ന്യൂദല്‍ഹി: മാധ്യമ ധര്‍മ്മത്തെ കുറിച്ച് മുതിര്‍ന്ന പല മാധ്യമ പ്രവര്‍ത്തകരും പറയുന്നത് നാം കേട്ടിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് മൂല്യച്ഛുതി സംഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് ആരോപണമുയരുന്ന ഈ കാലത്ത് മാധ്യമധര്‍മ്മത്തെ കുറിച്ച് വീണ്ടും വീണ്ടും പറയേണ്ടതുമുണ്ട്. എന്നാല്‍ മാധ്യമ ധര്‍മ്മത്തേയും മാധ്യമ പ്രവര്‍ത്തകന്റെ കര്‍ത്തവ്യത്തേയും കുറിച്ച് റിപ്പബ്ലിക് ചാനലിന്റെ മേധാവി അര്‍ണബ് ഗോസ്വാമിയ്ക്ക് പറയാനുള്ളതെന്തായിരിക്കാമെന്ന് ചിന്തിച്ചിട്ടുണ്ടോ?
കഴിഞ്ഞ ദിവസം ദല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനില്‍ നടന്ന ചടങ്ങില്‍ താന്‍ പിന്തുടരുന്ന തത്വങ്ങളേയും മാധ്യമ ധര്‍മ്മത്തേയും കുറിച്ച് അര്‍ണബ് ഗോസ്വാമി വാചാലനായി. മാധ്യമങ്ങളുടെ മുന്നോട്ടുള്ള പാത എന്ന വിഷയത്തിലായിരുന്നു അര്‍ണബിന്റെ പ്രസംഗം. പതിവു പോലെ തന്നെ എതിര്‍ക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ ആക്രോശിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗവും.
“ജേര്‍ണലിസം സ്ഥാപനങ്ങള്‍ സാധാരണയായി എന്ന പരിപാടികളില്‍ സംസാരിക്കാന്‍ ക്ഷണിക്കാറില്ല. കാരണം പൂ നല്‍കി സ്വീകരിച്ചവര്‍ തന്നെ കുറച്ച് കഴിയുമ്പോള്‍ എന്നെ എങ്ങനെ പിടിച്ചു പുറത്താക്കാം എന്നായിരിക്കും ആലോചിക്കുക.” എന്നു പറഞ്ഞു കൊണ്ടായിരുന്നു അര്‍ണബ് തന്റെ പ്രസംഗം ആരംഭിച്ചത്.
താന്‍ ദല്‍ഹി ഉപേക്ഷിച്ചതിന് പിന്നില്‍ അവിടുത്തെ മാധ്യമ പ്രവര്‍ത്തകരോടുമുള്ള വെറുപ്പാണെന്നാണ് അര്‍ണബ് പറയുന്നത്. അവര്‍ എന്നും ഒരേ ചോദ്യങ്ങള്‍ ചോദിക്കുന്നു. ഒരേ വിഷയം ചര്‍ച്ച ചെയ്യുന്നു. ഒരേ നിലപാടു തന്നെ എടുക്കുന്നു. അവര്‍ക്ക് ഭയമാണ്. അര്‍ണബ് പറയുന്നു. ഇതിനൊരു മാറ്റം കൊണ്ടു വരാനാണ് താന്‍ പുതിയ സംരംഭവുമായെത്തിയതെന്നാണ് അര്‍ണബ് പറയുന്നത്.
മാറ്റത്തിനായി താന്‍ അഞ്ച് തത്വങ്ങളാണ് പിന്തുടരുതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ആ തത്വങ്ങളൊക്കെ എത്രമാത്രം സ്വീകാര്യ യോഗ്യമാണെന്ന് ഇത്രയും നാള്‍ അര്‍ണബിന്റെ വാക്ക് ചാതുരി കണ്ടവര്‍ക്ക് വ്യക്തമായി അറിയാന്‍ കഴിയും.
