വാരണാസിയിലെ തര്‍കേശ്വര്‍ മഹാദേവ് ക്ഷേത്രത്തിലെ ശിവലിംഗത്തിന് മാസ്‌ക് ധരിപ്പിച്ചു. വിഷവാതകത്തില്‍ നിന്ന് രക്ഷ തേടിയാണ് മാസ്‌ക് ധരിപ്പിച്ചതെന്നാണ് ക്ഷേത്ര അധികൃതുടെ വിശദീകരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ ശിവലിംഗത്തിന് മാത്രമല്ല മറ്റ് ക്ഷേത്രങ്ങളിലുള്ള ദുര്‍ഗ ദേവി, കാളി ദേവി, സായി ബാബ എന്നിവയുടെ വിഗ്രഹങ്ങള്‍ക്കും മാസ്‌ക് ധരിപ്പിച്ചിട്ടുണ്ട്.
മാസ്‌ക് ധരിച്ചിരിക്കുന്ന വിഗ്രഹങ്ങളെ കണ്ട് ഇപ്പോള്‍ നിരവധി വിശ്വാസികളും മാസ്‌ക് ധരിക്കാന്‍ ആരംഭിച്ചെന്ന് സിഗ്രയിലെ ശിവ-പാര്‍വ്വതി ക്ഷേത്രത്തിലെ പൂജാരി ഹരീഷ് മിശ്ര പറഞ്ഞു.
വാരണാസിയെന്നാല്‍ വിശ്വാസ കേന്ദ്രമാണ്. ഞങ്ങളുടെ വിഗ്രഹങ്ങളെ ഞങ്ങള്‍ കാണുന്നത് ജീവനുള്ള ദൈവങ്ങളായാണ്. അവര്‍ സന്തോഷത്തോടെയും സൗകര്യത്തോടെയും ഇരിക്കാന്‍ എന്ത് വേദനയും ഞങ്ങള്‍ സഹിക്കും. വിഗ്രഹങ്ങള്‍ തണുത്തിരിക്കാന്‍ ഞങ്ങള്‍ ചന്ദനം പുരട്ടും. മഞ്ഞുകാലത്ത് ഞങ്ങള്‍ തുണി പുതപ്പിക്കും. അത് പോലെ മലിനീകരണത്തില്‍ നിന്ന് രക്ഷിക്കാന്‍ മാസ്‌ക് ധരിപ്പിക്കുന്നുവെന്നും ഹരീഷ് മിശ്ര പറഞ്ഞു.