| Saturday, 23rd February 2019, 9:18 am

ഇന്ത്യാ-പാക് ക്രിക്കറ്റിനെ അനുകൂലിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറെ രാജ്യദ്രോഹിയാക്കി അര്‍ണാബ് ഗോസ്വാമി; ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി അതിഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റിനെ അനുകൂലിച്ച ക്രിക്കറ്റ് ഇതിഹാസങ്ങളായ സുനില്‍ ഗവാസ്‌കറേയും സച്ചിന്‍ ടെന്‍ഡുല്‍ക്കറേയും അധിക്ഷേപിച്ച് അര്‍ണബ് ഗോസ്വാമി. റിപ്പബ്ലിക് ടി.വിയില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഷെയിം ഓണ്‍ ആന്റിനാഷണല്‍ എന്ന ഹാഷ്ടാഗിലാണ് സച്ചിനേയും ഗവാസ്‌കറേയും അര്‍ണബ് വിശേഷിപ്പിച്ചത്.

നേരത്തെ വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യ പാകിസ്താനുമായി കളിക്കണമെന്ന് സച്ചിനും ഗവാസ്‌കറും അഭിപ്രായപ്പെട്ടിരുന്നു. ലോകകപ്പില്‍ ഇന്ത്യ എല്ലായ്‌പ്പോഴും പാകിസ്താനെ തോല്‍പ്പിക്കാറുണ്ടെന്നും ഒരിക്കല്‍ കൂടി പരാജയപ്പെടുത്താനുള്ള സമയമാണിതെന്നും സച്ചിന്‍ പറഞ്ഞിരുന്നു.

ALSO READ: ശബരിമല ഹര്‍ത്താല്‍; 990 കേസുകളിലും ബി.ജെ.പി നേതാക്കള്‍ പ്രതികളാകും

ലോകകപ്പ് മത്സരത്തിനിടെ കളി ഉപേക്ഷിച്ച് രണ്ട് പോയന്റ് ഇന്ത്യ പാക്കിസ്താന് നല്‍കുന്നതിനോട് എതിര്‍പ്പുണ്ടെന്നും സച്ചിന്‍ പറഞ്ഞു. അതേസമയം ഇത് തന്റെ മാത്രം അഭിപ്രായമാണെന്നും രാജ്യം ഏത് തീരുമാനം എടുത്താലും പിന്തുണയ്ക്കുമെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറഞ്ഞിരുന്നു. സമാനമായ അഭിപ്രായമായിരുന്നു സുനില്‍ ഗവാസ്‌കറും പങ്കുവെച്ചത്.

എന്നാല്‍ ഇരുവരേയും അധിക്ഷേപിച്ചുകൊണ്ടായിരുന്നു അര്‍ണബിന്റെ വെള്ളിയാഴ്ചത്തെ ചാനല്‍ ചര്‍ച്ച.

“ഞാന്‍ ഒരു ദൈവത്തിലും വിശ്വസിക്കുന്നില്ല. സച്ചിന്‍ 100 ശതമാനവും തെറ്റാണ്. വല്ല ബോധവുമുണ്ടെങ്കില്‍ പാകിസ്താനോട് ഇന്ത്യ ക്രിക്കറ്റ് കളിക്കരുതെന്ന് ആദ്യം പറയേണ്ടിയിരുന്നത് അദ്ദേഹമാണ്. ഗവാസ്‌കറാണ് ഇക്കാര്യം രണ്ടാമത് പറയേണ്ടത്. ഇവര്‍ രണ്ട് പേരും പറയുന്നത് നമുക്ക് രണ്ട് പോയന്റ് വേണമെന്നാണ്. രണ്ട് പേരുടേയും നിലപാട് തെറ്റാണ്. നമുക്ക് രണ്ട് പോയന്റിന്റെ ആവശ്യമില്ല, മറിച്ച് രക്തസാക്ഷികളുടെ ജീവന് പ്രതികാരം ചെയ്യുകയാണ് വേണ്ടത്. സച്ചിന് രണ്ട് പോയന്റുകളുണ്ടാക്കി അത് ഡസ്റ്റ്ബിന്നില്‍ നിക്ഷേപിക്കാം.”

ALSO READ: ഇന്ത്യാ-പാകിസ്താന്‍ ബന്ധം അപകടകരമാം വിധം വഷളായി; ഇന്ത്യ തിരിച്ചടിക്കുമെന്ന സൂചന നല്‍കി ട്രംപ്

ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്നവരും ഇന്ത്യാവിരുദ്ധരുമായ രണ്ട് കൂട്ടരാണ് നിലവില്‍ രാജ്യത്തുള്ളവരെന്നും അര്‍ണബ് പറഞ്ഞു.

അതേസമയം അര്‍ണബിന്റെ വാദങ്ങളോട് യോജിക്കാനാകില്ലെന്നും ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോകുകയാണെന്നും സുധീന്ദ്ര കുല്‍ക്കര്‍ണി പറഞ്ഞു.

“നിങ്ങള്‍ സച്ചിനെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നു. ഗവാസ്‌കറെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നു. നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു.”- ചര്‍ച്ച ബഹിഷ്‌കരിക്കവേ കുല്‍ക്കര്‍ണി പറഞ്ഞു. ആം ആദ്മി നേതാവ് അശുതോഷും അര്‍ണബിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ചര്‍ച്ച ബഹിഷ്‌കരിച്ചു.

ALSO READ: ആരാണ് മോദിയുടെ നെഞ്ചളവ് എടുത്തത്?: പുല്‍വാമ ആക്രമണത്തോടുള്ള മോദിയുടെ സമീപനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ദിഗ്‌വിജയ് സിങ്ങ്

“നിങ്ങളുടെ ബോസ് പുല്‍വാമ ആക്രമണ സമയത്ത് ഡോക്യുമെന്ററി ഷൂട്ടിങ്ങിലായിരുന്നു. അതിനെ എന്തുകൊണ്ട് ചോദ്യംചെയ്യുന്നില്ല”-അശുതോഷ് ചോദിച്ചു.

രണ്ട് അതിഥികളും പ്രതിഷേധം കനപ്പിച്ചതോടെ അര്‍ണബ് നിലപാട് മയപ്പെടുത്തുകയായിരുന്നു. സച്ചിനെ രാജ്യദ്രോഹിയെന്ന് വിളിച്ചിട്ടില്ലെന്നും അവരായിരുന്നു പാകിസ്താനെതിരെ കളിക്കരുതെന്ന് ആദ്യം ആവശ്യപ്പെടേണ്ടിയിരുന്നതെന്നാണ് ഉദ്ദേശിച്ചതെന്നും അര്‍ണബ് പറഞ്ഞു.

നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍താരങ്ങളായ സൗരവ് ഗാംഗുലിയും മുഹമ്മദ് അസ്ഹറുദ്ദീനും ഹര്‍ഭജന്‍സിംഗും അടക്കമുള്ളവര്‍ ലോകകപ്പില്‍ നിന്ന് പാകിസ്താനെ പുറത്താക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

ALSO READ: ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ പ്രതിഷേധം; ശിവസേന നേതാവും അണികളും രാജിവെച്ചു

ജൂണ്‍ 16ന് മാഞ്ചസ്റ്ററിലാണ് ഇന്ത്യാ-പാകിസ്താന്‍ മത്സരം നടക്കേണ്ടത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more