കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമെത്തി; കണ്ടെത്താനുള്ളത് 54 പേരെ
Heavy Rain
കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമെത്തി; കണ്ടെത്താനുള്ളത് 54 പേരെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th August 2019, 9:06 am

മലപ്പുറം: ഉരുള്‍പൊട്ടലില്‍ 63 പേരെ കാണാതായ മലപ്പുറം കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനു സൈന്യമെത്തി. മദ്രാസ് റെജിമെന്റിലെ 30 അംഗ സംഘമാണ് ഇന്നു രാവിലെ ഇവിടെയെത്തിയത്.

രാവിലെ മഴമാറി നിന്നതിനെത്തുടര്‍ന്നു ദുരന്തനിവാരണ സേന തിരച്ചില്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇപ്പോഴും മഴ ചാറുന്നുണ്ടെന്നതു ഭീഷണിയാണ്.

ഇപ്പോഴും 54 പേര്‍ മണ്ണിനടിയില്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. ഒമ്പതു മൃതദേഹങ്ങള്‍ നേരത്തേ കണ്ടെത്തിയിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിനിടയിലും ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതുകൊണ്ട് രക്ഷാപ്രവര്‍ത്തകരുടെ എണ്ണത്തിലും നേരത്തേ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

കവളപ്പാറയിലും നിലമ്പൂരിലും ഇന്നും നാളെയുമായി കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തും.

ഇന്ന് വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമഴയാകും ഇവിടങ്ങളില്‍ ഇന്നുണ്ടാവുക എന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചതോടെയാണിത്.

എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 204 മില്ലിമീറ്ററില്‍ കൂടുതല്‍ മഴയ്ക്കുള്ള സാധ്യതയുണ്ട്.

കഴിഞ്ഞ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ബുധനൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളം കയറിയിട്ടുണ്ട്. ഇവിടങ്ങളിലെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറിതുടങ്ങിയിട്ടുണ്ട്.