|

യു.പിയില്‍ വിവാഹ സംഘത്തെ ആക്രമിച്ച് ലക്ഷക്കണക്കിനു രൂപയുടെ കൊള്ള; നവവധു കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുസഫര്‍നഗര്‍: വിവാഹ സംഘത്തെ ആക്രമിച്ച് വധുവിനെ കൊലപ്പെടുത്തി ആഭരണങ്ങളുള്‍പ്പെടെ ലക്ഷക്കണക്കിനു രൂപയുടെ കവര്‍ച്ച. ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയില്‍ ദല്‍ഹി – ഡെറാഡൂണ്‍ ദേശീയപാതയിലായിരുന്നു സംഭവം. ആയുധങ്ങളുമായായിരുന്നു കൊള്ളസംഘമെത്തിയതെന്ന് യു.പി പൊലീസ് പറഞ്ഞു.

ഡോറാല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാത്തോര്‍ ഗ്രാമത്തിനു സമീപത്തായിരുന്നു ആക്രമണം. സംഭവത്തില്‍ വരന്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗാസിയാബാദ് ജില്ലയിലെ വിവാഹചടങ്ങുകള്‍ക്കുശേഷം തിരികെ വരികയായിരുന്ന സംഘത്തെയാണ് കവര്‍ച്ചക്കാര്‍ ആക്രമിച്ചത്.

രണ്ടു കാറുകളിലുമായി ആയുധങ്ങളുമായെത്തിയ ആറംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. കൊള്ളക്കാരെ ചെറുത്തതാണു വധുവായ ഫര്‍ഹാന കൊല്ലപ്പെടാന്‍ കാരണം. ഇവരെ ഉടന്‍തന്നെ മുസഫര്‍നഗര്‍ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ലക്ഷങ്ങള്‍ വിലവരുന്ന ആഭരണങ്ങളും ഒരു കാറും കവര്‍ച്ച ചെയ്യപ്പെട്ടവയില്‍ ഉള്‍പ്പെടുന്നെന്ന പൊലീസ് പറഞ്ഞു. അക്രമികള്‍ക്കായി തിരച്ചില്‍ തുടങ്ങിയതായി എസ്.എസ്.പി മന്‍ജില്‍ സൈനി അറിയിച്ചു.