താന്‍ പിന്തുടരുന്ന ഒന്നാമത്തെ തത്വമായി അര്‍ണബ് അവകാശപ്പെടുന്നത് മാധ്യമങ്ങളിലെ ജാനാധിപത്യ വത്കരണമാണ്. രാജ്യത്തെ മുഖ്യധാര മാധ്യമങ്ങളെല്ലാം കോര്‍പ്പറേറ്റുകളുടെ പിടിയിലാണെന്നാണ് അര്‍ണബ് പറയുന്നത്. കോര്‍പ്പറേറ്റുകളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടെ നിയന്ത്രണത്തിലാണ് മിക്ക ചാനലുകളെന്നും എന്നാല്‍ തന്റെ ചാനലായ റിപ്പബ്ലീക് ചാനല്‍ പൂര്‍ണ്ണമായും ജനാധിപത്യമൂല്യങ്ങള്‍ പിന്തുടരുന്നതാണെന്നും മാധ്യമ പ്രവര്‍ത്തനത്തിന്റെ നിയമങ്ങളെയെല്ലാം തങ്ങള്‍ തകര്‍ത്തെന്നും അദ്ദേഹം പറയുന്നു. ഒപ്പം മാധ്യമരംഗത്ത് മറ്റ് ഇടങ്ങളിലും ഇത് സാധ്യമാകണമെന്നും അദ്ദേഹം ആശിക്കുന്നു.
രണ്ടാമത്തെ തത്വമായി അര്‍ണബ് മുന്നോട്ട് വയ്ക്കുന്നത് മാധ്യമങ്ങളുടെ ഫെഡറലൈസേഷനാണ്. ഇന്ത്യന്‍ ന്യൂസ് സിസ്റ്റത്തെ പ്രതിനിധീകരിക്കുന്നത് ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഞ്ച് വലിയ മാധ്യമ സ്ഥാപനങ്ങള്‍ മാത്രമാണെന്നും നൂറിലധികം വരുന്ന മറ്റ് പ്രാദേശിക മാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനും ജനമധ്യത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുന്നില്ലെന്നും അര്‍ണബ് പറയുന്നു. മാധ്യമ രംഗത്ത് ഫെഡറലൈസേഷന്‍ സാധ്യമായില്ലെങ്കില്‍ ഗോരഖ്പൂരിലെ 71 കുട്ടികളുടെ മരണവും ചണ്ഡീഗഡിലെ ആക്രമ വാര്‍ത്തയും ദല്‍ഹിയില്‍ നിന്നുമുള്ള രാഷ്ട്രീയ വാര്‍ത്തയോട് മത്സരിച്ച് തോറ്റു പോകുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ന്യൂ ഇയര്‍ രാവില്‍ ബംഗളൂരുവില്‍ പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ മുലായം-അഖിലേഷ് പോരിന് പിന്നാലെ പായുകയായിരുന്നു. അതിനാല്‍ വാര്‍ത്തയുടെ തലസ്ഥാനം ദല്‍ഹിയില്‍ നിന്നും മാറണമെന്നും ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
അര്‍ണബിന് മറവി സംഭവിച്ചെന്നു തോന്നുന്നു. ഗോരഖ്പൂരില്‍ കുട്ടികള്‍ മരിച്ച് വീണത് രാജ്യത്തെ എല്ലാ മാധ്യമങ്ങളും വാര്‍ത്തയും ചര്‍ച്ചയുമാക്കിയപ്പോള്‍ റിപ്പബ്ലിക് ചാനല്‍ യുദ്ധത്തെ കുറിച്ചായിരുന്നു ചര്‍ച്ച ചെയ്തിരുന്നത്. സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പച്ചത് കാണാനും റിപ്പബ്ലികിന് കഴിഞ്ഞിരുന്നില്ല. ആ ആളാണ് ഇപ്പോള്‍ ഗ്രാമങ്ങളിലേക്ക് ചെല്ലണമെന്ന വിരോധാഭാസം പറയുന്നത്. മറ്റൊരു വസ്തുത, ലോകത്തിലെ എല്ലാ രാജ്യങ്ങളിലും പ്രമുഖ മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നത് രാജ്യത്തിന്റെ തലസ്ഥാനം ആസ്ഥാനമാക്കിയാണ് എന്നതാണ്. അത് മാറ്റിയത് കൊണ്ടുമാത്രം ഫെഡറലാകില്ല.
