ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കിസ് ബാനുവിനെ ക്രൂരമായി കൂട്ടബലാത്സംഗത്തിനികരയാക്കിയ സംഭവത്തില്‍ ബി.ജെ.പി സര്‍ക്കാരിനെ വിമര്‍ശിച്ച് അര്‍ണബ് ഗോസ്വാമി. ഏറെ നാളുകള്‍ക്ക് ശേഷമാണ് അര്‍ണബ് ഗോസ്വാമി ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ബില്‍ക്കിസ് ബാനുവിന് നീതി ഉറപ്പാക്കണമെന്നും അര്‍ണബ് പറയുന്നുണ്ട്.
അര്‍ണബിന്റെ ചാനലായ റിപബ്ലിക് ടി.വിയിലെ ന്യൂസ് അവര്‍ ചര്‍ച്ചക്ക് മുന്നോടിയായാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വമ്പന്‍ വരവേല്‍പ് നല്‍കി സ്വീകരിക്കുന്ന നാടായി നമ്മുടെ രാജ്യം മാറിയത് ആശങ്കപ്പെടേണ്ടതാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ ഗതിയില്‍ ബി.ജെ.പിയോടൊപ്പം നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്നറിയപ്പെടുന്ന അര്‍ണബിന്റെ പുതിയ നിലപാട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുകയാണ്.
‘ഗുജറാത്തില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മാത്രം കണ്ണുനട്ടിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ മൗനം എന്നെ ഭയപ്പെടുത്തുകയാണ്. ബില്‍ക്കിസ് ബാനുവിനെ പീഡിപ്പിച്ചവരെ വാഴ്ത്തുകയും മധുരം നല്‍കുകയും ചെയ്യുകയാണ്. കൊലപാതകവും ബലാത്സംഗവും ആഘോഷിക്കാനുള്ള കാരണങ്ങളായി മാറി. ബി.ജെ.പി എം.എല്‍.എയും മന്ത്രിയുമായ ജയന്ത് സിന്‍ഹ ജാര്‍ഖണ്ഡില്‍ കുറച്ചുനാള്‍ മുമ്പ് ചെയ്ത പ്രവര്‍ത്തിയെ ഓര്‍മിപ്പിക്കുന്ന കാര്യമാണിത്.
ആള്‍ക്കൂട്ട കൊലപാതകികളേയും ബലാത്സംഗ വീരന്മാരേയും പുകഴ്ത്തുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ബില്‍ക്കിസിന്റെ മൂന്ന് വയസായ കുഞ്ഞിനെവരെ കൊന്നവരാണിത്. ഇവരുടെ മോചനത്തിനുള്ള സമ്മത പത്രത്തില്‍ ഒപ്പിട്ടത് ഒരു ബി.ജെ.പി എം.എല്‍.എയാണ്. ഈ രാജ്യത്തിന് ഇതെന്തുപറ്റി. ഇതുകണ്ട് നമുക്ക് ഒരിക്കലും മിണ്ടാതിരിക്കാനാവില്ല’ -അര്‍ണബ് പറഞ്ഞു.
അര്‍ബണിന്റെ വിഡിയോക്ക് താഴെ നിരവധി കമന്റുകളാണ് ലഭിക്കുന്നത്.
സ്വതന്ത്ര പത്രപ്രവര്‍ത്തകനാണെന്ന് നടിക്കാനാണ് പുതിയ നീക്കമെന്നാണ് പലരുടേയും ആരോപണം. ചേതന്‍ ഭഗതിനെപോലെ മോദിയെ ഒഴിവാക്കി ബി.ജെ.പി വിമര്‍ശനം നടത്തി നിക്ഷ്പക്ഷത നടിക്കാനാണ് അര്‍ണബിന്റെ നീക്കമെന്നും സമൂഹമാധ്യമങ്ങളില്‍ ചില്‍ കുറിക്കുന്നു.
Content Highlight: Arnab Goswami against bjp order to release bilkis bano case accused