കൊല്ലം: കടയ്ക്കലില്‍ സൈനികന്റെ ദേഹത്ത് പി.എഫ്.ഐ എന്ന് ചാപ്പ കുത്തിയെന്ന പരാതി വ്യാജം. കടയ്ക്കല്‍ തുടയന്നൂര്‍ ചാണപ്പാറ ബി.എസ്. ഭവനില്‍ ഷൈന്‍ കുമാര്‍ (35) ആണ് പരാതിയുമായി സ്റ്റേഷനില്‍ എത്തിയത്. ഒരു സംഘം ആളുകള്‍ മര്‍ദിച്ചതായും പി.എഫ്.ഐ (പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ) എന്ന് എഴുതിയെന്നുമാണ് ഇയാള്‍ പരാതി നല്‍കിയിരുന്നത്.
പിന്നാലെ പരാതി വ്യാജമാണെന്ന് മനസിലാക്കിയ പൊലീസ് ഷൈന്‍ കുമാറിനെയും സുഹൃത്ത് ജോഷിയെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുതുകില്‍ പി.എഫ്.ഐ. എന്ന് എഴുതാന്‍ ഉപയോഗിച്ച പെയിന്റും ബ്രഷും പൊലീസ് കണ്ടെടുത്തു. പ്രശസ്തനാകാനുള്ള ആഗ്രഹമാണ് ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നിലെന്ന് സുഹൃത്ത് മൊഴി നല്‍കി.
ഷൈന്‍ തന്നെക്കൊണ്ട് ടീഷര്‍ട്ട് ബ്ലെയ്ഡ് ഉപയോഗിച്ച് കീറിക്കുകയും പി.എഫ്.ഐ എന്ന് എഴുതിക്കുകയുമായിരുന്നു എന്ന് ജോഷി മൊഴി നല്‍കി. ഇതിനായി ചിറയിന്‍കീഴില്‍ നിന്ന് പെയിന്റും ബ്രഷും വാങ്ങുകയായിരുന്നു. മന്ത്രിമാരുടെ പി.എ ആയി ജോലി കിട്ടുമോയെന്ന് ഇയാള്‍ ചോദിച്ചിരുന്നതായും ജോഷി പൊലീസിന് മൊഴി നല്‍കി.
വിഷയത്തില്‍ പൊരുത്തക്കേടുകള്‍ തോന്നിയതിനെ തുടര്‍ന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. സംഭവത്തില്‍ മിലിറ്ററി ഇന്റലിജന്‍സും ഐ.ബി.യുമുള്‍പ്പെടെ അന്വേഷണം നടത്തി. രാജസ്ഥാനിലാണ് രാജേഷ് ജോലി ചെയ്യുന്നത്. അവധി കഴിഞ്ഞ് മടങ്ങിപ്പോകുന്നതിന്റെ തലേദിവസമാണ് സംഭവം. ചോദ്യം ചെയ്യലില്‍ ഷൈന്‍ കുമാര്‍ തന്റെ ആരോപണങ്ങളില്‍ ഉറച്ചുനിന്നെങ്കിലും സുഹൃത്ത് ജോഷി പൊലീസിനോട് സത്യം തുറന്നുപറയുകയായിരുന്നു.
Content Highlights: Army man’s fake complaint caught by police in Kollam