ടി.ആര്‍.പിയിലെ കള്ളക്കളി; തലയൂരാനാവാതെ അര്‍ണാബ്; ഉടന്‍ ചോദ്യം ചെയ്യും
national news
ടി.ആര്‍.പിയിലെ കള്ളക്കളി; തലയൂരാനാവാതെ അര്‍ണാബ്; ഉടന്‍ ചോദ്യം ചെയ്യും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th October 2020, 7:51 pm

മുംബൈ: ടി.ആര്‍.പി റേറ്റിംഗില്‍ റിപബ്ലിക് ടി.വി കൃത്രിമത്വം കാണിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ചാനലിന്റെ എം.ഡിയും എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണാബ് ഗോ സ്വാമിക്കെതിരെയുള്ള കുരുക്കുകള്‍ മുറുകുന്നു.
ഉടന്‍ തന്നെ അര്‍ണബിനെ ചോദ്യം ചെയ്യുമെന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബിര്‍ സിംഗ് അറിയിച്ചു.

സംഭവത്തില്‍ കമ്മീഷര്‍ക്കെതിരെ ആരോപണങ്ങളുയര്‍ത്തി വിഷയത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് അര്‍ണാബ് നടത്തിക്കൊണ്ടിരിക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കമ്മീഷണറുടെ നടപടികള്‍ ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് പരം ബിര്‍ സിംഗ് തീര്‍ക്കുന്നതെന്നാണ് അര്‍ണാബ് പറയുന്നത്.

അതേസമയം, ടി.ആര്‍.പി റേറ്റിംഗ് വിവരങ്ങള്‍ നല്‍കുന്ന ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സിലില്‍ (ബാര്‍കോഡ്) രഹസ്യമായി ഇടപെട്ട് വിവരങ്ങളില്‍ കൃത്രിമത്വം കാണിച്ചെന്നാണ് പൊലീസ് പറയുന്നത്.

ടി.ആര്‍.പി റേറ്റിംഗ് അളക്കുന്ന രണ്ടായിരത്തിലധികം ബാരോമീറ്ററുകള്‍ മുംബൈയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവ ഇന്‍സ്റ്റാള്‍ ചെയ്ത സ്ഥലങ്ങള്‍ രഹസ്യമാണ്. എന്നാല്‍ ഈ ബാരോമീറ്റര്‍ സ്ഥാപിക്കാന്‍ നിയോഗിക്കപ്പെട്ട മുന്‍ ജീവനക്കാര്‍ അതിനെ സ്വാധീനിക്കുന്നതായി പൊലീസ് കണ്ടെത്തി.

റിപബ്ലിക് ടി.വി ബോക്സ് സിനിമ, ഫക്ത് മറാത്തി എന്നീ ചാനലുകള്‍ ടി.ആര്‍.പി റാക്കറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബിര്‍ സിംഗ് മാധ്യമങ്ങളോട് വ്യക്തമാക്കി.

നിലവില്‍ ഫക്ത് ഭാരതിന്റെയും ബോക്സ് സിനിമയുടെയും ഉടമസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു. റിപബ്ലിക് ചാനല്‍ അധികൃതര്‍ക്ക് മുംബൈ പൊലീസ് സമന്‍സ് അയച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Arnab Go swami, will be questioned by mumbai police on Republic TV TRP fraud