'രാജ്യത്തിന് അറിയണം' (Nation Wants to Know) എന്ന ശൈലി ഇനി ഉപയോഗിക്കരുത്; അര്‍ണാബ് ഗോസ്വാമിയ്ക്ക് വക്കീല്‍ നോട്ടീസ്
India
'രാജ്യത്തിന് അറിയണം' (Nation Wants to Know) എന്ന ശൈലി ഇനി ഉപയോഗിക്കരുത്; അര്‍ണാബ് ഗോസ്വാമിയ്ക്ക് വക്കീല്‍ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th April 2017, 9:38 pm

ന്യൂദല്‍ഹി: തന്റെ പുതിയ സംരംഭമായ “റിപ്പബ്ലിക്ക് വേള്‍ഡ്” പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പ് പ്രമുഖ ടെലിവിഷന്‍ അവതാരകനായ അര്‍ണാബ് ഗോസ്വാമിയ്ക്ക് വക്കീല്‍ നോട്ടീസ്. “രാജ്യത്തിന് അറിയണം” (Nation Wants to Know) എന്ന അര്‍ണാബിന്റെ തനത് ശൈലി ഇനി ഉപയോഗിക്കരുതെന്നും ഉപയോഗിച്ചാല്‍ ജയിലില്‍ പോകേണ്ടി വരുമെന്നുമാണ് നോട്ടീസില്‍ പറയുന്നതെന്ന് “ദി ന്യൂസ് മിനുറ്റ്” റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു പ്രമുഖ മാധ്യമ സ്ഥാപനമാണ് തനിക്ക് ആറ് പേജുള്ള നോട്ടീസ് അയച്ചിരിക്കുന്നതെന്ന് അര്‍ണാബ് പറഞ്ഞു. “രാജ്യത്തിന് അറിയണം” എന്ന ശൈലി തങ്ങളുടേതാണ് എന്നാണ് മാധ്യമസ്ഥാപനം പറയുന്നതെന്നും അര്‍ണാബ് കൂട്ടിച്ചേര്‍ത്തു. യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത മൂന്ന് മിനുറ്റ് ദൈര്‍ഘ്യമുള്ള ശബ്ദ സന്ദേശത്തിലാണ് അര്‍ണാബ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.


Don”t Miss: ‘നാട്ടില്‍ നടക്കുന്ന എല്ലാ സംഭവങ്ങളിലും അഭിപ്രായം പറയാന്‍ താരങ്ങള്‍ ബാധ്യസ്ഥരല്ല’; കുല്‍ഭുഷന്റെ വധശിക്ഷയെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകയോട് പൊട്ടിത്തെറിച്ച് ബോളിവുഡ് താരം സുശാന്ത് സിംഗ്, വീഡിയോ


കഴിഞ്ഞ കുറച്ച് മാസങ്ങളായി തനിക്കെതിരായ എല്ലാ വൃത്തികെട്ട നീക്കങ്ങളും നടക്കുന്നുണ്ടെന്ന് അര്‍ണാബ് പറയുന്നു. തന്റെ ഒപ്പമുള്ളവരെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ഉപദ്രവിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“രാജ്യത്തിന് അറിയണം എന്ന ശൈലി എന്റേതാണ്, നിങ്ങളുടേതാണ്, ഈ രാജ്യത്തെ എല്ലാ പൗരന്‍മാരുടേതുമാണ്. ഈ മാധ്യമസ്ഥാപനത്തിന്റെ ജയിലിലടയ്ക്കുമെന്ന ഭീഷണിയ്ക്ക് വഴങ്ങി ഞാന്‍ ഈ ശൈലി ഉപയോഗിക്കുന്നത് നിര്‍ത്തണോ എന്ന് ഞാന്‍ ഇന്ത്യയിലെ ജനങ്ങളോട് ചോദിക്കുകയാണ്.” -അര്‍ണാബ് പറയുന്നു.

ടൈംസ് നൗ ചാനലിലെ ന്യൂസ് അവര്‍ ഡിബേറ്റിലൂടെയാണ് അര്‍ണാബ് ഗോസ്വാമി പ്രശസ്തനാകുന്നത്. തീ പിടിച്ച ചര്‍ച്ചകളില്‍ അര്‍ണാബ് സ്ഥിരമായി ഉപയോഗിച്ചിരുന്ന ശൈലിയായിരുന്നു Nation Wants to Know എന്നത്. അതുകൊണ്ട് തന്നെ ടൈംസ് നൗ തന്നെയാണ് അര്‍ണാബിന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത് എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ടൈംസ് നൗവിലെ വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

വീഡിയോ കാണാം: