ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ പട്ടാളം ഭരണം പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി മുന്‍ പ്രധാനമന്ത്രി ഷാഹിദ് ഖാക്വിന്‍ അബ്ബാസി. രാജ്യത്തെ നിലവിലെ സാമ്പത്തിക, രാഷ്ട്രീയ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ സൈനിക ഇടപെടലിനുള്ള സാധ്യതകള്‍ കൂടുതലാണെന്നാണ് അബ്ബാസി പറയുന്നത്. ഡോണ്‍ ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഇതിനേക്കാള്‍ മെച്ചപ്പെട്ട സാഹചര്യത്തില്‍ പോലും സൈനിക ഇടപെടല്‍ സംഭവിച്ചിട്ടുണ്ടെന്നും വ്യവസ്ഥിതി പരാജയപ്പെടുമ്പോഴോ രാഷ്ട്രീയ നേതൃത്വവും വ്യവസ്ഥയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായി രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്ക് ദുഷ്‌കരമാകുമ്പോഴോ സൈനിക ഭരണത്തിലേക്കുള്ള സാധ്യതയിലേക്കാണ് അത് കൊണ്ടുചെന്നെത്തിക്കുകയെന്നും അബ്ബാസി പറഞ്ഞു. ഇതൊഴിവാക്കാനായി ചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സൈന്യം ഭരണമേറ്റെടുക്കുന്നത് സാഹചര്യത്തെ മെച്ചപ്പെടുത്തുകയല്ല, മോശമാക്കുകയാണ് ചെയ്യുകയെന്നും രാഷ്ട്രീയ പരിഹാരമാണ് പ്രശ്‌നത്തിന് വേണ്ടതെന്നും അബ്ബാസി പറഞ്ഞു.
സാമ്പത്തിക മേഖലക്കപ്പുറത്ത് രാഷ്ട്രീയവും ജുഡീഷ്യലും ഭരണഘടനാപരവുമായി പ്രതിസന്ധിയിലേക്കാണ് രാജ്യമെത്തിക്കൊണ്ടിരിക്കുന്നത്. തെഹ്‌രീക്-ഇ-ഇന്‍സാഫ് അധ്യക്ഷന്‍ ഇമ്രാന്‍ ഖാന്‍, പാകിസ്ഥാന്‍ മുസ്‌ലിം ലീഗ്-നവാസ് വിഭാഗം അധ്യക്ഷന്‍ നവാസ് ഷെരീഫ്, പട്ടാള മേധാവി അസിം മുനീര്‍ എന്നിവര്‍ പരസ്പരം ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്നും വ്യക്തി താത്പര്യങ്ങള്‍ക്കപ്പുറത്ത് രാജ്യത്തിന്റെ താത്പര്യത്തിന് നേതാക്കള്‍ പ്രാധാന്യം കൊടുക്കണമെന്നും അബ്ബാസി ആവശ്യപ്പെട്ടു.
പര്‍വേസ് മുഷറഫിന്റെ കാലത്ത് അമേരിക്കയും ബ്രിട്ടനുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വഹിച്ച മധ്യസ്ഥതാ ശ്രമങ്ങള്‍ക്ക് സമാനമായ ഇടപെടലുകളെ തള്ളിക്കളഞ്ഞ അബ്ബാസി രാജ്യത്തിനുള്ളില്‍ നിന്നുള്ള പരിഹാരമാണ് ആവശ്യമെന്നും രാഷ്ട്രീയ നേതൃത്വം പ്രശ്‌നത്തിന്റെ ഗൗരവവും സങ്കീര്‍ണതയും മനസിലാക്കണമെന്നും ആവശ്യപ്പെട്ടു.
സമ്പദ് വ്യവസ്ഥയുടെ നിലവിലെ അവസ്ഥയെ പരിഗണിക്കാതെ ഒരു ആണവശക്തിയെന്ന നിലയില്‍ മാത്രം രാജ്യത്തിന് ലോകത്തോട് ഇടപെടാനാകില്ലെന്നും അബ്ബാസി പറഞ്ഞു. സാഹചര്യങ്ങളെ ഒട്ടും വിവേകമില്ലാതെ സമീപിച്ചാല്‍ പരിഹാരങ്ങളുണ്ടാവുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Army may seize power in Pakistan: Ex-Prime Minister