മാലിദ്വീപ്: മാലദ്വീപില്‍ പ്രസിഡന്റ് അബ്ദുള്ള യാമീനും സുപ്രീംകോടതിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായതിനിടെ ഇന്നലെ പാര്‍ലമെന്റ് മന്ദിരം വളഞ്ഞ സുരക്ഷാസേന രണ്ട് പ്രതിപക്ഷ എം.പിമാരെ അറസ്റ്റ് ചെയ്തു. കോടതി വിധി നടപ്പാക്കാന്‍ തയ്യാറാകാത്ത പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാന്‍ കോടതി ഉത്തരവിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സൈനികനടപടി.
കോടതി ഉത്തരവിനെ തുടര്‍ന്ന് പാര്‍ലമെന്റ് അംഗത്വം തിരിച്ചുകിട്ടിയ പ്രതിപക്ഷാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ലമെന്റിലെത്തുന്നത് തടയാനാണ് നടപടിയെന്നാണ് സൂചന. അതേസമയം തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ തയ്യാറാണെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചു.
എന്നാല്‍ ഇതിനിടെ ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കി.
മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഉള്‍പ്പെടെ ഒന്‍പത് രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാന്‍ കഴിഞ്ഞ വ്യാഴാഴ്ച സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇവര്‍ക്കതിരെ ചുമത്തിയ ഭീകരപ്രവര്‍ത്തന കുറ്റങ്ങള്‍ റദ്ദാക്കുകയും ചെയ്തു.
പ്രസിഡന്റ് യാമീന്റെ പ്രോഗ്രസീവ് പാര്‍ട്ടിയില്‍ നിന്ന് പ്രതിപക്ഷത്തേക്ക് കൂറുമാറിയതിന് പുറത്താക്കപ്പെട്ട പന്ത്രണ്ട് എം.പിമാരെ തിരിച്ചെടുക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. ഇത് നടപ്പാക്കാന്‍ പ്രസിഡന്റ് അബ്ദുള്ള യാമീന്‍ കൂട്ടാക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
പുറത്താക്കിയ എം.പിമാര്‍ തിരിച്ചെത്തിയാല്‍ 85 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമാകുമെന്നതിനാലാണ് കോടതി ഉത്തരവ് നടപ്പാക്കാന്‍ പ്രസിഡന്റ് തയ്യാറാകാത്തത്. കോടതി ഉത്തരവ് നിരാശാജനകമാണെന്നായിരുന്നു യാമീന്റെ പ്രതികരണം.
എന്നാല്‍ നേരത്തെ തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രസിഡന്റിന്റെ നീക്കം അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവായ മുഹമ്മദ് നഷീദ് ട്വീറ്റ് ചെയ്തു. പ്രസിഡണ്ട് രാജിവയ്ക്കുകയാണ് വേണ്ടതെന്നും നഷീദ് കൂട്ടിച്ചേര്‍ത്തു.
സുപ്രീംകോടതി ഉത്തരവ് അനുസരിക്കാന്‍ ഇന്ത്യ, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങി നിരവധി രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും പ്രസിഡന്റ് യാമീനോട് ആവശ്യപ്പെട്ടു.