മൂന്നാമത്തെ തത്വം അര്‍ണബിന്റെ ഇഷ്ട തത്വമാണ്. രാജ്യം, രാജ്യമാണ് ഒന്നാമത് എന്നാണ് അര്‍ണബിന്റെ നിലപാട്. രാജ്യത്തേയും ദേശീതയേയും മുന്നോട്ട് വെയ്ക്കുന്നതില്‍ താന്‍ ഒരു കോമ്പ്രമെയ്‌സിനും തയ്യാറല്ലെന്നും ഏതൊരു മാധ്യമ പ്രവര്‍ത്തകനും തന്നെപ്പോലെ രാജ്യമായിരിക്കണം ഒന്നാമതെന്നും അര്‍ണബ് ചൂണ്ടിക്കാണിക്കുന്നു. മറ്റ് മാധ്യമങ്ങള്‍ ആര്‍മിയ്‌ക്കെതിരായ വാര്‍ത്തകള്‍ നല്‍കുന്നതും ആസാദി പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുന്നതും നാണക്കേടാണെന്നാണ് അര്‍ണബിന്റെ അഭിപ്രായം. കല്ലേറ് തടയാന്‍ മനുഷ്യകവചം തീര്‍ത്ത ആര്‍മിയെ എന്തുകൊണ്ട് പ്രതിരോധിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ലെന്നും അര്‍ണബ് ചോദിക്കുന്നു.
ഇത് അര്‍ണബ് തന്നെയാണ്. കെട്ടുകഥയുണ്ടാക്കുകയും ചില്ലു മേടയിലിരുന്ന് അതാണ് സത്യമെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന അര്‍ണബ്. രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് പറഞ്ഞ് എത്ര കെട്ടുകഥകളാണ് അര്‍ണബ് ഇത്രയും നാള്‍ പടച്ചു വിട്ടത്. എല്ലാം വ്യാജമാണെന്ന് തെളിയിക്കപ്പെട്ടതുമാണ്. സുരക്ഷ ഉറപ്പു വരുത്താന്‍ ഉത്തരവാദിത്വപ്പെട്ടവരായ സൈന്യത്തിന്റെ ആക്രമണങ്ങള്‍ക്കെതിരെ എത്ര തവണ അര്‍ണബ് ശബ്ദമുയര്‍ത്തിയിട്ടുണ്ട്? ചോദ്യങ്ങള്‍ ചോദിക്കുന്നത് രാജ്യദ്രോഹമല്ല, അതൊരു മാധ്യമ പ്രവര്‍ത്തകന്റെ ജോലിയാണെന്ന് അര്‍ണബ് എന്താണ് മനസിലാക്കാത്തത്?
പൊളിറ്റിക്കലി ഇന്‍കറക്ടാവാന്‍ ഭയപ്പെടരുതെന്നതാണ് അര്‍ണബിന്റെ മറ്റൊരു തത്വം. “എവിടെയാണ് നമുക്ക് പൊളിറ്റിക്കല്‍ കറക്ട്‌നസ് ലഭിക്കുന്നത്. 2010 വരെ 63 വര്‍ഷം നമ്മള്‍ പൊളിറ്റിക്കലി കറക്ടായിരുന്നു. എവിടെയാണ് അത് നമ്മളെ കൊണ്ടു ചെന്നെത്തിച്ചത്?. കോമണ്‍വെല്‍ത്ത് ഗെയിംസ്, ടുജീ, അഗസ്റ്റ വെസ്റ്റ്‌ലാന്റ് തുടങ്ങി അഴിമതികളുടെ കൂമ്പാരത്തില്‍. അഴിമതികളുടെ പശ്ചാത്തലത്തില്‍ ദല്‍ഹിയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ പത്രസമ്മേളനം നടത്തിയപ്പോള്‍ ഒരു പ്രമുഖ ചാനലിലെ മാധ്യമ പ്രവര്‍ത്തകന്‍ പോലും അദ്ദേഹത്തോട് അഴിമതിയെ കുറിച്ചോ അദ്ദേഹത്തിന്റെ പങ്കിനെ കുറിച്ചോ ചോദ്യം ഉന്നയിച്ചില്ല. പൊളിറ്റിക്കലി ഇന്‍കറക്ടായ ചോദ്യങ്ങള്‍ ചോദിക്കാന്‍ റിപ്പബ്ലിക് ചാനലിന് ഭയമില്ല”. അര്‍ണബ് വ്യക്തമാക്കുന്നു.
