| Monday, 9th September 2019, 11:06 pm

'സൈനികര്‍ക്കിടയില്‍ ആശങ്കയും മാനസിക സമ്മര്‍ദ്ദവുമുണ്ടാക്കുന്നു'; വിവാഹേതര ലൈംഗിക ബന്ധം കുറ്റകൃത്യമല്ലാതാക്കിയ സുപ്രീം കോടതി വിധിക്കെതിരെ ഇന്ത്യന്‍ സൈന്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിവാഹേതര ലൈംഗിക ബന്ധം കുറ്റകൃത്യമല്ലാതാക്കിയ സുപ്രീം കോടതി വിധിക്കെതിരെ ഇന്ത്യന്‍ സൈന്യം. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇത് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയവുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അധികം വൈകാതെ അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചേക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സുപ്രീം കോടതി വിധി സൈന്യത്തില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. സഹപ്രവര്‍ത്തകരുടെ ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് സൈന്യത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ കുറ്റകൃത്യമാണ്. വിവാഹേതര ലൈംഗിക ബന്ധം കുറ്റമാണെന്ന 497ാം വകുപ്പ് റദ്ദാക്കിയതിലൂടെ സൈന്യത്തിന്റെ ചട്ടത്തിന് നിലനില്‍പ്പുണ്ടാകില്ല.

ഇത് സൈനികര്‍ക്കിടയില്‍ ആശങ്കയും മാനസിക സമ്മര്‍ദ്ദവുമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. മാസങ്ങളോളം ഭാര്യയുമായി അകന്നുകഴിയേണ്ട സാഹചര്യം സൈനികര്‍ക്കുണ്ടാകും. ഇത്തരം സാഹചര്യങ്ങളില്‍ സൈനികര്‍ക്ക് ആശ്വാസമായിരുന്ന നിയമമാണ് ഇല്ലാതായതെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറയുന്നു.

2018ലാണ് വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് സുപ്രീം കോടതി വിധിച്ചത്. 497ാം വകുപ്പ് ഏകപക്ഷീയമെന്നായിരുന്നു സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചിലെ രണ്ട് ജഡ്ജിമാരുടെ വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖന്‍വില്‍ക്കര്‍ എന്നിവരുടേതാണ് വിധി. 497ാം വകുപ്പ് റദ്ദാക്കണമെന്നും ഇവര്‍ നിലപാടെടുത്തു.

വിവാഹേതര ലൈംഗിക ബന്ധം വിവാഹമോചനത്തിന് കാരണമായി തുടരാം. എന്നാല്‍ ക്രിമിനല്‍ കുറ്റം അല്ലെന്ന് ബെഞ്ചിലെ രണ്ട് ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. ഭൂരിഭാഗം വിദേശ രാജ്യങ്ങളും ഇത് റദ്ദാക്കിയിട്ടുണ്ടെന്നും രണ്ട് ജഡ്ജിമാര്‍ വ്യക്തമാക്കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലിംഗവിവേചനം ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിച്ച കോടതി സ്ത്രീയ്ക്കും പുരുഷനും തുല്യ അധികാരമാണെന്നും വ്യക്തമാക്കി. പുരുഷനും സമൂഹം ആവശ്യപ്പെടുന്നത് പോലെ പ്രവര്‍ത്തിക്കണമെന്ന് സ്ത്രീകളോട് പറയാന്‍ ആകില്ല. സ്ത്രീകളുടെ ആത്മാഭിമാനം സുപ്രധാനമാണ്. ഭര്‍ത്താവ് സ്ത്രീയുടെ യജമാനനല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more