'നാണമില്ലേ അര്‍ണബിന്റെ അറസ്റ്റിനെ വിമര്‍ശിക്കാന്‍; നിരപരാധികളായ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയപ്പോള്‍ നിങ്ങള്‍ക്ക് പൊള്ളിയില്ലേ'; ബി.ജെ.പിയുടെ ഇരട്ടത്താപ്പിനെതിരെ കോണ്‍ഗ്രസ്
India
'നാണമില്ലേ അര്‍ണബിന്റെ അറസ്റ്റിനെ വിമര്‍ശിക്കാന്‍; നിരപരാധികളായ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയപ്പോള്‍ നിങ്ങള്‍ക്ക് പൊള്ളിയില്ലേ'; ബി.ജെ.പിയുടെ ഇരട്ടത്താപ്പിനെതിരെ കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th November 2020, 4:39 pm

മുംബൈ: റിപ്പബ്ലിക്ക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റിനെ അപലപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ രംഗത്തെത്തിയതിന് പിന്നാലെ ബി.ജെ.പിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി കോണ്‍ഗ്രസ്.

മാധ്യമ സ്വാതന്ത്ര്യത്തിനെതിരെ ഇപ്പോള്‍ വാചാലരാകുന്ന ബി.ജെ.പിയുടെ ഈ നിലപാട് ലജ്ജാകരമാണെന്നും പക്ഷപാതിത്വപരമായ രോഷപ്രകടനമാണ് ഇതെന്നുമായിരുന്നു കോണ്‍ഗ്രസ് പ്രതികരിച്ചത്.

റിപ്പബ്ലിക് ടിവി എഡിറ്ററിനെതിരായ കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും കോണ്‍ഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനെറ്റ് പ്രതികരിച്ചു.

അര്‍ണബിനെ ന്യായീകരിച്ച ബി.ജെ.പിയുടെ നടപടി തങ്ങളെ ഞെട്ടിച്ചുകളഞ്ഞെന്നും ബി.ജെ.പിയുടെ ഈ പക്ഷപാതപരമായ രോഷപ്രകടനം ലജ്ജാകരമാണെന്നുമായിരുന്നു സുപ്രിയ ശ്രീനേറ്റ് പ്രതികരിച്ചത്.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ബി.ജെ.പി സര്‍ക്കാര്‍ കൈക്കൊണ്ട പ്രതികാര നടപടികള്‍ എണ്ണിയെണ്ണിപ്പറഞ്ഞായിരുന്നു ഇവര്‍ ബി.ജെ.പിയുടെ ഈ വിഷയത്തിലെ ഇരട്ടത്താപ്പ് തുറന്നു കാട്ടിയത്.

‘യു.പിയിലെ മിര്‍സാപൂരില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി നല്‍കുന്നത് ഉപ്പും ചപ്പാത്തിയുമാണെന്നും ഭക്ഷ്യവകുപ്പില്‍ നടക്കുന്നത് വലിയ അഴിമതിയാണെന്നുമുള്ള വാര്‍ത്ത ഒരു മാധ്യമപ്രവര്‍ത്തകന്‍ പുറത്തുകൊണ്ടുവന്നു. സര്‍ക്കാരിന്റെ ഗുരുതര അഴിമതി പുറത്തുകൊണ്ടു വന്ന പ്രശാന്ത് കനോജിയ എന്ന ആ മാധ്യമപ്രവര്‍ത്തകനെ മാസങ്ങളോളം സര്‍ക്കാരും യു.പി പൊലീസും ചേര്‍ന്ന് ജയിലിടച്ചു. അന്ന് എന്തുകൊണ്ടാണ് ഇക്കൂട്ടര്‍ മൗനം പാലിച്ചത്?

ലോക്ക്ഡൗണ്‍ കാലത്ത് മോദിയുടെ സ്വന്തം മണ്ഡലമായ വാരണാസിയിലെ ഗ്രാമം പട്ടിണിയിലാണെന്ന റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്ന സ്‌ക്രാളിലെ മാധ്യമപ്രവര്‍ത്തകയായ സുപ്രിയ ശര്‍മയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുമ്പോള്‍ ഇവര്‍ എവിടെയായിരുന്നു. അന്ന് ബി.ജെ.പി നിശബ്ദത പാലിച്ചത് എന്തുകൊണ്ടാണ്?

ഉത്തര്‍പ്രദേശിലെ പി.പി.ഇ കിറ്റ് കുംഭകോണം തുറന്നുകാട്ടിയ ഒരു റിപ്പോര്‍ട്ടര്‍ ജയിലിലടയ്ക്കപ്പെടുകയും അഴിമതിക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ആ മാധ്യമപ്രവര്‍ത്തകനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ജയിലിലടക്കുകയും ചെയ്തപ്പോഴും ഇവര്‍ വാ തുറക്കുന്നത് കേട്ടില്ലല്ലോ?

ഇപ്പോള്‍ ഇവര്‍ അര്‍ണബിന്റെ അറസ്റ്റിനെതിരെ മുറവിളി കൂട്ടുന്നു. അങ്ങേയറ്റം അപമാനമാണ് ഇത്. ലജ്ജാകരമാണ്, ഇങ്ങനെ പറയുന്നതില്‍ അവര്‍ സ്വയം ലജ്ജിക്കണം.

രണ്ട് പതിറ്റാണ്ടായി പത്രപ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ് താന്‍. പത്രപ്രവര്‍ത്തകര്‍ക്ക് തന്നെ അപമാനമാണ് അര്‍ണബ് ഗോസ്വാമിയെന്ന വ്യക്തി. അദ്ദേഹത്തെ ഒരു മാധ്യമപ്രവര്‍ത്തകനായി കണക്കാക്കുന്നത് തന്നെ ലജ്ജാകരമാണ്.

മാധ്യമപ്രവര്‍ത്തകനെന്ന പേരില്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹം ചെയ്യുന്നത് ബി.ജെ.പി വേണ്ടിയുള്ള പണികളല്ലേ. ആളുകളെ കുറ്റപ്പെടുത്തുക, അധിക്ഷേപിക്കുക, ഏതെങ്കിലും തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുക, തോന്നുന്ന ഭാഷയില്‍ എന്തെങ്കിലും വിളിച്ചു പറയുക. അദ്ദേഹം വിധികര്‍ത്താവാണോ അതോ ജൂറിയോ?

മാധ്യമപ്രവര്‍ത്തകനെന്ന കുപ്പായമണിഞ്ഞ് ടിവി ചാനലില്‍ വന്നിരുന്ന് അദ്ദേഹം എന്തുതരം പത്രപ്രവര്‍ത്തനമാണ് നടത്തുന്നത്.? സുപ്രിയ ചോദിച്ചു.

തങ്ങളുടെ ചൊല്‍പ്പടിക്ക് വഴങ്ങാത്ത മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും നിയന്ത്രിക്കുന്നവരാണ് ബി.ജെ.പിയെന്നും മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് ഏറ്റവും അവസാനം മാത്രം സംസാരിച്ച ഒരു പാര്‍ട്ടിയായിരിക്കും ബി.ജെ.പിയെന്നും സുപ്രിയ പരിഹസിച്ചു.

‘കോണ്‍ഗ്രസ് എവിടെയാണെങ്കിലും അത് സഖ്യ സര്‍ക്കാരാണെങ്കിലും അല്ലെങ്കിലും ഒരു നിരപരാധി പോലും കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴില്‍ ശിക്ഷിക്കപ്പെടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകും. സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കോണ്‍ഗ്രസ് എന്നും വിശ്വസം അര്‍പ്പിച്ചിട്ടുണ്ട്. അവരുടെ സ്വാതന്ത്ര്യത്തെയോ സ്വയംഭരണത്തെയോ ഒരിക്കലും കോണ്‍ഗ്രസ് ചോദ്യം ചെയ്തിട്ടില്ലെന്നും സുപ്രിയ ശ്രീനെറ്റ് പറഞ്ഞു.

അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റിനെതിരെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയും ബി.ജെ.പിയുടെ കേന്ദ്രമന്ത്രിമാരും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസും സഖ്യകക്ഷികളും കൂടിച്ചേര്‍ന്ന് ജനാധിപത്യത്തെ നാണംകെടുത്തുന്നുവെന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

അര്‍ണബ് ഗോസ്വാമിയ്ക്കെതിരെ സംസ്ഥാന ഭരണകൂടം അധികാര ദുര്‍വിനിയോഗം ചെയ്യുകയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിന്റെ നാലാമത്തെ തൂണായ മാധ്യമങ്ങള്‍ക്കു നേരെയുള്ള കടന്നാക്രമണമാണിത്. ഇത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യത്തെ സൂചിപ്പിക്കുന്നു. സ്വതന്ത്രമാധ്യമങ്ങള്‍ക്ക് നേരെയുള്ള ഈ ആക്രമണം എതിര്‍ക്കപ്പെടണം’- എന്നായിരുന്നു അമിത് ഷാ ട്വീറ്റ് ചെയ്തത്.

നേരത്തെ അര്‍ണബിന്റെ അറസ്റ്റിനെ അപലപിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേകറും രംഗത്തെത്തിയിരുന്നു. അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് പറഞ്ഞ മന്ത്രി, ഇത് അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്നായിരുന്നു പറഞ്ഞത്. ആത്മഹത്യ പ്രേരണ കേസിലാണ് മുംബൈ പൊലീസ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാവിലെ 8 മണിയോടെ കേസില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അര്‍ണാബ് നിസഹകരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

2018ല്‍ ഒരു ഇന്റീരിയര്‍ ഡിസൈനറായ വ്യക്തിയും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അര്‍ണാബ് ഗോസ്വാമിയ്ക്കെതിരെ കേസെടുത്തിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോള്‍ അര്‍ണാബിനെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം.

53കാരനായ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും 2018ല്‍ ആത്മഹത്യ ചെയ്തിരുന്നു. കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എം.ഡിയായിരുന്നു അന്‍വായ് നായിക്. അദ്ദേഹവും അമ്മയും അലിഭാഗിലെ ഫാം ഹൗസില്‍ മെയ് 2018ലാണ് ആത്മഹത്യ ചെയ്തത്.

അര്‍ണബ് ഗോസ്വാമിയും ഫിറോസ് ഷെയ്ഖ്, നിതീഷ് സാര്‍ധ എന്നിവരും ചേര്‍ന്ന് തന്റെ കയ്യില്‍ നിന്ന് 5.4 കോടി രൂപ വാങ്ങിയിരുന്നുവെന്ന് അന്‍വായ് നായിക് ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു.

സ്റ്റുഡിയോ ഡിസൈന്‍ ചെയ്ത വകയില്‍ അര്‍ണാബ് ഗോസ്വാമി നല്‍കാനുള്ള 83 ലക്ഷം രൂപ അന്‍വായ് നായികിന് നല്‍കാനുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പണമെല്ലാം കൊടുത്തു തീര്‍ത്തെന്നാണ് റിപ്പബ്ലിക്ക് ടി.വി പിന്നീട് പ്രതികരിച്ചത്.

സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ആണ് അന്വേഷണം പ്രഖ്യാപിച്ചത്. അലിഭാഗ് പൊലീസ് സംഭവത്തില്‍ വേണ്ട അന്വേഷണം നടത്തിയില്ലെന്ന് അന്‍വായ് നായികിന്റെ ഭാര്യ അദന്യ നായിക് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

അതേസമയം അര്‍ണബിനെതിരെ സോണിയ ഗാന്ധിയ്ക്കും അതിഥി തൊഴിലാളികള്‍ക്കുമെതിരായ വിദ്വേഷ പരാമര്‍ശം നടത്തിയതിന്റെ കേസും ടി.ആര്‍.പി തട്ടിപ്പ് കേസും നിലവില്‍ ഉണ്ട്

റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ റേറ്റിങില്‍ കൃത്രിമത്വം കാണിച്ചെന്ന മുംബൈ പൊലീസിന്റെ കണ്ടെത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു. ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന ബാര്‍ക്ക് മീറ്റര്‍ സ്ഥാപിച്ചിട്ടുള്ള വീടുകളില്‍ ചെന്ന് റിപ്പബ്ലിക് ടി.വി കാണാന്‍ പണം വാഗ്ദാനം ചെയ്തെന്നാണ് മുംബൈ പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. റിപ്പബ്ലിക് ടി.വി കാണാന്‍ വേണ്ടി ആളുകള്‍ക്ക് മാസം 400 രൂപ വീതം വാഗ്ദാനം ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Arnab Goswami Arrest: Congress Shreds BJP Over “Selective Outrage”