| Friday, 6th November 2020, 1:09 pm

അര്‍ണബിന്റെ അറസ്റ്റില്‍ ബി.ജെ.പിക്ക് പൊള്ളുന്നത് എന്തുകൊണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അര്‍ണബിന്റെ അറസ്റ്റ് മാധ്യമ പ്രവര്‍ത്തനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നുകയറ്റമാണ്.
ഇത് അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നതാണ്.

അര്‍ണാബ് ഗോസ്വാമിയ്ക്കെതിരെ സംസ്ഥാന ഭരണകൂടം അധികാര ദുര്‍വിനിയോഗം നടത്തുകയാണ്.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ക്കും നേരെയുള്ള കടന്നാക്രമണമാണിത്. . സ്വതന്ത്രമാധ്യമങ്ങള്‍ക്ക് നേരെയുള്ള ഈ ആക്രമണം എതിര്‍ക്കപ്പെടണം

2020 നവംബര്‍ നാലിന് മുംബൈ പൊലീസ് റിപ്പബ്ലിക്ക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ ഇന്റിരീയര്‍ ഡിസൈനര്‍ അന്‍വയ് നായികും അമ്മ കുമുദ് നായിക്കും ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റുചെയ്തതിനു പിന്നാലെ, കേന്ദ്രസര്‍ക്കാരിന്റെ ഉന്നതസ്ഥാനത്തിരിക്കുന്നവരില്‍ നിന്നും ഉയര്‍ന്ന വിമര്‍ശനങ്ങളാണിത്.

അ ധികാരത്തിലേറിയതിന് ശേഷം നിരവധി മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത, അവരെ വെടിവെച്ച് കൊല്ലപ്പെട്ടപ്പോള്‍ ശബ്ദിക്കാതിരുന്ന അതേ സര്‍ക്കാരാണ് ഇപ്പോള്‍ അര്‍ണബ് ഗോസ്വാമിക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നത്.

ഒന്നു മിണ്ടിയാല്‍ രാജ്യ ദ്രോഹകുറ്റം ചുമത്തുന്ന സര്‍ക്കരാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ഇപ്പോള്‍ മുറവിളി ഉയര്‍ത്തുന്നത്. ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള ചാനലിന്റെ എഡിറ്റര്‍ സാമ്പത്തിക കുറ്റകൃത്യത്തിന് അറസ്റ്റിലായപ്പോള്‍ അയാള്‍ക്കു വേണ്ടി മറയില്ലാതെ രംഗത്തുവരുന്നത്.

കാരണം മറ്റൊന്നല്ല നാസി ജര്‍മ്മനിയിലെ ഗീബല്‍സിനു തുല്യമാണ് സംഘപരിവാറിന് അര്‍ണബ് ഗോസ്വാമി. അയാള്‍ ഭരണകൂടത്തിനായി ശബ്ദമുയര്‍ത്തുന്ന പ്രൊപ്പഗാന്‍ഡിസ്റ്റാണ്, മാധ്യമപ്രവര്‍ത്തകനല്ല. അധികാരം കയ്യാളുന്ന മോദിക്കും അമിത്ഷായ്ക്കും അത് നിലനിര്‍ത്താന്‍ ഹിറ്റ്‌ലറിന്  ജോസഫ് ഗീബല്‍സനെ ആവശ്യമായതു പോലെ സര്‍ക്കാരിന്റെ  ശബ്ദം മാത്രമുയര്‍ത്തുന്ന അര്‍ണബ് ഗോസ്വാമിമാരെ ആവശ്യമാണ്.

