ന്യൂദല്‍ഹി: വിവാഹേതര ലൈംഗിക ബന്ധം നിയമവിധേയമാക്കിയ വിധി സൈനിക നിയമത്തിന് ബാധകമല്ലെന്ന് സുപ്രീം കോടതി. വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമായിരുന്ന 497ാം വകുപ്പ് റദ്ദാക്കിയ വിധിയിലാണ് സുപ്രീംകോടതി വ്യക്തത വരുത്തിയത്.
വിവാഹേതര ലൈംഗിക ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ സൈനിക നിയമപ്രകാരം സൈനികര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാമെന്നും, 497ാം വകുപ്പ് റദ്ദാക്കിയ വിധി സായുധ സേനാ നിയമങ്ങളിലെ വ്യവസ്ഥകളുമായി ബന്ധപ്പെട്ടതല്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഭരണഘടനയുടെ 33ാം അനുച്ഛേദപ്രകാരം ചില മൗലികാവകാശങ്ങളില്‍ നിന്ന് സൈനികരെ ഒഴിവാക്കിയുള്ള നിയമനിര്‍മാണങ്ങള്‍ ആകാമെന്നും കോടതി നിരീക്ഷിച്ചു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പ് ഭരണഘടനാ ബെഞ്ച് റദ്ദാക്കിയ 2018ലെ വിധിയില്‍ വ്യക്തത തേടി കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മാധവി ദിവാന്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
വിവാഹേതര ലൈംഗിക ബന്ധം നിയമവിധേയമാക്കിയ വിധി അത്തരം പ്രവര്‍ത്തികളിലേര്‍പ്പെടുന്ന സൈനികരില്‍ ചാഞ്ചല്യമുണ്ടാക്കുമെന്ന വാദവുമായാണ് പ്രതിരോധ മന്ത്രാലയം സുപ്രീംകോടതിയെ സമീപിച്ചത്.
പ്രസ്തുത വിധി വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ കുടുംബത്തില്‍ അകന്ന് നില്‍ക്കുന്ന സൈനികരുടെ മനസില്‍ കുടുംബം അനിഷ്ടകരമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുമെന്ന ആശങ്കയുണ്ടാക്കുമെന്നും ഹരജിയില്‍ പറയുന്നു.
എന്‍.ആര്‍.ഐ ആയ ജോസഫ് ഷൈന്‍ സമര്‍പ്പിച്ച ഹരജിയിന്മേലാണ് 2018 സെപ്റ്റംബര്‍ 27ന് വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമായിരുന്ന 497ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി ചരിത്രവിധി പുറപ്പെടുവിച്ചത്.