| Thursday, 23rd April 2020, 9:00 am

'എനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദി സോണിയ ഗാന്ധി'; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമിച്ചെന്ന് അര്‍ണബ് ഗോസ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ആക്രമിച്ചതായി റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോ സ്വാമി. ബുധനാഴ്ച രാത്രി വീട്ടിലേക്ക് തിരികെ വരുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു എന്നാണ് അര്‍ണബ് വീഡിയോ സന്ദേശത്തില്‍ ആരോപിക്കുന്നത്. തന്റെ കൂടെ ഭാര്യ ഉണ്ടായിരുന്നതായും അര്‍ണബ് പറയുന്നുണ്ട്.

ബൈക്കിലെത്തിയ രണ്ട് പേര്‍ തന്റെ കാര്‍ മറികടന്ന് തടഞ്ഞു നിര്‍ത്തുകയും കാറിന്റെ വിന്‍ഡോ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും കുപ്പിയില്‍ നിന്ന് എന്തോ ദ്രാവകം കാറിനു മുകളിലേക്ക് ഒഴിക്കുകയും ചെയ്തുവെന്നും അര്‍ണബ് പറയുന്നുണ്ട്.

തന്നെ അക്രമിക്കാന്‍ എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകാരാണവരെന്നും ഉന്നതലതലങ്ങളില്‍ നിന്നും തന്നെ അക്രമിക്കാനുള്ള നിര്‍ദ്ദേശം അവര്‍ക്ക് ലഭിച്ചിരുന്നുവെന്നും തന്നെ ഒരു പാഠം പഠിപ്പിക്കണമെന്ന് അവര്‍ക്ക് നിര്‍ദ്ദേശമുണ്ടായിരുന്നെന്നും അര്‍ണബ് വീഡിയോവില്‍ പറയുന്നുണ്ട്.

പാല്‍ഘാര്‍ ആള്‍ക്കൂട്ട കൊലപാതവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചക്കിടെ സോണിയാ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം അര്‍ണബ് ഗോസ്വാമി നടത്തിയിരുന്നു. മൗലവിമാരും ക്രിസ്ത്യന്‍ വൈദികന്‍മാരും ഇത്തരത്തില്‍ കൊലചെയ്യപ്പെടുമ്പോള്‍ ഈ രാജ്യം മൗനം തുടരുമോയെന്നും ഇറ്റലിയിലെ അന്റോണിയ മൈനോ(സോണിയാ ഗാന്ധി) അപ്പോഴും നിശബ്ദയായിരിക്കുമോ എന്നാണ് തനിക്ക് അറിയേണ്ടത് എന്നുമായിരുന്നു അര്‍ണബ് ചാനല്‍ ചര്‍ച്ചക്കിടെ ചോദിച്ചത്.

സോണിയ ഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും എതിരെ നടത്തിയ വിവാദ പ്രസ്താവനയില്‍ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ തനിക്കെതിരെ ആക്രമണം നടത്തിയെന്നാരോപിച്ച് അര്‍ണബ് ഗോസ്വാമി രംഗത്തെത്തിയിരിക്കുന്നത്.

തനിക്ക് എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദി സോണിയ ഗാന്ധി ആയിരിക്കുമെന്നും അര്‍ണബ് വീഡിയോവില്‍ പറയുന്നുണ്ട്.

സംഭവത്തിനെതിരെ പരാതികൊടുക്കുമെന്നും ന്യായമുള്ള ചോദ്യങ്ങളാണ് താന്‍ ചോദിക്കുന്നതെന്നും ആരെയും ഭയക്കുന്നില്ലെന്നും അര്‍ണബ് പറയുന്നുണ്ട്.

”സോണിയാ ഗാന്ധി, നിങ്ങള്‍ക്ക് കഴിയുന്നത്ര ഗുണ്ടകളെ നിങ്ങള്‍ ഇറക്കൂ, എന്റെ കാറ് തടയൂ, നിങ്ങള്‍ എന്താണ് ചെയ്യാന്‍ പറ്റുന്നത് അതൊക്കെ ചെയ്യൂ…,” അര്‍ണബ് വീഡിയോവില്‍ പറഞ്ഞു.

ഗുജറാത്തില്‍ ഹിന്ദുക്കളേയും മുസ്‌ലിങ്ങളെയും വേര്‍തിരിക്കുന്നുണ്ടെന്ന് പ്രിയങ്കാ ഗാന്ധി പ്രചരിപ്പിച്ച വ്യാജവാര്‍ത്തയെ താന്‍ പൊളിച്ചടുക്കിയെന്നും അര്‍ണബ് പറയുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more