| Wednesday, 6th March 2019, 8:05 pm

സുനന്ദാ പുഷ്‌ക്കറിന്റെ മരണം: ശശി തരൂരിന്റെ പരാതിയില്‍ അര്‍ണാബ് ഗോസ്വാമിക്കും റിപ്പബ്ലിക് ടി.വിക്കും എതിരേ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുനന്ദാ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ ചോര്‍ത്തിയെന്ന ശശി തരൂരിന്റെ പരാതിയില്‍ തനിക്കെതിരെ കേസെടുക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള റിപ്പബ്ലിക് ടി.വിയും നല്‍കിയ അപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി.

ശശി തരൂര്‍ എം.പിയുടെ ഹരജിയെ തുടര്‍ന്ന് മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ് ധര്‍മേന്ദര്‍ സിംഗ് ജനുവരി 21ന് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു അര്‍ണാബ് ഗോസ്വാമിയുടെ ആവശ്യം. ഇതാണ് ജസ്റ്റിസ് നജ്മി വാസിരി തള്ളിയത്.


തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. സുനന്ദാ പുഷ്‌ക്കറിന്റെ ആന്തരിക അവയവ പരിശോധന റിപ്പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകള്‍ റിപ്പബ്ലിക് ടി.വി പരസ്യപ്പെടുത്തിയതിന് തരൂരിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അര്‍ണാബിനെതിരെ കേസെടുക്കാന്‍ മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.

ഇത് റദ്ദാക്കണമെന്നായിരുന്നു അര്‍ണാബിന്റേയും റിപ്പബ്ലിക് ടി.വിയുടേയും ആവശ്യം. ഇത് കോടതി തള്ളിയതോടെ ഈ വിഷയത്തില്‍ അര്‍ണാബിനെതിരെ കേസെടുക്കാന്‍ സാഹചര്യമൊരുങ്ങി.

ചാനലിന്റെ വ്യൂവര്‍ഷിപ് വര്‍ധിപ്പിക്കാന്‍ അര്‍ണാബ് തരൂരിന്റെ ഇ-മെയില്‍ ഹാക്ക് ചെയ്ത് രഹസ്യരേഖകള്‍ മോഷ്ടിച്ചെന്നാണ് ദല്‍ഹി പട്യാല ഹൗസ് കോടതിയില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്.


മുതിര്‍ന്ന അഭിഭാഷകനായ വികാസ് പഹ്വയും അഭിഭാഷകനായ ഗൗരവ് ഗുപ്തയുമാണ് ശശി തരൂരിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്.

2014 ജനുവരി 17ാം തിയ്യതി ദല്‍ഹിയിലെ ഒരു ആഡംബര ഹോട്ടലില്‍ സുനന്ദാ പുഷ്‌ക്കരിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സുനന്ദ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നായിരുന്നു പുറത്തുവന്ന വിവരങ്ങള്‍.

We use cookies to give you the best possible experience. Learn more