ബുഡ്ഗാം: ബുഡ്ഗാമില്‍ വെടിയേറ്റ് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ഒമ്പത് സൈനികര്‍ കുറ്റക്കാരാണെന്ന് സൈന്യം കണ്ടെത്തി. ജൂനിയര്‍ കമ്മീഷണ്‍ഡ് ഓഫീസറും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരെ കോര്‍ട്ട് മാര്‍ഷല്‍ ചെയ്യാനും സൈന്യം ശുപാര്‍ശ ചെയ്തിട്ടുണ്ട്.
നവംബര്‍ 3ന് ജമ്മുകശ്മീരിലെ ബുഡ്ഗാം ജില്ലയിലെ ഛത്തേര്‍ഗാം മേഖലയില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന നാലുപേര്‍ക്കുനേരെയാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ രണ്ട് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഫൈസല്‍ യൂസഫ് ഭട്ടും, മെഹ്‌റുയുദ്ദീന്‍ ഡാറുമാണ് മരിച്ചത്. ഷകേര്‍ ഭട്ട്, സാഹിദ് നഖ്ഷാ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബുഡ്ഗാമില്‍ നിന്ന് ഛത്തേര്‍ഗാമിലേക്ക് മാരുതി കാറില്‍ സഞ്ചരിക്കുകയായിരുന്നു ഇവര്‍. വാഹന പരിശോധനയ്ക്കായി സിഗ്നല്‍ നല്‍കിയിട്ടും കാറിന്റെ ഡ്രൈവര്‍ നിര്‍ത്താതെ പോയതാണ് വെടിവെക്കാന്‍ കാരണമെന്നായിരുന്നു സൈന്യം നല്‍കിയ വിശദീകരണം.
സംഭവത്തില്‍ സൈന്യം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണത്തിലാണ് സൈനികരുടെ ഭാഗത്ത് നിന്ന് നിയമവിരുദ്ധമായ നടപടികള്‍ ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയത്. സൈനികര്‍ക്ക് ഉത്തരവ് നല്‍കുന്നതില്‍ ഓഫീസറുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തില്‍ തെറ്റുപറ്റിയെന്നും നവംബര്‍ 3ന് നടന്ന വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്നും ജി.ഒ.സി നോര്‍ത്തേണ്‍ കമ്മാന്റ് ലെഫ്റ്റിനന്റ് ജനറല്‍ ഡി.എസ് ഹൂഡ പറഞ്ഞു. സംഭവത്തെക്കുറിച്ച് സുതാര്യമായി അന്വേഷണം നടത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. നിയമ ലംഘനം നടന്നിട്ടുണ്ടെന്ന് വ്യക്തമായാല്‍ സൈന്യം കര്‍ശന നടപടിയെടുക്കും. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവില്ലെന്ന് സൈന്യം ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
2010ല്‍ ജമ്മു കശ്മീരിലെ മാച്ചിലില്‍ വ്യാജ ഏറ്റുമുട്ടലില്‍ മൂന്ന് യുവാക്കളെ കൊന്ന സംഭവത്തില്‍ രണ്ട് ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് പേരെ സൈന്യം കുറ്റക്കാരാണെന്ന് കണ്ടെത്തിയതിരുന്നു. കുറ്റക്കാരെ ജീവപര്യന്തം ശിക്ഷിക്കുകയും അവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നവംബര്‍ 3ന് നടന്ന വെടിവെപ്പിലും സൈനികര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.