ന്യൂദല്‍ഹി: രാജ്യസുരക്ഷ അപകടത്തിലാണെന്ന് കാണിച്ച് കരസേനാമേധാവി വി.കെ സിംഗ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കത്തയച്ചു. സൈന്യത്തിന് ആവശ്യമായ ആയുധങ്ങള്‍ ഇല്ലെന്നും ഇത് സുരക്ഷയ്ക്ക് ഭീഷണിയാവുമെന്നും ചൂണ്ടിക്കാട്ടിയാണ് വി.കെ സിംഗിന്റെ കത്ത്.
സൈന്യത്തിന്റെ പീരങ്കികളില്‍ ആവശ്യമായ വെടിമരുന്നില്ല, വ്യോമ പ്രതിരോധനത്തിനുള്ള 97% സംവിധാനങ്ങളും കാലപ്പഴക്കം ചെന്നതാണ്, സായുധസേനയ്ക്ക് ആവശ്യമായ യുദ്ധോപകരണങ്ങളില്ല എന്നീ കാര്യങ്ങളാണ് കത്തില്‍ പ്രധാനമായും പരാമര്‍ശിക്കുന്നത്.
സൈന്യത്തിന് ആവശ്യമായ യന്ത്രസാമഗ്രികള്‍ എത്രയും പെട്ടെന്ന് ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് മാര്‍ച്ച് 12ന് പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നത്. ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും അനുകൂലനിലപാടുണ്ടാവാത്തതിനാലാണ് പ്രധാനമന്ത്രിയെ സമീപിച്ചതെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിരോധമന്ത്രാലയത്തിലെ നടപടിക്രമങ്ങള്‍ സങ്കീര്‍ണമായതിനാല്‍ വേണ്ടിവരുന്ന അധികമസമയമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും വി.കെ സിംഗ് ചൂണ്ടിക്കാട്ടുന്നു.
സൈനിക വാഹനം വാങ്ങിയതില്‍ കോടികളുടെ അഴിമതി നടന്നുവെന്ന കരസേനാ മേധാവി ജനറല്‍ വി.കെ സിങ്ങിന്റെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. ഇത് സംബന്ധിച്ച് മാര്‍ച്ച് 30ന് സി.ബി.ഐ വി.കെ സിംഗിനെ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.
സൈനിക ഇടപാടുകള്‍ അഴിമതി നടന്നുവെന്ന കാര്യം വി.കെ സിംഗ് തന്നെ നേരത്തെ അറിയിച്ചതായി എ.കെ ആന്റണിക്ക് വ്യക്തമാക്കിയിരുന്നു. വി.കെ സിംഗ് രേഖാമൂലം പരാതി നല്‍കാതിരുന്നതിനാലാണ് നടപടിയെടുക്കാതിരുന്നതെന്നാണ് ആന്റണി കഴിഞ്ഞദിവസം നല്‍കിയ വിശദീകരണം.
കരസേനയിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കിയാല്‍ 14 കോടി രൂപ ഇടനിലക്കാര്‍ കോഴയായി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം താന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും “ദ ഹിന്ദു”വിന് അനുവദിച്ച അഭിമുഖത്തിലാണ് സിംഗ് വ്യക്തമാക്കിയത്.
.