| Monday, 6th December 2021, 8:46 am

നാഗാലാന്‍ഡിലെ സൈനിക വെടിവെപ്പ്: കൊലപാതകം ലക്ഷ്യമിട്ടെന്ന് പൊലീസ്; പാരാ സ്പെഷ്യല്‍ ഫോഴ്സ് ആര്‍മി ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഹിമ: നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് കൊലപാതക കേസ് ഫയല്‍ ചെയ്തു. 21 പാരാ സ്പെഷ്യല്‍ ഫോഴ്സ് ഓഫ് ആര്‍മി ഉദ്യോഗസ്ഥരെ കേസില്‍ പ്രതിചേര്‍ത്തതായാണ് റിപ്പോര്‍ട്ട്.

കൊലപാതകം ലക്ഷ്യമിട്ടാണ് സുരക്ഷാ സേന ആക്രമണം നടത്തിയതെന്ന് എഫ്.ഐ.ആറില്‍ പൊലീസ് പറയുന്നു. എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് എത്തിയവരാണെന്ന് തെറ്റിദ്ധരിച്ചാണ് സുരക്ഷാ സേന വെടിവെച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

സംഭവത്തില്‍ നാഗാലാന്‍ഡ് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മോന്‍ ജില്ലയിലെ തിരു ഗ്രാമത്തിലാണ് സംഭവം. ഖനിയിലെ ജോലി കഴിഞ്ഞ് ട്രക്കില്‍ വീടുകളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചത്. തീവ്രവാദ വിരുദ്ധ സേനാംഗങ്ങളാണ് വെടിയുതിര്‍ത്തത്.

നാഗാലാന്‍ഡിലെ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മരിച്ച ഗ്രാമീണരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. അതേസമയം, കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.

സ്വന്തം മണ്ണില്‍ പൗരന്മാരും സുരക്ഷാ ഉദ്യോഗസ്ഥരും സുരക്ഷിതരല്ലെന്നും ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത് എന്നതിന് ഉത്തരം വേണമെന്നുമാണ് രാഹുല്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Army Unit Named In Nagaland Op Deaths, “Intention To Murder”, Allege Cops

We use cookies to give you the best possible experience. Learn more