ഇംഫാല്‍: കലാപ ബാധിതമായ മണിപ്പൂരില്‍ സായുധ പോരാട്ടങ്ങള്‍ തുടര്‍ക്കഥയാകുന്നതിനിടെ ഇന്ന് ആയുധങ്ങളുമായി 25 അക്രമകാരികളെ സൈന്യം അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ആര്‍മിയും പാരാ മിലിറ്ററി സേനയും സംയുക്തമായി നടത്തിയ തെരച്ചിലില്‍ വന്‍തോതിലുള്ള ആയുധ ശേഖരവും പിടിച്ചെടുത്തിട്ടുണ്ട്.
ഇംഫാല്‍ താഴ്‌വരയിലുള്ള സംഘര്‍ഷത്തിന് പിന്നാലെയാണ് അക്രമി സംഘത്തെ പിടികൂടിയതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇംഫാല്‍ ഈസ്റ്റിലെ സന്‍സബി, ഗ്വാള്‍താബി, ഷാബുങ്കോള്‍, ഖുനാവോ എന്നിവിടങ്ങളില്‍ നടത്തിയ ഓപ്പറേഷനില്‍ 22 അക്രമികളെ സൈന്യം പിടികൂടി.
അഞ്ച് 12 ബോര്‍ ഡബിള്‍ ബാരല്‍ റൈഫിളുകള്‍, മൂന്ന് സിംഗിള്‍ ബാരല്‍ റൈഫിളുകള്‍ എന്നിവ കണ്ടെടുത്തതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച രാത്രി ഇംഫാലില്‍ കാറില്‍ യാത്ര ചെയ്തിരുന്ന മൂന്ന് അക്രമികളെയും മൊബൈല്‍ ചെക്പോസ്റ്റില്‍ തടഞ്ഞ് പരിശോധിക്കുമ്പോഴാണ് പിടികൂടിയത്.
കാറില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിച്ചവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവരില്‍ നിന് ഇന്‍സാസ് റൈഫിളും, 60 റൗണ്ട് വെടിയുണ്ടകളും സ്‌ഫോടക വസ്തുക്കളും ഒരു ചൈനീസ് ഗ്രനേഡും പിടികൂടിയിട്ടുണ്ട്. പിടികൂടിയ മുഴുവന്‍ അക്രമകാരികളെയും മണിപ്പൂര്‍ പൊലീസിന് കൈമാറിയതായി സൈന്യം അറിയിച്ചു.
സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ കഴിഞ്ഞ ദിവസം 30 തീവ്രവാദികളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചതായി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് അറിയിച്ചിരുന്നു. സാധാരണക്കാര്‍ക്കെതിരെ അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. വിവിധ മേഖലകളിലായി നടന്ന ഓപ്പറേഷനിലൂടെയാണ് ഇത്രയധികം പേരെ വധിച്ചത്. കുറച്ച് പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തിരുന്നു.