ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ.പിയേയും ആക്രമിക്കാന്‍ അവസരം കൊടുത്തെന്ന് ആരോപിച്ച് റിപ്പബ്ലിക് ടി.വിയ്‌ക്കെതിരെ സംഘപരിവാര്‍ അനുകൂലികള്‍. ചൊവ്വാഴ്ച രാത്രി റിപ്പബ്ലിക് ടി.വിയില്‍ നടന്ന ചര്‍ച്ചയാണ് സംഘപരിവാര്‍ അനുകൂലികളെ ചൊടിപ്പിച്ചത്.
കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മണി ശങ്കര്‍ അയ്യര്‍ മോദിയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം ഉയര്‍ത്തിക്കാട്ടിയായിരുന്നു റിപ്പബ്ലിക് ടി.വിയിലെ ചര്‍ച്ച മോദി നീചനായ മനുഷ്യനെന്ന് മണി ശങ്കര്‍ അയ്യര്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു.
‘2017ല്‍ അവര്‍ ഇത്തരം പരാമര്‍ശം നടത്തി മാപ്പു പറയാന്‍ നിര്‍ബന്ധിതരായി. നീച് പരാമര്‍ശം ആവര്‍ത്തിച്ച മണിശങ്കര്‍ അയ്യറെ കോണ്‍ഗ്രസ് ഒരിക്കല്‍ കൂടി രംഗത്തിറക്കിയിരിക്കുകയാണ്.’ എന്നു പറഞ്ഞായിരുന്നു അര്‍ണബ് ഗോസ്വാമി ചര്‍ച്ച തുടങ്ങിയത്.
സംവാദത്തില്‍ രാഷ്ട്രീയ നിരീക്ഷകനായ നിഷാന്ത് വര്‍മ്മയുമുണ്ടായിരുന്നു. ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ.പിയേയും പ്രതിരോധിച്ചുകൊണ്ട് സംസാരിച്ച നിഗാത് അബ്ബാസിന് നിശാന്ത് മറുപടി നല്‍കിയിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ അമ്മയായ സോണിയാ ഗാന്ധിയെ അധിക്ഷേപിച്ച് ബി.ജെ.പിയുടെ ഹിമാചല്‍ പ്രദേശ് പ്രസിഡന്റ് സംസാരിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു നിശാന്തിന്റെ വിമര്‍ശം. ഇത്തരം പാര്‍ട്ടികളെ പ്രതിരോധിക്കുന്ന നിങ്ങള്‍ക്ക് ലജ്ജ തോന്നാറില്ലേയെന്നായിരുന്നു നിഗാതിനോട് നിശാന്ത് വര്‍മ്മ ചോദിച്ചത്.
മര്യാദയുടെ എല്ലാ അതിര്‍വരമ്പും ലംഘിച്ച ബി.ജെ.പി അധ്യക്ഷന്‍ സത്യപാര്‍ സിങ് സാത്തിയെ എന്തുകൊണ്ട് പാര്‍ട്ടി പുറത്താക്കിയില്ലെന്നും വര്‍മ്മ ചോദിച്ചിരുന്നു.
മോദിയ്‌ക്കെതിരെ രാഹുല്‍ പ്രയോഗിച്ച ചൗക്കീദാര്‍ ചോര്‍ ഹേ പരാമര്‍ശത്തെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു സാത്തി രാഹുലിന്റെ അമ്മയെ അധിക്ഷേപിച്ചത്. ”രാജ്യത്തിന്റ കാവല്‍ക്കാരന്‍ കള്ളനാണെന്ന് താങ്കള്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ മദര്‍ ഫ***റാണ്’ എന്നായിരുന്നു സാത്തിയുടെ പറഞ്ഞത്. ഈ വാക്കുകളെ കയ്യടിയോടെയായിരുന്നു ബി.ജെ.പി അനുകൂലികള്‍ സ്വീകരിച്ചത്.
ബി.ജെ.പിയ്‌ക്കെതിരായ വര്‍മ്മയുടെ ആക്രമണം അവിടം കൊണ്ടും അവസാനിച്ചില്ല. ‘ മോദി നീചനാണോ അല്ലയോ എന്നാണ് നിങ്ങള്‍ക്ക് അറിയേണ്ടതെങ്കില്‍ അദ്ദേഹം നീചനാണ്. അദ്ദേഹത്തിന്റെ ആളുകളും. ബി.ജെ.പി പ്രവര്‍ത്തകര്‍ സ്ത്രീകളെ അധിക്ഷേപിക്കുകയാണ്. അവരെ ഓണ്‍ലൈനില്‍ വില്‍ക്കുകയാണ്. റേപ്പിസ്റ്റുകള്‍ ബി.ജെ.പി പ്രവര്‍ത്തകരാണ്. നിങ്ങള്‍ അവരെ പിന്തുണയ്ക്കുന്നു. ലജ്ജതോന്നുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ബി.ജെ.പി പ്രവര്‍ത്തകര്‍ സ്ത്രീകളെ ഇന്റര്‍നെറ്റില്‍ വില്‍ക്കുന്നുവെന്ന വര്‍മ്മയുടെ പരാമര്‍ശം പാര്‍ട്ടി അണികളെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് റിപ്പബ്ലിക് ടി.വിയ്‌ക്കെതിരെ അണികള്‍ രംഗത്തുവന്നത്.
‘നിശാന്ത് വര്‍മ്മയെപ്പോലുളള ഗുണ്ടകളെ എന്തിനാണ് അര്‍ണബ് ക്ഷണിച്ചുവരുത്തിയത്. അത് നിങ്ങളുടെ ചാനലിന് മോശമാണ്.’ എന്നാണ് ചൗക്കീദാര്‍ യോഗേഷ് സക്‌സേന ട്വിറററില്‍ കുറിച്ചത്.
‘നിശാന്ത് വര്‍മ്മയെപ്പോലുള്ള *%*& (തെറി) നിങ്ങള്‍ എന്തിനാണ് വിളിച്ചത്. ടി.ആര്‍.പിയ്ക്കുവേണ്ടിയാണെങ്കില്‍ റിപ്പബ്ലിക് ടി.വി മിണ്ടരുത്’ എന്നാണ് കൃഷ്ണ കുമാര്‍ ഗാര്‍ഗ് കുറിക്കുന്നത്.