ഗുവാഹത്തി: വീട്ടുജോലിക്കായി എത്തിച്ച പ്രായപൂർത്തിയാകാത്ത ഗോത്രവിഭാഗം പെൺകുട്ടിയെ മനുഷ്യത്വ രഹിതമായി പീഡിപ്പിച്ചതിന് ആർമി മേജറിനെയും ഭാര്യയെയും അസമിലെ ദിമ ഹാസാവോയിലെ പൊലീസ് അറസ്റ്റ് ചെയ്തു.
ക്രൂരമായി ഉപദ്രവം, നിയമവിരുദ്ധമായ നിർബന്ധിത വേല, ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾക്കാണ് കേസെടുത്തത്. പോക്സോ, പട്ടികജാതി, പട്ടികവർഗ സംരക്ഷണ നിയമം എന്നിവ പ്രകാരവും കേസെടുത്തിട്ടുണ്ട്.
പ്രതികൾ പെൺകുട്ടിയെ നഗ്നയാക്കി വീഡിയോ പകർത്തിയതിനാണ് പോക്സോ കേസ് ചുമത്തിയതെന്ന് പൊലീസ് പറഞ്ഞു.
അസമിൽ നിന്ന് ഹിമാചൽ പ്രദേശിലേക്ക് രണ്ട് വർഷം മുമ്പ് ട്രാൻസ്ഫർ ലഭിച്ചപ്പോൾ സൈനികനും ഭാര്യയും പെൺകുട്ടിയെയും കൊണ്ടുപോയി. സെപ്റ്റംബർ ആരംഭത്തിൽ സൈനികന്റെ ഭാര്യ പെൺകുട്ടിയെ അവളുടെ കുടുംബത്തിനെ തിരികെ ഏല്പിക്കുമ്പോൾ പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായിരുന്നു എന്ന് ദിമ ഹാസാവോയിലെ എസ്.പി മയങ്ക് കുമാർ പറഞ്ഞു.
‘സംഭവം സമൂഹ മാധ്യമങ്ങൾ വഴി മാത്രമാണ് ഞങ്ങൾ അറിഞ്ഞത്. പെൺകുട്ടിയുടെ കുടുംബം വളരെ ദരിദ്രരായിരുന്നു, അവർ ഞങ്ങളെ സമീപിച്ചിരുന്നില്ല. നാലഞ്ച് ദിവസം അവൾ ആശുപത്രിയിൽ കഴിഞ്ഞപ്പോൾ അവളുടെ ദുരവസ്ഥ റെക്കോഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാമെന്ന് ആർക്കോ തോന്നി. ഇത് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടപ്പോൾ അവിടെപ്പോയി ഇരയുടെ മൊഴിയെടുത്തു,’ മയങ്ക് കുമാർ പറഞ്ഞു.
സൈനികനെയും ഭാര്യയെയും സെപ്റ്റംബർ 25ന് പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
‘ഒരു വർഷം മുഴുവൻ അവൾ മനുഷ്യത്വ രഹിതമായ പീഡനങ്ങൾ അനുഭവിച്ചു. അവളുടെ ദേഹത്ത് മുറിവിന്റെ ധാരാളം പാടുകളുണ്ട്. പൊള്ളൽ പാടുകളും നാവിലുൾപ്പെടെ വെട്ടേറ്റ പാടുകളുമുണ്ട്. അവളുടെ പല്ല് പൊട്ടിയിട്ടുണ്ട്, മൂക്ക് മുറിഞ്ഞിട്ടുണ്ട്, മുഖം വീങ്ങിയിട്ടുണ്ട്. ഇപ്പോൾ നന്നായി സംസാരിക്കാൻ പോലും അവൾക്ക് കഴിയുന്നില്ല, എസ്.പി പറഞ്ഞു.
ജില്ലാ ഭരണകൂടം പെൺകുട്ടിയുടെ കുടുംബത്തിന് ജുവനൈൽ ജസ്റ്റിസ് ഫണ്ടിൽ നിന്നുള്ള 50,000 രൂപ കൈമാറിയിരുന്നു.
Content Highlight: Army major, wife arrested in Assam for inhumane torture of minor domestic help