തെഹ്റാൻ: ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് തെഹ്റാനിലെ മെട്രോയിൽ ആക്രമിക്കപ്പെട്ട 16 കാരി അമിതാ ഗർവാത് മരിച്ചു. ഒക്ടോബർ ഒന്നിന് നടന്ന ആക്രമണത്തെ തുടർന്ന് ഒരാഴ്ചയോളം അമിതാ ഗർവാത് ടെഹ്റാൻ ആശുപത്രിയിൽ കോമയിലായിരുന്നു.
ഇസ്ലാമിക വസ്ത്രധാരണം പിന്തുടരാൻ നിർബന്ധിച്ചുള്ള ഏറ്റുമുട്ടലിലാണ് കുട്ടി അബോധാവസ്ഥയിൽ ആയതെന്നുള്ള ആക്ടിവിസ്റ്റുകളുടെ വാദം അധികൃതർ നിഷേധിച്ചു.
എന്നാൽ ഇതുമായി ബന്ധപ്പെട്ട യാതൊരു വിശദീകരണവും ഇറാൻ ആഭ്യന്തരമന്ത്രാലയം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഹിജാബ് ധരിക്കാതെ അമിതാ ഗർവാദ് രണ്ടു സുഹൃത്തുക്കൾക്കൊപ്പം ട്രെയിനിനടുത്തേക്ക് വരുന്ന ദൃശ്യങ്ങളുടെ സി.സി.ടി.വി ഫൂട്ടേജ് ഐ.ആർ.എൻ.എ പുറത്തുവിട്ടിരുന്നു.
പിന്നീട് ട്രെയിനിൽ നിന്ന് ഒരു കുട്ടി പുറത്തുവരുന്നതും തൊട്ടുപിന്നാലെ മറ്റു യാത്രക്കാർ അബോധാവസ്ഥയിലുള്ള കുട്ടിയെ പുറത്തുകൊണ്ടുവരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
എന്നാൽ ഇറാനിയൻ സ്റ്റേറ്റ് ടി.വിയുടെ റിപ്പോർട്ടിൽ ട്രെയിനിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ ഒന്നും ഉൾപ്പെടുത്തിയിട്ടില്ല. എന്തുകൊണ്ടാണ് ഇത് പുറത്ത് വിടാത്തത് എന്നതിനെകുറിച്ച് ഒരു വിശദീകരണവും നൽകിയിട്ടില്ല.
തെഹ്റാൻ മെട്രോയിൽ മിക്ക ട്രെയിനുകളിലും ഒന്നിലധികം സി.സി.ടി.വി ക്യാമറകൾ ഉണ്ട്, അത് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കാണാൻ സാധിക്കും.
മഹ്സാ അമിനിയുടെ ഒന്നാം ചരമവാർഷികത്തിനു പിന്നാലെയാണ് അമിതാ ഗർവാതിന്റെ മരണം. ഇരുവരുടെയും മരണം സമാനമാണെന്ന് എ.പി ന്യൂസ് റിപ്പോർട്ട് ചെയ്തു.