| Sunday, 25th June 2023, 12:46 pm

പുല്‍വാമയില്‍ പള്ളിയില്‍ പ്രവേശിച്ച് മുസ്‌ലിങ്ങളെ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ച് സൈന്യം; അന്വേഷണം ആവശ്യപ്പെട്ട് മെഹ്ബൂബ മുഫ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: പുല്‍വാമയിലെ പള്ളിയില്‍ പ്രവേശിച്ച് 50 ആര്‍.ആറിലെ ആര്‍മി ട്രൂപ്പ് മുസ്‌ലിങ്ങളെ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചതായി മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി. ഇത് ഏറെ പ്രകോപനപരമായ നടപടിയാണെന്ന് അവര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായിയോട് മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു.

‘ 50 ആര്‍.ആറിലെ ആര്‍മി ട്രൂപ്പ് പുല്‍വാമയിലെ പള്ളികളില്‍ പ്രവേശിക്കുകയും മുസ്‌ലിങ്ങളെ ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്ന് കേട്ടപ്പോള്‍ ഞെട്ടലുണ്ടായി. അമിത് ഷാ ഇവിടെയുള്ളപ്പോള്‍, യാത്രക്ക് മുന്നോടിയായുള്ള നീക്കം പ്രകോപനപരമാണ്. സംഭവത്തില്‍ ഉടന്‍ അന്വേഷണം നടത്താന്‍ രാജീവ് ഘായിയോട് അഭ്യര്‍ത്ഥിക്കുന്നു,’ മെഹ്ബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചു.

സംഭവത്തില്‍ വിശദാംശങ്ങള്‍ തേടിയിട്ടുണ്ടെന്ന് ശ്രീനഗറിലെ പ്രതിരോധ വക്താവ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന് പിന്നാലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നെന്നും വിഷയം പരിശോധിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. രാവിലെ സൈനികര്‍ പള്ളിയില്‍ പ്രവേശിച്ച് ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും അവര്‍ സ്വയം വിളിക്കുന്നുമുണ്ടായിരുന്നെന്നും പ്രദേശവാസി പറഞ്ഞു.

അതേസമയം, ഏപ്രിലില്‍ ജമ്മുകശ്മീരില്‍ വെച്ച് നടന്ന ജി20 പരിപാടിക്ക് മുന്നോടിയായി സാധാരണക്കാരെ അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നതായി മെഹ്ബൂബ മുഫ്തി നേരത്തെ ആരോപിച്ചിരുന്നു. ജമ്മുകശ്മീരിലെ സ്ഥിതി ഗുണ്ടനാമോ ബായേക്കാള്‍ മോശമാണെന്ന് അന്ന് മെഹ്ബൂബ മുഫ്തി പറഞ്ഞിരുന്നു. ജി20 പരിപാടിക്കായുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത് മുതല്‍ നൂറോളം സാധാരണക്കാരെ കസ്റ്റഡിയില്‍ എടുത്തെന്നും അവര്‍ പറഞ്ഞിരുന്നു.

Content Highlight: Army forced muslims to chant jai sriram at pulwama mosque : Mehbooba mufthi

We use cookies to give you the best possible experience. Learn more