ന്യൂദല്‍ഹി: റിപ്പബ്ലിക് ടിവിക്കെതിരെ മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. റിപ്പബ്ലിക് ടിവി ഉടമസ്ഥരായ എ.ആര്‍.ജി ഔട്ട്‌ലിയര്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ആണ് എഫ്.ഐ.ആറിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചതെന്നും ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒക്ടോബര്‍ 23നാണ് റിപ്പബ്ലിക് ടിവി അവതാരകര്‍ക്കും എഡിറ്റോറിയല്‍ ടീമിനുമെതിരെ മുംബൈ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗിനെതിരെ പൊതുജനങ്ങള്‍ക്കിടയില്‍ അപ്രീതിയും ജനരോഷവും ഉണ്ടാക്കും വിധം വാര്‍ത്തകള്‍ നല്‍കിയെന്ന് ആരോപിച്ചായിരുന്നു ചാനലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതിലൂടെ മുംബൈ പൊലീസിനെ ബോധപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നും കേസില്‍ പറഞ്ഞിരുന്നു.
ഈ എഫ്.ഐ.ആറിനെതിരെയാണ് റിപ്പബ്ലിക് ടിവി ഹരജി നല്‍കിയത്. നിലവിലെ കേസുകള്‍ സി.ബി.ഐക്ക് കൈമാറാനും റിപ്പബ്ലിക് ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കാനും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. റിപ്പബ്ലിക് ചാനല്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും മഹാരാഷ്ട്ര പൊലീസിനെ വിലക്കണമെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.
റിപ്പബ്ലിക് ചാനലിനെയും മാധ്യമപ്രവര്‍ത്തകരെയും പൊലീസ് വേട്ടയാടിക്കൊണ്ടിരിക്കുയാണെന്ന് ചാനലിന് വേണ്ടി ഹാജരായ അഡ്വ. മിലിന്ദ് സാഠേ കോടതിയെ അറിയിച്ചു.
എന്നാല്‍ ഹരജിയില്‍ ഉന്നിയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിക്കാന്‍ പോലുമാവില്ലെന്ന് കോടതി മറുപടി നല്‍കി. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. ഹരജി പിന്‍വലിക്കണമെന്നും പ്രശ്‌ന പരിഹാരത്തിന് അനുയോജ്യമായ മറ്റു മാര്‍ഗങ്ങള്‍ തേടണമെന്നും ബെഞ്ച് പറഞ്ഞു.
‘ഈ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ കുറച്ച് കൂടുതലാണ്, മിസ്റ്റര്‍ സാഠേ. ഹരജി പിന്‍വലിക്കുന്നതാണ് നല്ലത്.’ ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
നേരത്തെ ആത്മഹത്യ പ്രേരണകുറ്റത്തിന് അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അതിവേഗം പരിഗണിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ചിട്ടവട്ടങ്ങള്‍ മറികടന്നുകൊണ്ട് സുപ്രീം കോടതി നടത്തിയ ഇടപെടല്‍ ഏറെ വിമര്‍ശനം നേരിട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Arnab Goswami’s petition against Mumbai Police FIR rejected by Supreme Court