ന്യൂദല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി ഉള്‍പ്പടെയുള്ള സാഹിത്യ-സാംസ്‌കാരിക അവാഡുകള്‍ നല്‍കുമ്പോള്‍ രാഷ്ട്രീയ കാരണങ്ങളാല്‍ മടക്കിക്കൊടുക്കില്ലെന്ന് മുന്‍കൂറായി ഉറപ്പുവാങ്ങിയ ശേഷം മാത്രമേ നല്‍കാവുവെന്ന് പാര്‍ലമെന്റ് സമിതിയുടെ ശിപാര്‍ശ. ഇത്തരത്തില്‍ അവാര്‍ഡുകള്‍ തിരിച്ചുകൊടുക്കുന്നവരെ ഭാവിയില്‍ കേന്ദ്രം നല്‍കുന്ന അവാര്‍ഡിന് പരിഗണിക്കേണ്ടതില്ലെന്നും സഭാ സമിതി സാംസ്‌കാരിക മന്ത്രാലയത്തിന് മുന്നില്‍ നിര്‍ദേശംവെച്ചു.
രാഷ്ട്രീയ കാരണങ്ങളാല്‍ അവാര്‍ഡുകള്‍ തിരിച്ചുകൊടുക്കുന്നത് രാജ്യത്തോടുള്ള അനാദരവാണെന്നാണ് വാദം. അവാര്‍ഡുകള്‍ തിരിച്ചുകൊടുക്കുമ്പോള്‍ മറ്റ് അവാര്‍ഡ് ജേതാക്കളുടെ നേട്ടം വിലകുറച്ചുകാണുന്നതിന് തുല്യമാണെന്നും സഭാ സമിതി നരീക്ഷിക്കുന്നു. അതുകൊണ്ട് തന്നെ അവാര്‍ഡ് തിരിച്ചേല്‍പിച്ച് ഭാവിയില്‍ ഒരിക്കലും അവാര്‍ഡിനെ അനാദരിക്കില്ലെന്ന ഉറപ്പ് എഴുതി വാങ്ങണമെന്നും സഭാ സമിതി അഭിപ്രായപ്പെടുന്നു.
എന്നാല്‍ വിഷയത്തില്‍ സഭാ സമിതി അംഗങ്ങളായ സി.പി.ഐ.എം എം.പി എ.എ. റഹീം കോണ്‍ഗ്രസ് എം.പി. കെ. മുരളീധരന്‍ നിരീക്ഷണത്തോട് വിയോജിപ്പാണെന്ന് അറിയിച്ചു. അക്കാദമികള്‍ പ്രതിഭകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും അവരെ അകറ്റുകയല്ല വേണ്ടതെന്നും എം.പിമാര്‍ വിയോജനക്കുറിപ്പെഴുതി.
‘പ്രതിഷേധിക്കാനും ജനാധിപത്യ സംവിധാനത്തില്‍ അഭിപ്രായം പ്രകടിപ്പിക്കാനും വ്യത്യസ്ത മാര്‍ഗങ്ങള്‍ ഉണ്ട്. അത് തെരഞ്ഞെടുക്കാനും സ്വീകരിക്കാനുമുള്ള അവകാശം പൗരനുണ്ട്. അവാര്‍ഡ് തിരിച്ചേല്‍പ്പിക്കുന്നത് ഒരു പ്രതിഷേധ രീതിയായിട്ടാണ് കണക്കാക്കുന്നത്.
പ്രതിഷേധത്തിന്റെ യഥാര്‍ഥ കാരണം പരിശോധിച്ച് പരിഹരിക്കാന്‍ നടപടിയെടുക്കുകയാണ് വേണ്ടത്,’ അംഗങ്ങള്‍ വിയോജനക്കുറിപ്പില്‍ രേഖപ്പെടുത്തി.