| Wednesday, 25th July 2012, 9:14 am

ആര്‍മി സഹായത്തോടെ ആസാം കലാപത്തെ നേരിടാന്‍ നീക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊക്രജാര്‍: ദക്ഷിണ ആസാമിലെ കലാപം നിയന്ത്രിക്കാനായി ആര്‍മി സംഘത്തെ നിയമിക്കാന്‍ നീക്കം. ആസാം ആഭ്യന്തര സെക്രട്ടറി ജി.ഡി ത്രിപാഠിയും പ്രതിരോധമന്ത്രാലവും പങ്കെടുത്ത ചര്‍ച്ചയിലാണ് ആര്‍മിയെ ആസാമിലേക്ക് അയക്കാന്‍ തീരുമാനിച്ചത്.[]

ബോഡോ വിഭാഗത്തില്‍പ്പെടുന്ന ആദിവാസികളും ന്യൂനപക്ഷ കുടിയേറ്റക്കാരും തമ്മിലുള്ള സംഘര്‍ഷം കൊക്രജാര്‍, ചിരാംഗ്, ധുബ്രി ജില്ലകളില്‍ പൊതുജീവിതത്തെ ബാധിച്ചു. ബൊങ്കായിഗാവ്, ഉദാല്‍ഗുരി ജില്ലകളിലേക്കും സംഘര്‍ഷം പടര്‍ന്നിട്ടുണ്ട്. ഇവിടങ്ങളില്‍ അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആക്രമണം രൂക്ഷമായ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലാണ് സൈന്യത്തെ വിന്യസിക്കാന്‍ തീരുമാനിച്ചത്. ആക്രമണത്തില്‍ മരണപ്പെട്ടവരുടെ സംഖ്യ 32 കഴിഞ്ഞ സാഹചര്യത്തില്‍ സ്ഥിതി എത്രയും വേഗം പരിഹരിക്കണമെന്നും നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് 5 പേര്‍ കൊല്ലപ്പെട്ടത്. 1,70,000 പേരാണ് വീട് നഷ്ടപ്പെട്ട് വിവിധ ക്യാമ്പുകളിലായി കഴിയുന്നത്.

സംഘര്‍ഷം നിലനില്‍ക്കുന്ന ബോഡോലാന്‍ഡ് മേഖലയില്‍ ഇന്നലെ ആക്രമണം രൂക്ഷമായിരുന്നു. ഗുവാഹത്തിയിലേക്കുള്ള രാജധാനി എക്‌സ്പ്രസ് ആക്രമിക്കപ്പെട്ടു. തുടര്‍ന്ന് വടക്കുകിഴക്കന്‍ മേഖലയിലെ തീവണ്ടി സര്‍വീസ് ഏതാണ്ട് പൂര്‍ണമായി തടസ്സപ്പെട്ടു. അതിനിടെ കൊക്രജാര്‍ ജില്ലയില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവ് നിലനില്‍ക്കുന്ന കൊക്രജാര്‍ മേഖലയിലെ രാംപൂരിലും ചപര്‍കാതയിലും അക്രമപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരാണ് വെടിയേറ്റ് മരിച്ചതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ എസ്.എന്‍. സിങ് അറിയിച്ചു. കൊക്രജാര്‍, ചിരാങ്, ധുബ്രി ജില്ലകളിലെ കലാപം അയല്‍ജില്ലകളായ ബോന്‍ഗായ്ഗാവ്, സോനിത്പൂര്‍, ഉദല്‍ഗുരി എന്നിവിടങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.

കൊക്രജാര്‍ ജില്ലയില്‍ അനിശ്ചിതകാല കര്‍ഫ്യൂ തുടരുകയാണ്. ചിരാങ് ജില്ലയില്‍ വൈകുന്നേരം ആറു മുതല്‍ രാവിലെ ആറുവരെ നിശാനിയമവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാനനില പുന:സ്ഥാപിച്ച് സ്ഥിതിഗതികള്‍ പൂര്‍വാവസ്ഥയിലാക്കാന്‍ എല്ലാ നടപടികളും കൈക്കൊള്ളണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയോട് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ച മന്‍മോഹന്‍സിങ് ആസാമിലെ സ്ഥിതിഗതികള്‍ വിലയിരുത്തി.

We use cookies to give you the best possible experience. Learn more