ചോദ്യങ്ങളുടെ കാര്യം പറയുകയാണെങ്കില്‍ അര്‍ണബിനോടും ചോദിക്കാനുണ്ട്. 2016 ല്‍ ടൈംസ് നൗവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ അര്‍ണബ് സമകാലിക വിഷയത്തില്‍ എത്ര ചോദ്യം ചോദിച്ചു? എന്തു കൊണ്ട് മോദിയെ രാജ്യത്തെ പ്രശ്‌നങ്ങളെ കുറിച്ച് ചോദിച്ച് വെള്ളം കുടിപ്പിച്ചില്ല? പൊളിറ്റിക്കല്‍ കറക്ട്‌നസിന്റെ അര്‍ത്ഥം തന്നെ അര്‍ണബ് മറന്നിരിക്കുന്നു.
അവസാനത്തെ തത്വം പഴയ കേസുകളും അഴിമതികളും റീ ഓപ്പണ്‍ ചെയ്യുകയാണ്. ” ബോഫേഴ്‌സ് അഴിമതി വീണ്ടും അന്വേഷിക്കാന്‍ ഞാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പുറത്ത് സ്വതന്ത്ര്യരായി നടക്കുന്ന പല രാഷ്ട്രീയക്കാരും ഇതില്‍ ഭാഗമാണെന്ന് എനിക്കറിയാം. അവരെ പുറത്തു കൊണ്ടുവരും. അതുപോലെയാണ് സുനന്ദാ പുഷ്‌കര്‍ കേസും. കാണാത്ത ഒരുപാട് കഥകള്‍ അതിന് പിന്നിലുണ്ട്. ആ കേസിന് പിന്നിലെ സത്യം പുറത്തു കൊണ്ടുവരാന്‍ റിപ്പബ്ലിക് ചാനല്‍ ശപഥമെടുത്തിരിക്കുകയാണ്.” അര്‍ണബ് പറയുന്നു.
അര്‍ണബ് റീ ഓപ്പണ്‍ ചെയ്യാന്‍ ശ്രമിക്കുന്ന കേസുകളിലൊക്കെ കോണ്‍ഗ്രസ് നേതാക്കളാണ് പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്. ബി.ജെ.പി നേതാക്കള്‍ ഇന്‍വോള്‍ഡ് ആയിട്ടുള്ള എത്ര കേസുകളുണ്ട്. ഗുജറാത്ത് കലാപം, ഹരെന്‍ പാണ്ഡ്യ കൊലപാതകം, ബാബറി മസ്ജിദ്, വ്യാപം അഴിമതി, തുടങ്ങി നിരവധിയുണ്ട്. എന്നാല്‍ അതൊന്നും അര്‍ണബിന് പുറത്ത് കൊണ്ടുവരണ്ട. കേന്ദ്ര സര്‍ക്കാരിനെതിരെ ചോദ്യങ്ങള്‍ ചോദിക്കാനോ ആരോപണമുന്നയിക്കാനോ അര്‍ണബ് തയ്യാറല്ല. അര്‍ണബിനെ പോലൊരു മാധ്യമ പ്രവര്‍ത്തകന്റെ നിശബ്ദതയ്ക്ക് പിന്നിലെ അര്‍ത്ഥം എന്താണെന്ന് ആര്‍ക്കും അറിയാവുന്നതാണ്.