കൊച്ചി: കേരളാ തീരത്തെത്തിയ ശ്രീലങ്കന്‍ ബോട്ടില്‍ നിന്നും ആയുധങ്ങളും മയക്കുമരുന്നും പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് അങ്കമാലിയിലെ വീട്ടില്‍ റെയ്ഡ് നടത്തി എന്‍.ഐ.എ. കിടങ്ങൂരിലെ ഒരു വീട്ടിലാണ് എന്‍.ഐ.എ ഉദ്യോഗസ്ഥരെത്തി റെയ്ഡ് നടത്തിയത്.
കേസിലെ ഏഴാം പ്രതിയായ ശ്രീലങ്കന്‍ പൗരന്‍ സുരേഷ് രാജ് കിടങ്ങൂരില്‍ ഇപ്പോള്‍ റെയ്ഡ് നടന്ന വീട്ടില്‍ വാടകക്ക് താമസിച്ചിരുന്നു. സുരേഷ് നിയമവിരുദ്ധമായിട്ടായിരുന്നു ഇന്ത്യയില്‍ കഴിഞ്ഞിരുന്നത്.
തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലും കേസുമായി ബന്ധപ്പെട്ട് റെയ്ഡ് നടക്കുന്നുണ്ട്. ചെന്നൈയിലും തിരുവള്ളൂരിലുമുള്ള ആറ് സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്ന് എന്‍.ഐ.എ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ഏപ്രില്‍ അഞ്ചിനാണ് ശ്രീലങ്കന്‍ ബോട്ടില്‍ നിന്നും 300 കിലോ മയക്കുമരുന്നും അഞ്ച് എ.കെ-47 തോക്കുകളും ആയിരത്തോളം ബുള്ളറ്റുകളും കണ്ടെത്തിയത്. മൂന്ന് ശ്രീലങ്കന്‍ പൗരന്മാരെയായിരുന്നു അന്ന് ബോട്ടിനൊപ്പം പിടിയിലായത്.
ഇറാന്‍, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നും ആയുധങ്ങള്‍ കടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക നിഗമനം.
കേസിലുള്‍പ്പെട്ടവരുടെയും ആയുധക്കടത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെയും കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ പരിശോധന നടക്കുന്നതെന്ന് എന്‍.ഐ.എ അറിയിച്ചിട്ടുണ്ട്.
‘എല്‍.ടി.ടി.ഇുമായി ബന്ധപ്പെട്ട പുസ്തകങ്ങളും രേഖകളും റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ അന്വേഷണം ശക്തമായി തുടരും,’ എന്‍.ഐ.എ പറഞ്ഞു.
എന്‍.ഐ.എ കേസ് ഏറ്റെടുത്ത ശേഷം നടത്തിയ അന്വേഷണത്തിലാണ് സുരേഷ് ബാബു, സൗന്ദരാജന്‍ എന്നിവര്‍ പിടിയിലാവുന്നത്. ഇവര്‍ക്ക് പാകിസ്ഥാനിലെ ഡീലര്‍മാരുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.