| Thursday, 13th March 2014, 12:07 am

മാവോവാദി ആക്രമണം: തിരിച്ചടിക്കുമെന്ന് ഷിന്‍ഡെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]റായ്പൂര്‍: ഛത്തീസ്ഗഢിലെ ദണ്ഡെവാഡാ ജില്ലയില്‍ മാവോവാദി അക്രമണത്തില്‍ ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മാവോവാദികള്‍ക്കെതിരെ സേന തിരിച്ചടിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ.

അവര്‍ (മാവോവാദികള്‍) എവിടെയാണെന്ന് ഞങ്ങള്‍ക്കറിയാമെന്നും ഞങ്ങള്‍ പ്രതികാരം തീര്‍ക്കുമെന്നും ഛത്തിസ്ഗഢിലെ സുക്മ ജില്ലയില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനത്തെിയ അദ്ദേഹം പറഞ്ഞു.

“സംഭവം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിക്കും. ആക്രമണത്തെക്കുറിച്ച് ഇന്റലിജന്‍സിന് വ്യക്തമായ വിവരം ലഭിച്ചിരുന്നില്ല. പൊതുതിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താനുള്ള ശ്രമമാണിത്. ആവശ്യമായ സേനയെ ഛത്തിസ്ഗഢിന് നല്‍കും. മാവോവാദി പ്രസ്ഥാനം ദുര്‍ബലമായെന്നാണ് റിപ്പോര്‍ട്ടുകള്‍” ഷിന്‍ഡെ പറഞ്ഞു.

സുരക്ഷാ ക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തി തമിഴ്‌നാട്, കേരളം, കര്‍ണാടക എന്നിവിടങ്ങളില്‍ സേനയെ വിന്യസിക്കുമെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആക്രമണം നടത്തിയ മാവോവാദികളെ കണ്ടത്തൊനുള്ള സംയുക്ത നീക്കം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ഇന്നലെ രാവിലെ പത്തരയ്ക്കാണ് സി.ആര്‍.പി.എഫ് ക്യാമ്പിനു നേരെ മാവോവാദി ആക്രമണമുണ്ടായത്. 2010 ഏപ്രിലില്‍ മാവോവാദി ആക്രമണത്തില്‍ 76 പോലീസുകാര്‍ കൊല്ലപ്പെട്ട സ്ഥലത്തു തന്നെയാണ് ഇന്നത്തെ ആക്രമണവും നടന്നിരിക്കുന്നത്.

ആക്രമണം നടക്കുമ്പോള്‍ 30 സിആര്‍പിഎഫ് ജവാന്മാരുള്‍പ്പടെ 44 പേര്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more