സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലഭിച്ചാല്‍ പാകിസ്താന്‍ അധീനതയിലുള്ള കശ്മീരിനെ പിടിച്ചെടുക്കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്ന കരസേനാ മേധാവി എം.എം നരവനെയുടെ പ്രസ്താവന കടുത്ത അപകട സൂചനകളാണ് നല്‍കുന്നത്. പാക് അധീനതയിലുള്ള കശ്മീരും ഇന്ത്യയുടെ ഭാഗമാണെന്ന 1994-ലെ ഒരു പാര്‍ലമെന്റ്റ് പ്രമേയത്തിന്റെ പിന്‍ബലത്തോടെ കശ്മീര്‍ അതിര്‍ത്തിയില്‍ ഇത്തരത്തിലൊരു നീക്കത്തിന് മോദി സര്‍ക്കാര്‍ നീക്കം നടത്തിയേക്കും എന്ന സൂചന ഇതിലുണ്ട്.
രാജ്യത്തെമ്പാടും ഹിന്ദുത്വ ഫാസിസ്റ്റ് ഭീകരതയ്‌ക്കെതിരെ മതേതര, ജനാധിപത്യ പ്രതിരോധം ഉയരുന്ന സാഹചര്യത്തില്‍ സങ്കുചിത ദേശീയതാ വാദത്തിന്റെയും ആഭ്യന്തര, വൈദേശിക മുസ്ലിം ശത്രുവെന്ന വ്യാജ ഭീതിയുടെയും എല്ലാം പുകമറ സൃഷ്ടിക്കാന്‍ മോദി സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഒരുനിയന്ത്രിത സൈനിക നടപടി നാടകം നടത്താനുള്ള സാധ്യത ഏറെയാണ്.
തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം അതിന്റെ വിദേശ, പ്രതിരോധ നയം വ്യക്തമാക്കുകയും സൈന്യം പരസ്യ പ്രസ്താവനകളില്ലാതെ ജനാധിപത്യ സംവിധാനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കീഴ്‌വഴക്കം മാറ്റുകയും സൈനിക മേധാവികള്‍ ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ സങ്കുചിത ദേശീയതയുടെ യുദ്ധവെറി പ്രചാരകരെപ്പോലെ സംസാരിക്കുകയും ചെയ്യുന്ന അപകടകരമായ അവസ്ഥയിലേക്ക് ഒന്നാം മോദി സര്‍ക്കാരിന്റെ കാലം തൊട്ട് രാജ്യം എത്തിനില്‍ക്കുന്നു. അതിലെ ഏറ്റവും പുതിയ അദ്ധ്യായമാണ് പുതിയ കരസേനാ മേധാവിയുടെ യുദ്ധാക്രോശം.
കശ്മീര്‍ പ്രശ്‌നം യുദ്ധത്തിലൂടെ പരിഹരിക്കാനാകില്ലെന്നും ആണവായുധങ്ങള്‍ കൈവശമുള്ള രണ്ടു ദരിദ്ര അയല്‍രാജ്യങ്ങള്‍ തമ്മില്‍ ഇനിയൊരു സാമ്പ്രദായിക യുദ്ധത്തിനോ വിജയത്തിനോ ഒന്നും സാധ്യതയില്ലെന്നും യുദ്ധവിദഗ്ധര്‍ക്കു മാത്രമല്ല, അന്താരാഷ്ട്ര രാഷ്ട്രീയം സാമാന്യമായി അറിയുന്ന ആര്‍ക്കും മനസിലാകുന്ന കാര്യമാണ്.
പക്ഷെ അത്തരത്തിലുള്ള ജയപരാജയങ്ങള്‍ക്കോ, ഉപഭൂഖണ്ഡത്തിലെ മനുഷ്യര്‍ നേരിടുന്ന മഹാദുരന്തങ്ങള്‍ക്കോ അപ്പുറം നിരന്തരമായി ഇത്തരത്തിലുള്ള സൈനിക ഏറ്റുമുട്ടലിന്റെ അന്തരീക്ഷം നീറി നിര്‍ത്തേണ്ടത് ഹിന്ദുത്വ ഫാസിസ്റ്റുകളുടെയും തകര്‍ന്നടിയുന്ന സമ്പദ് വ്യവസ്ഥയുടെ മുകളില്‍ ആടിയിളകുന്ന സര്‍ക്കാരിനും ആവശ്യമാണ്.
പാകിസ്താനുമായുള്ള ഏറ്റുമുട്ടല്‍ ഹിന്ദുത്വ ഫാസിസ്റ്റുകളുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. മുസ്ലിം എന്ന അപര നിര്‍മ്മിതിയെ ആഭ്യന്തര, വൈദേശിക ശത്രുവായി ഊട്ടിയുറപ്പിക്കാന്‍ അവരത് ഉപയോഗപ്പെടുത്തും.