ജര്‍മ്മനിയില്‍ ഏകാധിപത്യം സ്ഥാപിച്ചതിന് ശേഷം ഹിറ്റ്‌ലര്‍ ജര്‍മ്മന്‍ ജനതയുടെ വിശ്വാസം പിടിച്ചു പറ്റാന്‍ വലിയ രീതിയിലുള്ള പ്രൊപ്പഗാന്‍ഡ ക്യാമ്പയിനുകള്‍ക്കാണ് അന്ന് നേതൃത്വം നല്‍കിയത്. ജോസഫ് ഗീബല്‍സ് എന്ന  പ്രൊപ്പഗാന്‍ഡ മന്ത്രിക്കു കീഴില്‍ ജര്‍മ്മനിയിലെ എല്ലാ  മാധ്യമങ്ങളെയും ഹിറ്റ്‌ലര്‍ കൈപ്പിടിയിലാക്കി.

ജോസഫ് ഗീബല്‍സണ്‍ എന്ന ഹിറ്റ്‌ലറുടെ വിശ്വസ്തന്റെ കീഴിലായിരുന്നു അന്ന് ജര്‍മ്മനിയിലെ മാധ്യമങ്ങളെല്ലാം, അതില്‍ പത്രം,  റേഡിയോ, തിയേറ്റര്‍, സിനിമ, സാഹിത്യം, സംഗീതം, അങ്ങിനെയെല്ലാം ഉള്‍പ്പെട്ടിരുന്നു. ഒപ്പേറ ഹൗസ് ഓഫ് ബെര്‍ലിനില്‍ ജര്‍മ്മന്‍ വിരുദ്ധ പുസ്തകങ്ങള്‍ കത്തിച്ചിരുന്നു ഗീബല്‍സ്.(1933 മെയ്). ഇന്ത്യയിലും ഭരണകൂട വിരുദ്ധ വാര്‍ത്തകള്‍ ഇല്ലതാക്കാന്‍ അര്‍ണബ് ഗോസ്വാമിമാരെ സര്‍ക്കാരിന് ആവശ്യമാണ്. ഇക്കാലയളവില്‍ അര്‍ണബ് ഗോസ്വാമി രാജ്യേദ്രോഹികളാക്കിയത് ആരെയെല്ലാമാണ്. ഇന്ത്യയിലെ മോദി സര്‍ക്കാരിനെതിരെ ശബ്ദിച്ചവരെല്ലാം അര്‍ണബിന് രാജ്യദ്രോഹികളായിരുന്നു കുറ്റവാളികളായിരുന്നു.

ഉമര്‍ ഖാലദ്
കന്നയ്യ കുമാര്‍
ശശി തരൂര്‍
ഷെഹ് ല റാഷി്ദ
രോഹിത് വിമുല

അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന അര്‍ണബിന്റെ ചാനലില്‍ നിന്ന് ശബ്ദിക്കാന്‍ അവസരമില്ലാതെ ഇറങ്ങിപ്പേയവരെത്രയാണ്. അര്‍ണബിന്റെ മോദി സ്തുതിയില്‍ മുങ്ങിപ്പോയ ശബ്ദങ്ങളെത്രയാണ്.

അര്‍ണബിന്റെ അറസ്റ്റില്‍ സ്റ്റാന്‍ഡ് വിത്ത് അര്‍ണബ് ക്യാമ്പയിനുകള്‍ പുരോഗമിക്കുമ്പോള്‍ ജനാധിപത്യത്തെ ശ്വാസം മുട്ടിച്ച് ഇല്ലാതാക്കിയ ഒരു സര്‍ക്കാരാണ് അടിയന്തിരാവസ്ഥ എന്നും പറഞ്ഞ് നിലവിളിക്കുന്നതെന്ന പ്രശാന്ത് ഭൂഷണന്റെ വാക്കുകള്‍  തന്നെയാണ് തെളിഞ്ഞു നില്‍ക്കുന്നതും. ഹാഷ് ടാഗ് ക്യാമ്പയിനുകള്‍കൊണ്ട് മറ തീര്‍ക്കാന്‍ ശ്രമിച്ചാലും അര്‍ണബ് ഇന്ത്യന്‍ ജനാധിപത്യത്തോടും മാധ്യമപ്രവര്‍ത്തനത്തിനോടും ചെയ്യുന്നത് ചരിത്രം മറക്കില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസ് ഡെസ്‌ക്