ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസുകാരെ അട്ടകളെന്ന് വിളിച്ചു, അര്‍ണബ് ഗോസ്വാമിയുടെ ചര്‍ച്ചയില്‍ നിന്നും രണ്ടുപേര്‍ ഇറങ്ങിപ്പോയി
India
ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസുകാരെ അട്ടകളെന്ന് വിളിച്ചു, അര്‍ണബ് ഗോസ്വാമിയുടെ ചര്‍ച്ചയില്‍ നിന്നും രണ്ടുപേര്‍ ഇറങ്ങിപ്പോയി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th July 2019, 10:49 am

ന്യൂദല്‍ഹി: കര്‍ണാടക രാഷ്ട്രീയത്തിലെ പ്രതിസന്ധിയുമായുള്ള ചര്‍ച്ചയ്ക്കിടെ അതിഥികളെ അവഹേളിക്കുന്ന റിപ്പബ്ലിക് ചാനല്‍ മേധാവിയുടെ സമീപനത്തില്‍ പ്രതിഷേധിച്ച് രണ്ടുപേര്‍ ഇറങ്ങിപ്പോയി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗാര്‍ഗ ചാറ്റര്‍ജിയും കശ്മീരില്‍ നിന്നുള്ള അതിഥിയുമാണ് ഇറങ്ങിപ്പോയി.

കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാക്കളെ കാപട്യക്കാരെന്നാണ് ഗോസ്വാമി ചര്‍ച്ചയില്‍ വിശേഷിപ്പിച്ചത്. ‘കോണ്‍ഗ്രസ് അട്ടകളേ ഞാന്‍ പറയുന്നത് കേള്‍ക്കൂ, ഞാന്‍ നിങ്ങളോട് ഒരുകാര്യം ചോദിക്കട്ടെ, ഈഗിള്‍ടണ്‍ റിസോര്‍ട്ടിന്റെ കാര്യം മറന്നോ. ബി.ജെ.പി നിങ്ങളുടെ എം.എല്‍.എമാരെ സ്വാധീനിക്കുന്നുവെന്നാണല്ലോ നിങ്ങള്‍ പറഞ്ഞത്. എന്തായിരുന്നു ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ നടന്നത്, വിസ്‌കിയും മദ്യക്കുപ്പിയും നിങ്ങള്‍ ഓരോരുത്തര്‍ക്കും നല്‍കുകയായിരുന്നില്ലേ. ലജ്ജ തോന്നുന്നു’ എന്നാണ് അര്‍ണബ് പറഞ്ഞത്.

2018 മെയില്‍ കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ച കാര്യം ചൂണ്ടിക്കാട്ടി അര്‍ണബ് തുടര്‍ന്നു, ‘ നിങ്ങള്‍ ചെയ്യുമ്പോള്‍ അത് പ്രശ്‌നമില്ല, പക്ഷേ അവര്‍ ചെയ്യുമ്പോള്‍, അത് കുറ്റകൃത്യമാകുന്നു. നിങ്ങള്‍ കാപട്യക്കാരാണ്.’

അര്‍ണബിനെ വ്യക്തിപരമായി അവഹേളിച്ചതിനു പിന്നാലെയാണ് തൃണമൂല്‍ നേതാവ് ചര്‍ച്ചയില്‍ നിന്നും പുറത്തുപോയത്. കോമാളിയെന്ന് യാതൊരു പ്രകോപനവുമില്ലാതെ അര്‍ണബ് ഗാര്‍ഗ ചാറ്റര്‍ജിയെ വിളിച്ചതാണ് അദ്ദേഹത്തെ രോഷാകുലനാക്കിയത്. തുടര്‍ന്ന് അര്‍ണബിന്റെ പിതാവിനെ ചാറ്റര്‍ജി അവഹേളിക്കുകയായിരുന്നു. ഇതോടെ ചാറ്റര്‍ജിയോട് അര്‍ണബ് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു.