ജമ്മു കശ്മീരിലെ ബട്ഗാം ജില്ലയിലാണ് സൈനികരുടെ വെടിയേറ്റ് രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടത്. ഫൈസല്‍ യൂസഫ് ഭട്ടും മെഹ്‌റയുദ്ദീന്‍ ഡാറുമാണ് കൊല്ലപ്പെട്ടത്. ഷകേര്‍ ഭട്ട്, സാഹിദ് നഖ്ഷാ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ബട്ഗാം ജില്ലയില്‍ നിന്നും ഛത്തേര്‍ഗാമിലേക്ക് മാരുതി കാറില്‍ സഞ്ചരിക്കുകയായിരുന്നു ഇവര്‍. ഇവര്‍ക്കുനേരെ 53 രാഷ്ട്രീയ റൈഫിള്‍സ് വെടിയുതിര്‍ക്കുകയായിരുന്നു.
വാഹന പരിശോധനയ്ക്കായി സിഗ്നല്‍ നല്‍കിയിട്ടും കാറിന്റെ ഡ്രൈവര്‍ നിര്‍ത്താതെ പോയതാണ് വെടിവെയ്ക്കാന്‍ കാരണമെന്നാണ് സൈന്യം നല്‍കുന്ന വിശദീകരണം. തീവ്രവാദികള്‍ ആക്രമണത്തിനായി മാരുതി 800 കാറില്‍ നവംബര്‍ 3ന് നോഗാം പുല്‍വാമ റോഡിലൂടെയെത്തുമെന്ന് തങ്ങള്‍ക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നെന്നും അതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നും സൈന്യം പറയുന്നു.
അഞ്ച് മണിയോടെ ഒരു വെള്ള മാരുതി 800 കാര്‍ ആദ്യ ചെക്‌പോയന്റിന് സമീപമെത്തി. അവിടെയുണ്ടായവര്‍ കാര്‍ നിര്‍ത്താന്‍ നിര്‍ദേശം നല്‍കി. എന്നാല്‍ കാര്‍ നിര്‍ത്തിയില്ല. രണ്ടാമത്തെ ചെക്‌പോസ്റ്റിലും കാര്‍ നിര്‍ത്തിയില്ല. മൂന്നാമത്തെ ചെക്‌പോയിന്റ് തകര്‍ത്ത് കാര്‍ നീങ്ങാന്‍ തുടങ്ങിയപ്പോഴാണ് വെടിവെച്ചതെന്നും സൈന്യം പറയുന്നു.
വെടിയേറ്റവരെ ശ്രീനഗറിലെ സൈനികാശുപത്രിയില്‍ എത്തിച്ചിരുന്നു. യുവാക്കള്‍ക്ക് അക്രമികളുമായി യാതൊരു ബന്ധവുമില്ലെന്ന് ശ്രീനഗറിലെ സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് അമിത് കുമാര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കശ്മീര്‍ മേഖലാ പോലീസ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ ഖാനി ഭട്ട് പറഞ്ഞു.