ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ മലയാള സിനിമയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. നായികമാര്‍ക്ക് പുറമെ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളും ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടുന്നത്.
അത്തരത്തില്‍ രാഖി ആര്‍.കെ. എന്ന ആര്‍ട്ട് ഡയറക്ടര്‍ മലയാള സിനിമയില്‍ നേരിടേണ്ടി വന്ന വിവേചനത്തെ കുറിച്ച് പറയുന്ന ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അജയന്റെ രണ്ടാം മോഷണം, അബ്രഹാം ഓസ്‌ലര്‍ എന്നീ സിനിമകളുടെ ആര്‍ട്ട് ഡയറക്ടറായിരുന്നു രാഖി.
പുരുഷന്മാരുടെ പേരുകള്‍ സിനിമയുടെ ടൈറ്റില്‍ ക്രെഡിറ്റ്‌സില്‍ കൊടുക്കുകയും സ്ത്രീയായത് കൊണ്ട് മാത്രം രാഖിയുടെ പേര് എന്‍ഡ് ക്രെഡിറ്റ്‌സില്‍ എഴുതിക്കാണിക്കുകയും ചെയ്യുകയായിരുന്നു.
അജയന്റെ രണ്ടാം മോഷണം എന്ന സിനിമ തിയേറ്ററില്‍ എത്തിയപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന വിവേചനത്തെ കുറിച്ച് പറഞ്ഞാണ് രാഖി തന്റെ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചത്. ചര്‍ച്ച ചെയ്യപ്പെടേണ്ടത് ലൈംഗിക അതിക്രമങ്ങള്‍ മാത്രമല്ലെന്ന് പറഞ്ഞു കൊണ്ടാണ് രാഖി തന്റെ കുറിപ്പ് ആരംഭിക്കുന്നത്.
രാഖിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ചര്‍ച്ച ചെയ്യപ്പെടേണ്ടത് ലൈംഗിക അതിക്രമങ്ങള്‍ മാത്രമല്ല, ആര്‍ട്ട് ഡയറക്ടറായ പെണ്ണൊരുത്തിക്കൊപ്പം പണിയെടുക്കാനുള്ള മാനക്കേട് കൊണ്ട് സംഘടിച്ച് മാറി നിന്ന് ചിത്രീകരണം തന്നെ പ്രതിസന്ധിയിലാക്കുകയും ഒടുവില്‍ ചിത്രം സ്‌ക്രീനില്‍ എത്തുമ്പോള്‍ അസോസിയേറ്റിന്റെയടക്കം പേര് ടൈറ്റില്‍ ക്രെഡിറ്റിസില്‍ കൊടുത്തിട്ടും ആര്‍ട്ട് ഡയറക്ടറുടെ പേര് എന്‍ഡ് ക്രെഡിറ്റ്‌സില്‍ മാത്രം എഴുതിക്കാണിച്ച് അതില്‍ ഗൂഡോന്മാദം നേടുകയും ചെയ്യുന്ന ആണ്‍ക്കൂട്ട മനോഭാവങ്ങള്‍ കൂടിയാണ്.
മുമ്പ് അബ്രഹാം ഓസ്‌ലര്‍ എന്ന സിനിമയുടെ സമയത്തും രാഖി തനിക്ക് നേരിടേണ്ടി വന്ന അവഗണനയെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സിനിമ തീയറ്ററില്‍ എത്തിയപ്പോള്‍ അസോസിയേറ്റ്മാരില്‍ മൂന്നാമനായി തരം താഴ്ത്തിയതിനെ കുറിച്ചായിരുന്നു രാഖി കുറിപ്പ് പങ്കുവെച്ചത്.
‘ആര്‍ട്ട് ഡയറക്ടര്‍’ ആയി പ്രവര്‍ത്തിച്ചതില്‍ ആദ്യം തീയേറ്ററില്‍ എത്തിയ സിനിമയാണ് ‘അബ്രഹാം ഓസ്‌ലര്‍’. പ്രൊഡക്ഷന്‍ ഡിസൈനര്‍ ആയ ഗോകുല്‍ദാസിനൊപ്പം ആദ്യമായി പോസ്റ്ററില്‍ (സെക്കന്റ് ലുക്ക്) പേര് വന്ന സിനിമ. തൃശൂര്‍ സീതാറാം മില്‍സില്‍ തയ്യാറാക്കിയ പഴയതും പുതിയതുമായ അനാട്ടമി ഹാള്‍, വയനാടും തൃശൂരും തയ്യാറാക്കിയ അലക്‌സാണ്ടറിന്റെ വീടും മുറിയും, കോഴിക്കോട് ഹോമിയോ കോളേജില്‍ ഒരുക്കിയ ജനറല്‍ സര്‍ജറി ഡിപ്പാര്‍ട്ട്‌മെന്റ്, എച്ച്.ഒ.ഡി/ സ്റ്റാഫ് റൂം, ഒ.പി., ജനറല്‍ വാര്‍ഡ്,
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ ഓട്ടോപ്‌സി റൂം, നീര്‍വാരം പൊലീസ് സ്റ്റേഷന്‍ റെസ്റ്റ് റൂം (വയനാട്), സ്റ്റുഡന്റ്‌സ് റെന്റല്‍ ഹൗസ് (കോഴിക്കോട്), സണ്‍ഷൈന്‍ ഹോസ്പിറ്റല്‍ പ്രീ-ഒ.ടി. റൂം, ലോണ്ടറി റൂം (രാജീവ് ഗാന്ധി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍, പാലക്കാട്) എന്നിവയെല്ലാം ആസ്വദിച്ചതാണ് ചെയ്തു തീര്‍ത്തത്. സിനിമ കണ്ടവരൊക്കെ നല്ല അഭിപ്രായം അറിയിക്കുന്നു, സന്തോഷം! സിനിമ തീയേറ്ററില്‍ എത്തിയപ്പോള്‍ പക്ഷെ ‘അസോസിയേറ്റ്’മാരില്‍ മൂന്നാമനായി തരം താഴ്ത്തിയിട്ടുണ്ട്. ഇവിടെ പിന്നെ ഇങ്ങനെയൊക്കെയാണല്ലോ..!’
Content Highlight: ARM Movie Art Director Rakhi’s Facebook Post