വിജയ് കുമാറിന് ആര്‍മിയില്‍ ഉദ്യോഗക്കയറ്റവും 30 ലക്ഷം രൂപയും
DSport
വിജയ് കുമാറിന് ആര്‍മിയില്‍ ഉദ്യോഗക്കയറ്റവും 30 ലക്ഷം രൂപയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th August 2012, 10:14 am

ന്യൂദല്‍ഹി: ഇന്ത്യയ്ക്കായി ഒളിമ്പിക്‌സില്‍ വെള്ളിമെഡല്‍ നേടിയ ഷൂട്ടര്‍ വിജയ് കുമാറിന് ആര്‍മിയില്‍ ഉദ്യോഗക്കയറ്റം നല്‍കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഉദ്യോഗക്കയറ്റത്തിനൊപ്പം 30 ലക്ഷം രൂപയും നല്‍കിയേക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.

പ്രമോഷനും സാമ്പത്തിക നേട്ടവും ഇല്ലാത്തതിനാല്‍ താന്‍ ആര്‍മിയില്‍നിന്ന് പിരിയുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്ന് വിജയ് കുമാര്‍ കഴിഞ്ഞദിവസം ലണ്ടനില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാരിതോഷികങ്ങളുടെ നീണ്ടനിരയുമായി ആര്‍മി അധികൃതര്‍ രംഗത്തെത്തിയത്.

ലണ്ടനില്‍ നിന്നും ഇന്ന് തിരിച്ചെത്തുന്ന വിജയ് കുമാറിന് ആര്‍മി ഉജ്ജ്വല സ്വീകരമാണ് നല്‍കുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രാലയവും ക്യാഷ് അവാര്‍ഡ് പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്. നിയമപരമായി നല്‍കാവുന്ന എല്ലാ പരിഗണനയും പ്രമോഷനും നല്‍കുമെന്നും വിജയിന്റെ നേട്ടത്തില്‍ ആര്‍മിക്ക് അഭിമാനമുണ്ടെന്നുമായിരുന്നു അധികൃതരുടെ പ്രതികരണം.[]

ഇത്തവണത്തെ ഒളിമ്പിക്‌സില്‍ ഇന്ത്യ നേടിയ ഏറ്റവും മികച്ച മെഡല്‍ വിജയ് കുമാറിന്റേതായിരുന്നു. ആറ് വര്‍ഷമായി ഷൂട്ടിങ് റേഞ്ചില്‍ തുടരുന്ന വ്യക്തിയാണ് വിജയ്. ആറുതവണ ദേശീയ ചാമ്പ്യനായിരുന്ന വിജയ്, ഐ.എസ്.എസ്.എഫ് ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് വെള്ളി മെഡലും നേടിയിരുന്നു.
ഗ്യാങ്ഷൂ ഏഷ്യന്‍ ഗെയിംസില്‍ രണ്ട് വെങ്കലം നേടിയ വിജയ്, ദോഹ ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവാണ്.

2010 ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മൂന്നുസ്വര്‍ണവും ഒരു വെള്ളിയുമടക്കം നാലുമെഡല്‍ നേടിയിരുന്നു. ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ വിജയിന് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്.