ബംഗാളില്‍ സര്‍ക്കാരിനെ അറിയിക്കാതെ കേന്ദ്രം പട്ടാളത്തെ ഇറക്കി: അടിയന്തരാവസ്ഥയെന്ന് മമതാ ബാനര്‍ജി
Daily News
ബംഗാളില്‍ സര്‍ക്കാരിനെ അറിയിക്കാതെ കേന്ദ്രം പട്ടാളത്തെ ഇറക്കി: അടിയന്തരാവസ്ഥയെന്ന് മമതാ ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st December 2016, 10:24 pm

സര്‍ക്കാരിന്റെ നീക്കം ഫെഡറല്‍ തത്വങ്ങള്‍ക്കെതിരായ വെല്ലുവിളിയാണ്. രാജ്യത്തിനകത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണോയെന്നും മമത ചോദിച്ചു.


കൊല്‍ക്കത്ത:  പശ്ചിമ ബംഗാളില്‍ സര്‍ക്കാരിനെ അറിയിക്കാതെ കേന്ദ്രം പട്ടാളത്തെ ഇറക്കിയെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംസ്ഥാനത്തെ ദേശീയപാതയില്‍ ഹൂഗ്ലി, ബര്‍ധമാന്‍ ജില്ലകളിലാണ് സൈന്യം സാധാരണക്കാരുടെ വാഹനങ്ങളടക്കം പരിശോധിക്കുന്നതെന്ന് മമത പറഞ്ഞു.

സര്‍ക്കാരിന്റെ നീക്കം ഫെഡറല്‍ തത്വങ്ങള്‍ക്കെതിരായ വെല്ലുവിളിയാണ്. രാജ്യത്തിനകത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണോയെന്നും മമത ചോദിച്ചു. കേന്ദ്രത്തിന്റെ നീക്കങ്ങളെ കുറിച്ച് ചീഫ് സെക്രട്ടറി വിശദാംശം തേടുമെന്നും മമത ബാനര്‍ജി പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ച് മമത അര്‍ദ്ധ രാത്രിയിലും സെക്രട്ടേറിയേറ്റില്‍ തന്നെ തുടര്‍ന്നു. പൊലീസിന്റെ എതിര്‍പ്പിനെ മറികടന്നാണ് സെക്രട്ടേറിയേറ്റിന് പുറത്തെ അതിസുരക്ഷാ മേഖലയില്‍ സൈനികര്‍ നിലയുറപ്പിച്ചിരിക്കുന്നതെന്ന് മമത പറഞ്ഞു.

ടോള്‍ ബൂത്തുകളിലടക്കം സൈന്യത്തെ വിന്യസിച്ചിരിക്കുന്നത് കാരണം ജനങ്ങള്‍ പേടിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിന്റെ അനുവാദം തേടേണ്ടതാണ്. എന്നാല്‍ അവരത് ചെയ്തിട്ടില്ല. പട്ടാള അട്ടിമറിയാണോ ഇവര്‍ ഉദ്ദേശിക്കുന്നതെന്ന് മമത ചോദിച്ചു.

ഒരു മോക് ഡ്രില്‍ നടത്തണമെങ്കില്‍പോലും സൈന്യം സംസ്ഥാന സര്‍ക്കാരിന്റെ അനുവാദം വാങ്ങണം. ഇത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. ജനാധിപത്യത്തെ സംരക്ഷിക്കാനായി രാത്രിയിലും സെക്രട്ടേറിയേറ്റില്‍ തുടരുമെന്നു സൈന്യം പിന്‍വാങ്ങുന്നത് വരെ സെക്രട്ടേറിയേറ്റില്‍ ഉണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി.

അതേ സമയം വര്‍ഷത്തില്‍ രണ്ടു തവണയായി സൈന്യം നടത്തുന്ന പരിശീലനമാണ് നടക്കുന്നതെന്ന് സൈനിക വക്താവ് പറഞ്ഞു. ഹൂഗ്ലിയിലെ ധാങ്കുനി, പാല്‍സിത് എന്നീ ടോള്‍ പ്ലാസകളിലാണ് ആദ്യം സൈന്യത്തെ വിന്യസിച്ചത്.

മമത എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും അധികം വൈകാതെ ഹൂഗ്ലി ബ്രിഡ്ജ് ടോള്‍ പ്ലാസയിലും സൈന്യം നിലയുറപ്പിച്ചു. സംസ്ഥാന പൊലീസുമായി കൂടിയാലോചിച്ചാണ് സൈന്യത്തെ വിന്യസിച്ചതെന്ന് ആര്‍മി കിഴക്കന്‍ മേഖലാ കമാന്‍ഡര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യം തങ്ങള്‍ കത്തിലൂടെ എതിര്‍ത്തിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

Read more