ന്യൂദല്‍ഹി: റിപബ്ലിക് ടിവിയുടെ അംഗത്വം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍.
റേറ്റിങ്ങില്‍ കൃത്രിമം നടത്തിയതുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസില്‍ വിധി വരുംവരെ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന്‍ (ഐ.ബി.എഫ്.) റിപബ്ലിക് ടി.വി.യുടെ അംഗത്വം റദ്ദാക്കണമെന്നാണ് എന്‍.ബി.എ. ആവശ്യപ്പെട്ടത്. കേസില്‍ കോടതിയുടെ തീര്‍പ്പുവരുംവരെ റിപബ്ലിക് ടിവിയുടെ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്‍ (ഐ.ബി.എഫ്) അംഗത്വം ഉടനടി റദ്ദ് ചെയ്യണമെന്നും ബാര്‍ക് റേറ്റിങ് സംവിധാനത്തില്‍നിന്നും റിപബ്ലിക് ടി.വിയെ ഒഴിവാക്കണമെന്നും എന്‍.ബി.എ ആവശ്യപ്പെട്ടു.
റേറ്റിങ്ങില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരെ എന്ത് ശിക്ഷാനടപടിയെടുക്കുമെന്നും ഇപ്പോഴത്തെ കേസില്‍ എന്തു നടപടിയുണ്ടാകുമെന്നും വ്യക്തമാക്കണമെന്ന് എന്‍.ബി.എ ബാര്‍ക്കിനോട് ആവശ്യപ്പെട്ടു. ഈ വിവരങ്ങള്‍ പങ്കുവെക്കുംവരെ വാര്‍ത്താ ചാനലുകളുടെ റേറ്റിങ് കണക്കാക്കുന്നത് നിര്‍ത്തിവെക്കണമെന്നും എന്‍.ബി.എ. ആവശ്യപ്പെട്ടു.
ഓഡിറ്റ് നടന്നപ്പോഴുള്ള റേറ്റിങ്ങിന്റെ കാര്യത്തില്‍ ബാര്‍ക് വ്യക്തമായ പ്രസ്താവനയിറക്കണമെന്നും റിപബ്ലിക് ടി.വിയുടെ വിവരങ്ങള്‍ ഒഴിവാക്കി എല്ലാ വാര്‍ത്താ ചാനലുകളുടെയും തുടക്കംമുതലുള്ള റാങ്കിങ് വീണ്ടും ഇറക്കണമെന്നും എന്‍.ബി.എ ആവശ്യപ്പെട്ടു. റേറ്റിങ് നടപടികള്‍ സുതാര്യമാക്കാന്‍ ബാര്‍ക് നടപടി സ്വീകരിക്കണമെന്നും എന്‍.ബി.എ അറിയിച്ചു.
2019 മാര്‍ച്ച് 25 ന് പാര്‍ഥോ ദാസ് ഗുപ്ത രഹസ്യ സ്വഭാവമുള്ള ബാര്‍കിന്റെ കത്ത് അര്‍ണബിന് അയച്ച ശേഷം നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് പുറത്തുവന്നിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ളവര്‍ ഇത് പങ്കുവെച്ചിട്ടുണ്ട്.
വാട്സ് ആപ്പ് ചാറ്റില്‍ താന്‍ എന്‍.ബി.എ തടസ്സപ്പെടുത്തിയിട്ടുണ്ടെന്നും ഇന്ത്യ ടിവിയിലെ രജത് ശര്‍മ തന്നെ പിന്തുടരുന്നുണ്ടെന്നും പ്രധാനമന്ത്രി വഴി രക്ഷിക്കണമെന്നും പാര്‍ഥോ വാട്സ് ആപ്പ് ചാറ്റില്‍ പറയുന്നതായി കാണാം. താന്‍ അയച്ച കത്ത് സമയം കിട്ടുമ്പോള്‍ വായിക്കണമെന്നും അര്‍ണബിനോട് പാര്‍ഥോ പറയുന്നുണ്ട്.
ഇതിന് മറുപടിയായി പ്രധാനമന്ത്രിയുടെ സഹായം ഉറപ്പാക്കാമെന്ന് അര്‍ണബ് ഉറപ്പ് നല്‍കുന്നുമുണ്ട്. താന്‍ വ്യാഴാഴ്ച പ്രധാനമന്ത്രിയെ കണ്ടേക്കുമെന്നും പറയുന്നു.
ട്രായിയോടും രജത് ശര്‍മയോടും തങ്ങളുടെ കാര്യത്തില്‍ ഇടപെടരുതെന്ന് പറയണമെന്നും താന്‍ ബി.ജെ.പിയേയും
വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രാലയത്തേയും പല അവസരങ്ങളിലും സഹായിച്ചിട്ടുണ്ടെന്നും ബാര്‍ക് സി.ഇ.ഒ പറയുന്നു.
ടി.ആര്‍.പി റേറ്റിംഗില്‍ റിപബ്ലിക് ടി.വി കൃത്രിമത്വം കാണിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ടി.ആര്‍.പി റേറ്റിംഗ് വിവരങ്ങള്‍ നല്‍കുന്ന ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സിലില്‍ (ബാര്‍കോഡ്) രഹസ്യമായി ഇടപെട്ട് വിവരങ്ങളില്‍ കൃത്രിമത്വം കാണിച്ചെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
ടി.ആര്‍.പി റേറ്റിംഗ് അളക്കുന്ന രണ്ടായിരത്തിലധികം ബാരോമീറ്ററുകള്‍ മുംബൈയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവ ഇന്‍സ്റ്റാള്‍ ചെയ്ത സ്ഥലങ്ങള്‍ രഹസ്യമാണ്. എന്നാല്‍ ഈ ബാരോമീറ്റര്‍ സ്ഥാപിക്കാന്‍ നിയോഗിക്കപ്പെട്ട മുന്‍ ജീവനക്കാര്‍ അതിനെ സ്വാധീനിക്കുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.
റിപബ്ലിക് ടി.വി ബോക്‌സ് സിനിമ, ഫക്ത് മറാത്തി എന്നീ ചാനലുകള്‍ ടി.ആര്‍.പി റാക്കറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബിര്‍ സിംഗ് നേരത്തെ പറഞ്ഞിരുന്നു.
ടി.ആര്‍.പി. തട്ടിപ്പുകേസില്‍ പാര്‍ഥോ ദാസ് ഗുപ്തയുള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരേ മുംബൈ പൊലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക