| Tuesday, 1st November 2016, 6:28 pm

അര്‍നബ് ഗോസ്വാമി ടൈംസ് നൗ എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനം രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടൈംസ് നൗവിന്റെ എഡിറ്റോറിയല്‍ യോഗത്തിലാണ് സ്ഥാപനത്തില്‍നിന്ന് രാജിവെക്കുന്നതായി അര്‍ണബ് അറിയിച്ചത്.


ന്യൂദല്‍ഹി: പ്രശസ്ത ഇന്ത്യന്‍ ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകന്‍ അര്‍നബ് ഗോസ്വാമി ടൈംസ് നൗ എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനം രാജിവെച്ചു.

ടൈംസ് നൗവിന്റെ എഡിറ്റോറിയല്‍ യോഗത്തിലാണ് സ്ഥാപനത്തില്‍നിന്ന് രാജിവെക്കുന്നതായി അര്‍ണബ് അറിയിച്ചത്. സ്വന്തം ഉടമസ്ഥതയില്‍ പുതിയ സംരംഭം തുടങ്ങുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്. രാജിവെച്ചെങ്കിലും ടെലിവിഷനില്‍ തുടരുമെന്ന് അദ്ദേഹം അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ടൈംസ് നൗ, ഇടി നൗ തുടങ്ങിയ ഗ്രൂപ്പുകളുടെ പ്രസിഡന്റുകൂടിയാണ് അര്‍ണബ്. കൊല്‍ക്കത്ത ടെലഗ്രാഫിലാണ് അര്‍ണബ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ഒരു വര്‍ഷത്തിനു ശേഷം 1995ല്‍ എല്‍.ഡി.ടി.വിയിലൂടെയാണ് ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തനത്തിലേക്ക് വരുന്നത്. 2006ല്‍ എഡിറ്റര്‍ ഇന്‍ ചീഫായി ടൈംസ് നൗവിലെത്തി.

തുടര്‍ന്ന് ടൈംസ് നൗ ചാനലിന്റെ ന്യൂസ് അവര്‍ പരിപാടിയും ഫ്രാങ്ക്‌ലി സ്പീക്കിംഗ് എന്ന അഭിമുഖ പരിപാടിയും അര്‍ണബ് ഗോസാമിയെ പ്രശസ്തനാക്കി. അടുത്തകാലത്ത് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അര്‍ണബിന് കേന്ദ്രസര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പാക്കിസ്ഥാനി തീവ്രവാദ ഗ്രൂപ്പിന്റേതായിരുന്നു ഭീഷണി.

ന്യൂസ് അവര്‍ ചര്‍ച്ചകളില്‍ പലപ്പോഴും വൈകാരികമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും ഭരണകൂടത്തിന്റെ നിലപാടുകളാണ് ചോദ്യങ്ങളിലുടെയും എഡിറ്റോറിയല്‍ നിലപാടുകളിലൂടെയും സ്വീകരിക്കുന്നതെന്നുമുള്ള വിമര്‍ശനവും ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു.

We use cookies to give you the best possible experience. Learn more