| Friday, 23rd December 2022, 5:22 pm

ചൈന അതിർത്തിയില്‍ ആര്‍മി ട്രക്ക് മറിഞ്ഞ് 16 സൈനികര്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സിക്കിമില്‍ ആര്‍മി ട്രക്ക് അപകടത്തില്‍പെട്ട് 16 സൈനികര്‍ മരിച്ചു. നോര്‍ത്ത് സിക്കിമിലെ സേമയില്‍ ആണ് അപകടം നടന്നത്. മൂന്ന് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരും 13 സൈനികരുമാണ് മരിച്ചത്.

താങ്ങുവിലേക്ക് പോവുകയായിരുന്ന മൂന്ന് ട്രക്കുകളില്‍ ഒന്നാണ് മലഞ്ചെരുവിലേക്ക് മറിഞ്ഞത്. നാല് സൈനികരെ ഹെലികോപ്ടറില്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമാണ്.

ഉത്തര സിക്കിമിലെ സേമ മേഖലയിലാണ് രാവിലെ അപകടമുണ്ടായത്. അപകടത്തിന്റെ ആഘാതത്തില്‍ ട്രക്ക് പൂര്‍ണമായും തകര്‍ന്നു. വാഹനത്തിന്റെ പല ഭാഗങ്ങളും ചിന്നിച്ചിതറിയ നിലയിലാണെന്ന് സൈന്യം പുറത്തുവിട്ട ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്.

സംഭവത്തില്‍ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും അതീവ ദുഖം രേഖപ്പെടുത്തി. മരണപ്പെട്ട ധീര സൈനികരുടെ സേവനത്തിന് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

സംഭവം സ്ഥിരീകരിച്ച് സൈന്യം ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തുവിടുകയായിരുന്നു. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന നോര്‍ത്ത് സിക്കിം മേഖലയിലെ സെമ എന്ന സ്ഥലത്താണ് അപകടമുണ്ടായതെന്നാണ് സൈന്യം അറിയിച്ചത്.

ഉത്തര സിക്കിമിലെ ചാറ്റെനില്‍ നിന്നും താങ്ങുവിലേക്ക് പോവുകയായിരുന്ന മൂന്ന് സൈനിക ട്രക്കുകളില്‍ ഒന്നാണ് അപകടത്തില്‍പെട്ടത്. രാവിലെ എട്ട് മണിക്കായിരുന്നു സംഭവം. സേമ മേഖലയിലെ മലമുകളില് വളവ് തിരിയുന്നതിനിടെ ട്രക്ക് തെന്നി മലയിടുക്കിലേക്ക് മറിയുകയായിരുന്നു.

സംഭവം നടന്നയുടെനെ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം തുടങ്ങിയെന്നും പരിക്കേറ്റ നാല് പേരെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നും സൈന്യം അറിയിച്ചു.

Content Highlight: Army truck overturns in Sikkim, 16 soldiers killed

We use cookies to give you the best possible experience. Learn more