

വാര്‍ത്താ ചാനലുകളുടെ സ്ഥിതിയും വ്യതസ്തമല്ല. 24 മണിക്കൂര്‍ ബ്രോഡ്കാസ്‌റ് ഇനി ആവശ്യമില്ല. റിപോര്‍ട്ടുകള്‍ ക്ലിപ്പുകളാക്കി ഓണ്‍ലൈനില്‍ അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരുന്നാല്‍ മതി. ആവശ്യമുള്ളവര്‍ അവരുടെ സൗകര്യത്തിനനുസരിച്ചു വേണ്ടപ്പോള്‍ കണ്ടോളും.

ഇതൊന്നും പുതിയ സംഗതിയൊന്നുമല്ല, ലോകത്തെങ്ങും നടന്നു വരുന്ന പരിവര്‍ത്തനം തന്നെയാണിത്. ബ്രിട്ടിനിലെ ഏറ്റവും പ്രചാരമുള്ള പത്രങ്ങളിലൊന്നായിരുന്ന ഇന്‍ഡിപെന്‍ഡന്റ് 2016 ല്‍ തന്നെ പ്രിന്റ് എഡിഷന്‍ നിര്‍ത്തി, ഇപ്പോള്‍ ഓണ്‍ലൈന്‍ മാത്രമേ ഉള്ളൂ.

അമേരിക്കയിലെ പ്രമുഖ പത്രങ്ങളായ ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍, ഇസ്രായേലിലെ ഹരെറ്റെസ് തുടങ്ങിയവയൊക്കെ ഓണ്‍ലൈന്‍ സബ്‌സ്‌ക്രിപ്ഷന്‍ മോഡലില്‍ ആക്കി. ന്യൂയോര്‍ക് ടൈംസിന് ഇപ്പോള്‍ തന്നെ പ്രിന്റ് വരിക്കാരെക്കാള്‍ കൂടുതല്‍ ഓണ്‍ലൈന്‍ വരിക്കാരാണ്.

പ്രിന്റ് നഷ്ടത്തിലും ഓണ്‍ലൈന്‍ ലാഭത്തിലും ആയതു കൊണ്ട് ഇപ്പറഞ്ഞ പത്രങ്ങള്‍ മുഴുവന്‍ ഓണ്‍ലൈന്‍ മാത്രമാക്കാനുള്ള പദ്ധതിയിലുമാണ്.

ഓണ്‍ലൈന്‍ സബ്‌സ്‌ക്രിപ്ഷന്‍ മോഡല്‍ പ്രായോഗികമായി നടപ്പാവുമോ എന്ന സംശയം ഇവര്‍ക്കൊക്കെ ഉണ്ടായിരുന്നു, പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍ സൗജന്യമായി വാര്‍ത്തയും വ്യാജവാര്‍ത്തയും ഇഷ്ടം പോലെ ലഭ്യമാകുന്ന സ്ഥിതിക്ക്.

പക്ഷെ ന്യൂയോര്‍ക് ടൈംസിന് ഇപ്പോള്‍ അന്‍പത് ലക്ഷത്തിന് മുകളിലാണ് വരിക്കാര്‍. കടലാസിന്റെയും മഷിയുടെയും വിതരണത്തിന്റെയും ചിലവ് കുറച്ചു സബ്‌സ്‌ക്രിപ്ഷന്‍ മൂലം ലഭിക്കുന്ന പണം ഉപയോഗിച്ച് ഏറ്റവും കഴിവുള്ള റിപോര്‍ട്ടര്‍മാരെയും എഡിറ്റര്‍മാരെയും റിക്രൂട്ട് ചെയ്യുകയാണ് ഈ പത്രങ്ങള്‍ ചെയ്യുന്നത്.

പത്രത്തിന് ക്വാളിറ്റി കൂടുന്നതനുസരിച്ചു വരിക്കാരുടെ എണ്ണവും കൂടുന്നു. കഴിവുള്ള റിപ്പോര്ട്ടര്മാര്‍ക്കും എഡിറ്റര്മാര്‍ക്കും അവസരങ്ങളും ആനുകൂല്യങ്ങളും കൂടി വരികയും ചെയ്യുന്നു .

ലോകത്തില്‍ വരുന്ന മാറ്റങ്ങള്‍ നമ്മെ അറിയിക്കേണ്ടവരാണ് പത്രക്കാര്‍ എന്നാണ് വെപ്പ്. പക്ഷെ മാധ്യമ രംഗത്തു വരുന്ന മാറ്റങ്ങള്‍ അവര്‍ തന്നെ അറിയാത്ത മട്ടാണ്. പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മഹത്തായ ഈ വ്യവസായവും അനേകം പേരുടെ തൊഴിലവസരങ്ങളും സംരക്ഷിക്കേണ്ട മാധ്യമ മുതലാളിമാര്‍ സര്‍ക്കാരിന്റെ നക്കാപിച്ചക്ക് വേണ്ടി അര്‍ണാബ് ഗോസ്വാമിയോട് മത്സരിക്കുന്ന ദയനീയ സ്ഥിതിയാണ് ഇന്ത്യയില്‍ ഇന്ന്.

ഫാറൂഖിന്റെ മറ്റ് ലേഖനങ്ങള്‍ ഇവിടെ വായിക്കാം

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more