[]ന്യൂദല്‍ഹി: മുന്‍ കരസേനാ മേധാവി വി.കെ സിങ്ങിനെതിരെ ഗുരുതര ആരോപണവുമായി സൈന്യത്തിന്റെ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്.
ജമ്മു കാശ്മീര്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ വി.കെ സിങ് ശ്രമിച്ചെന്ന് സൈന്യത്തിന്റെ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
ഇതിന് പുറമെ ബിക്രം സിങ് പിന്‍ഗാമിയാകുന്നത് തടയാനും ശ്രമിച്ചു. ഇതിനായി സന്നദ്ധ സംഘടനയ്ക്ക് പണം കൈമാറുകയും ചെയ്തതതായി സൈന്യത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കാശ്മീര്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ വി.കെ സിങ് കാശ്മീര്‍ മന്ത്രി ഗുലാം ഹസന് 2 കോടി 17 ലക്ഷം രൂപ നല്‍കിയെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ആവശ്യങ്ങള്‍ക്ക് ചിലവിട്ടത് സൈന്യത്തിന്റെ രഹസ്യ ഫണ്ടാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
വി.കെ സിങ്ങിനെതിരെ ഉന്നത തല അന്വേഷണം നടത്തണമെന്ന് പ്രതിരോധ മന്ത്രാലയത്തോട് കരസേന ശുപാശ ചെയ്തു. സൈന്യത്തില്‍ മറ്റാരേയും അറിയിക്കാതെ പ്രത്യേക ഇന്റലിജന്‍സ് യൂണിറ്റ് വി.കെ. സിങ് തുടങ്ങിയതായി അന്വേഷണത്തില്‍ കണ്ടെത്തി.
ഈ ഇന്റലിജന്‍സ് യൂണിറ്റ് പ്രതിരോധ മന്ത്രിയുടെ ഫോണ്‍ ചോര്‍ത്തിയതായും കണ്ടെത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് പ്രതിരോധമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി.
എന്നാല്‍ തനിക്കെതിരെയുള്ള ഇപ്പോഴത്തെ ആരോപണം കെട്ടിച്ചമച്ചതാണെന്നും തന്റെ രാഷ്ട്രീയഭാവി തകര്‍ക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും സിങ് പ്രതികരിച്ചു.
ജനനതീയതിയെ ചൊല്ലിയുണ്ടായ വിവാദത്തിന് പിന്നാലെയാണ് വി.കെ സിങ് കരസേനാ മേധാവി സ്ഥാനത്ത് നിന്ന് വിരമിച്ചത്.
സേനാമേധാവി സ്ഥാനം ഒരു വര്‍ഷത്തേക്കു കൂടി നീട്ടിക്കിട്ടാന്‍ സ്വന്തം ജനനതീയതിയിലെ അന്തരത്തിന്റെ പേരില്‍ സര്‍ക്കാറിനെതിരെ കോടതിയെ സമീപിച്ചത് വ്യക്തിപരമായും സൈന്യത്തിനും നാണക്കേടായി.
സിങ്ങിന്റെ ഹരജി നിരാകരിച്ചപ്പോള്‍ സര്‍ക്കാറിനെതിരെ കോടതിയെ സമീപിച്ച ആദ്യ സേനാമേധാവിയെന്ന പേരുദോഷവും വി.കെ. സിങ്ങിനുമേല്‍ ചാര്‍ത്തപ്പെട്ടു.
വി.കെ.സിങ് സേനയെ നയിച്ച 26 മാസക്കാലം എന്നും അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വിവാദം ഒന്നിനുപിറകെ ഒന്നായി വന്നപ്പോള്‍ സൈന്യവും ഭരണകൂടവും തമ്മിലുള്ള ഏറ്റുമുട്ടലായി വരെ അത് വ്യാഖ്യാനിക്കപ്പെട്ടു.