ആഗ്രകോട്ടയില്‍ നിന്ന് സൈന്യം ഒഴിയണമെന്ന് കേന്ദ്രമന്ത്രി രാം ശങ്കര്‍ കതേരിയ
Daily News
ആഗ്രകോട്ടയില്‍ നിന്ന് സൈന്യം ഒഴിയണമെന്ന് കേന്ദ്രമന്ത്രി രാം ശങ്കര്‍ കതേരിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 31st January 2015, 12:53 am

Agra-fortആഗ്ര: ചരിത്രപ്രാധാന്യമേറെയുള്ള ആഗ്രകോട്ടയില്‍ നിന്ന് സൈന്യം പിന്‍വാങ്ങണമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രാം ശങ്കര്‍ കതേരിയ ആവശ്യപ്പെട്ടു. ആഗ്രകോട്ടയുടെ മൂന്നില്‍ രണ്ടുഭാഗവും ഇപ്പോള്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. പട്ടാളത്തിന്റെ മോട്ടോര്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടക്കുന്നതും ആയുധ സംഭരണശാലയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

പട്ടാളം ഒഴിഞ്ഞു പോവണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ആയുധ സംഭരണശാലയും മോട്ടോര്‍ വാഹന അറ്റകുറ്റപ്പണികേന്ദ്രവും മാറ്റിസ്ഥാപിക്കാന്‍ സ്ഥലത്തിന്റെ ലഭ്യത പ്രശ്‌നം പറഞ്ഞ് സൈന്യം ഈ ആവശ്യങ്ങള്‍ തള്ളിക്കളയുകയായിരുന്നു.

ഈ അവസരത്തിലാണ് 2003 ല്‍ ഡെല്‍ഹിയിലെ ചെങ്കോട്ടയില്‍നിന്ന് സൈന്യം ഒഴിഞ്ഞു പോയിരുന്നത് ഉയര്‍ത്തിക്കാട്ടി കേന്ദ്ര മന്ത്രി രാം ശങ്കര്‍ കതേരിയ വിഷയം ഏറ്റെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കത്തുകള്‍ കേന്ദ്ര പ്രതിരോധ മന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും കൈമാറിയതായി കതേരിയ പറഞ്ഞു.

അക്ബര്‍, ജഹാംഗിര്‍, ഷാജഹാന്‍, ഔരംഗസേബ് തുടങ്ങിയ മഹാരഥന്മാര്‍ ഭരിച്ചിരുന്ന ഈ കൊട്ടാരത്തിന് ചെങ്കോട്ടയേക്കാള്‍ ചരിത്ര പ്രാധാന്യമുണ്ടെന്ന് കതേരിയ പറഞ്ഞു. ചെങ്കോട്ട ഒഴിയാന്‍ സൈന്യത്തിനാവുമെങ്കില്‍ ആഗ്രയില്‍ നിന്നും ഒഴിയാത്തതില്‍ മതിയായ കാരണമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏറെ ചരിത്ര പ്രാധാന്യമര്‍ഹിക്കുന്നതും വിനോദസഞ്ചാര പ്രാധാന്യമുള്ളതുമായ സ്ഥലമാണ് ആഗ്ര കോട്ട. പക്ഷെ സൈന്യത്തിന്റെ സാന്നിധ്യം കാരണം സഞ്ചാരികള്‍ക്ക് ഇവിടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് . മാത്രവുമല്ല സൈന്യത്തിന്റെ ഇടപെടല്‍ കാരണം കോട്ടയ്ക്കകത്തെ നിരവധി ചരിത്ര ശേഷിപ്പുകള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ടെന്നും ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെട്ടു.