അതിര്‍ത്തിയില്‍ ഇസ്ലാമിക പാകിസ്താനോട് സൈന്യം പോരാടുമ്പോള്‍ അതിര്‍ത്തിക്കുള്ളിലെ മുസ്ലിം ശത്രുക്കളോട് ഹിന്ദുത്വ സൈനികര്‍ പോരാടുന്നു എന്ന മട്ടിലുള്ള ഇരട്ടയുദ്ധമാണ് സംഘപരിവാര്‍ തുറക്കാന്‍ ശ്രമിക്കുന്നത്. ഇതിനായി ഇന്ത്യന്‍ സൈന്യത്തെ പരസ്യമായി ഹിന്ദുത്വ ഫാസിസ്റ്റ് ദേശീയതയുടെ അധിനിവേശ അജണ്ടയുടെ കുഴലൂത്തുകാരാക്കി മാറ്റാനാണ് അവര്‍ ശ്രമിക്കുന്നതും.
ഫാസിസത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്ന ഭക്ഷണമാണ് ഹിംസ. അതിന്റെ അത്താഴ വിരുന്നാണ് യുദ്ധം. അതിന്റെ രാത്രികളില്‍ സമൂഹത്തിനായി നിരന്തരം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന പേടിസ്വപ്നമാണ് നിതാന്തമായി വലുതായിക്കൊണ്ടിരിക്കുന്ന ശത്രു. അതിര്‍ത്തിക്കുള്ളിലെ, ആഭ്യന്തര ശത്രുക്കളെ സംഹരിക്കുന്നു എന്നവകാശപ്പെടുമ്പോള്‍ വൈദേശിക ശത്രുവിന്റെ പേടിസ്വപ്നം അവര്‍ വില്‍ക്കാന്‍ തുടങ്ങും.
അതിര്‍ത്തിക്കപ്പുറത്തെ യുദ്ധങ്ങള്‍ക്കായി മറ്റെല്ലാം മറന്ന് ജനം ആര്‍പ്പുവിളിക്കുമ്പോള്‍ കൂട്ടത്തിലെ ശത്രുക്കളെ കാണുന്നില്ലേ എന്നവര്‍ പരിഭ്രാന്തി പരത്തും.
പ്രതിച്ഛായയില്‍പ്പോലും ശത്രുവിനെ തിരയുന്ന ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്ന ഫാസിസം നിരന്തരമായ ആക്രമണഭീതിയില്‍ മറ്റെല്ലാം പ്രശ്‌നങ്ങളേയും തന്ത്രപൂര്‍വം മറയ്ക്കുന്നു. മൂലധനക്കൊള്ളയുടെ വണ്ടികള്‍ പട്ടാള വണ്ടികളുടെ വരികള്‍ക്കിടയിലൂടെ കടന്നുപോകുന്നത് തിരിച്ചറിയാതെപ്പോകുന്നു.
പാക് അധീന കശ്മീര്‍ പോലെ ഇന്ത്യന്‍ അധീന കശ്മീരുമുണ്ട് എന്നത് നാം മറച്ചുവെക്കാന്‍ പാടില്ലാത്ത ഒന്നാണ്. കശ്മീര്‍ ഇന്ത്യന്‍ രാഷ്ട്ര നിര്‍മ്മാണത്തിലെ തീരുമാനമാകാത്ത പ്രക്രിയയാണ്. കശ്മീര്‍ ജനതയ്ക്ക് അവരുടെ രാഷ്ട്രീയ സ്വാതന്ത്ര്യവും കശ്മീരിന്റെ ഭാവിയും നിര്‍ണയിക്കാനുള്ള സ്വയം നിര്‍ണായവകാശ സ്വാതന്ത്ര്യം നല്‍കുന്നതിന് പകരം കശ്മീര്‍ ജനതയെ സൈനികാധിനിവേശത്തിലൂടെ അടിച്ചമര്‍ത്തുകയാണ് ഇന്ത്യന്‍ ഭരണകൂടം ചെയ്യുന്നത്.
ആസാദ് കശ്മീര്‍ എന്ന് പാകിസ്താന്‍ വിളിക്കുന്ന കശ്മീരിന്റെ മറുപാതിയില്‍ ജനാധിപത്യവും സ്വാതന്ത്ര്യവുമൊക്കെ ഇതിന്റെ മറ്റൊരു രൂപത്തില്‍ ദരിദ്രമാണ്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് കാശ്മീര്‍ താഴ്‌വരയില്‍ ഇന്ത്യന്‍ ഭരണകൂടം പതിറ്റാണ്ടുകളായി നടത്തുന്നത്.
കശ്മീര്‍ ജനതയുടെ രാഷ്ട്രീയസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിനെ അടിച്ചമര്‍ത്താന്‍ നിയമാനുസൃതമല്ലാത്ത തടങ്കലുകള്‍, പീഡനങ്ങള്‍, ലൈംഗിക പീഡനങ്ങളടക്കമുള്ള ആക്രമണങ്ങള്‍ എന്നിങ്ങനെ ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് ഇന്ത്യന്‍ ഭരണകൂടം കശ്മീര്‍ താഴ്‌വരയില്‍ നടത്തുന്നത്.
ഏറ്റവും ഒടുവിലായി ആ സംസ്ഥാനത്തെ ജനങ്ങളുടെ രാഷ്ട്രീയാഭിപ്രായത്തിനെ പരിഗണിക്കുക പോലും ചെയ്യാതെ ഇന്ത്യന്‍ ഭരണഘടന തന്നെ നല്‍കിയ ഉറപ്പുകളെയും ജമ്മു കശ്മീരിനെ ഇന്ത്യയില്‍ ചേര്‍ക്കുന്ന ഉടമ്പടിയേയും എല്ലാം ലംഘിച്ചുകൊണ്ടാണ് ജമ്മു കശ്മീരിനെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായി തരം താഴ്ത്തിയത്.
തുടര്‍ന്നിങ്ങോട്ട് ലോകത്തിലെ ഏറ്റവും സൈനിക സാന്നിധ്യമുള്ള ജനവാസകേന്ദ്രമാക്കി മാറ്റിയ കശ്മീരില്‍, സകല ജനാധിപത്യ സ്വാതന്ത്ര്യവും നിരോധിക്കുകയും ഏഴു ദശലക്ഷത്തിലേറെ മനുഷ്യര്‍ അധിവസിക്കുന്ന ആ താഴ്‌വരയെ സൈനിക ഉപരോധത്തിലുള്ള ഒരു തടങ്കല്‍പ്പാളയമാക്കി മാറ്റുകയുമാണ് ചെയ്തിരിക്കുന്നത്.
ഏറെ വൈകിയാണെങ്കിലും അവിടുത്തെ ഇന്റര്‍നെറ്റ് അടക്കമുള്ള ആശയവിനിമയ ഉപാധികള്‍ പൊതുജനത്തിന് നിരോധിച്ചത് പുനഃപരിശോധിക്കണമെന്നെങ്കിലും സുപ്രീംകോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരിക്കുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ രാജ്യവ്യാപകമായ സമരത്തോടെ ഇന്ത്യയെ ഒന്നാകെ കശ്മീര്‍ താഴ്‌വരയുടെ രുപത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് മോദി സര്‍ക്കാര്‍.
ഇങ്ങനെ സ്വന്തം ജനതയോട് യുദ്ധം പ്രഖ്യാപിച്ച ഒരു ഫാസിസ്റ്റ് സര്‍ക്കാരിന് അതിന്റെ അനിവാര്യമായ രാഷ്ട്രീയ പതനത്തിനെ തടഞ്ഞുനിര്‍ത്താനുള്ള ഒരടവ് രാജ്യത്തെ ഒരു യുദ്ധവൈകൃതത്തിലേക്ക് എറിഞ്ഞിട്ടുകൊടുക്കുക എന്നതാണ്. അതിനുള്ള സൂചനകളാണ് ഇപ്പോള്‍ കാണുന്നത്. അതിനവരെ അനുവദിക്കാത്ത വിധത്തില്‍ ഈ സമരം വളരേണ്ടതുണ്ട്.
പാക് അധീനതയിലും ഇന്ത്യന്‍ അധീനതയിലുമുള്ള കശ്മീര്‍ പ്രദേശങ്ങളില്‍ ആ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശമാണ് നടപ്പാക്കേണ്ടത്. കശ്മീര്‍ എങ്ങനെ നില്‍ക്കണമെന്ന് കശ്മീരികളാണ് തീരുമാനിക്കേണ്ടത്. ഹിന്ദുത്വ ഫാസിസ്റ്റുകളുടെ വ്യാജ ശത്രുബിംബ നിര്‍മ്മിതിക്കായി കശ്മീരിനെ യുദ്ധഭൂമിയാക്കുന്ന തട്ടിപ്പ് അനുവദിച്ചുകൂടാ.
സംഘപരിവാര്‍ ഇന്ത്യന്‍ ജനതയോട് ചെയ്യുന്നതിലേറെ ദ്രോഹമൊന്നും പാകിസ്താന്‍ ഇന്ത്യയോട് ഒരു കാലത്തും ചെയ്തിട്ടില്ല. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും ഇസ്ലാമിക മതമൗലികവാദത്തിന്റെയും ഇരകളാണ് പാകിസ്താന്‍ ജനത. അതേ മട്ടില്‍ മുതലാളിത്ത ചൂഷണവും ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയ ഭീകരതയും ഇന്ത്യയെ ഉള്ളില്‍ നിന്നും ആക്രമിക്കുകയാണ്. അതുകൊണ്ട് പാകിസ്താനിലെ നിസ്വരായ സകല മനുഷ്യരുമായും നമുക്ക് ഐക്യദാര്‍ഢ്യമാണ്.
ഹിന്ദുത്വ ഫാസിസ്റ്റുകളുടെ യുദ്ധവെറികള്‍ക്ക് പ്രതിധ്വനികളുണ്ടാകുന്ന സൈനികവത്കരിക്കപ്പെട്ട, ഹിംസാത്മകമായ ഒരു സമൂഹത്തെയാണ് സംഘപരിവാര്‍ സൃഷ്ടിച്ചെടുക്കുന്നത്. അതുകൊണ്ട് സമാധാനത്തിനു വേണ്ടിയുള്ള യുദ്ധം സംഘപരിവാറിനെതിരായ യുദ്ധമാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