| Friday, 4th August 2023, 5:40 pm

സത്യത്തിനും അസത്യങ്ങള്‍ക്കുമിടയിലെ ശാസ്ത്രം

മാര്‍ക്കണ്ഡേയ കട്ജു

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ ചില പ്രായമായ ബന്ധുക്കള്‍ ദല്‍ഹിയിലെ അക്ഷരധാം ക്ഷേത്രം സന്ദര്‍ശിക്കാന്‍ ആഗ്രഹം അറിയിക്കുകയുണ്ടായി. ഞാനവരെ അവിടെ കൊണ്ടുപോയി. അവിടെ ഒരു തുരങ്കത്തിനുള്ളില്‍ സാംസ്‌കാരിക ബോട്ട് സവാരിയുണ്ട്. ഞങ്ങളതില്‍ സഞ്ചരിച്ചു. ഈ തുരങ്കത്തിനുള്ളില്‍തന്നെ പുരാതന ഇന്ത്യന്‍ ചരിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങളുമുണ്ട്. ശുശ്രുതന്‍ ശസ്ത്രക്രിയ ചെയ്യുന്നത് പോലെയും ആര്യഭട്ടന്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് ഗണിതപാഠം വിശദീകരിക്കുന്നത് പോലെയും പാണിനി വ്യാകരണം പഠിപ്പിക്കുന്നത് പോലെയുമുള്ള ചിത്രങ്ങള്‍. ഇതില്‍ പലതും സത്യമാണ്. എന്നാല്‍ ഒരു രംഗം എന്നെ പൂര്‍ണമായും അമ്പരപ്പിച്ചു.

പുരാതന ഇന്ത്യയില്‍ നിര്‍മിച്ചതായി പറയപ്പെടുന്ന ഒരു വിമാനത്തിന്റെ ദൃശ്യമായിരുന്നു അത്. അതിനുശേഷം ഞാന്‍ ക്ഷേത്രത്തിലെ പ്രധാന പൂജാരിയുടെ അടുത്ത് പോയി മറ്റ് ദൃശ്യങ്ങള്‍ സത്യമാണെന്നും നമ്മുടെ പൂര്‍വികരുടെ മഹത്തായ നേട്ടങ്ങളെക്കുറിച്ച് അറിയേണ്ട ആളുകളെ തീര്‍ച്ചയായും കാണിക്കേണ്ടതാണെന്നും എന്നാല്‍, പുരാതന ഇന്ത്യയിലെ വിമാനത്തിന്റെ ദൃശ്യം തെറ്റാണെന്നും പറഞ്ഞു.

മാർകണ്ഠേയ കട്ജു

അന്ന് വിമാനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ഇത്തരം അസത്യങ്ങള്‍ കാണിക്കുന്നത് നമ്മുടെ പൂര്‍വികരുടെ മഹത്തായ നേട്ടങ്ങളുടെ സത്യങ്ങളെ അസത്യത്തില്‍ കലര്‍ത്തി മങ്ങലേല്‍പിക്കുന്നതാണെന്നും പറഞ്ഞു. ദൗര്‍ഭാഗ്യവശാല്‍, സമീപ വര്‍ഷങ്ങളില്‍ ഉന്നത രാഷ്ട്രീയ അധികാരികളും അവരില്‍നിന്ന് ആനുകൂല്യം ആഗ്രഹിക്കുന്ന ഇന്ത്യയിലെ ചില ശാസ്ത്രജ്ഞര്‍പോലും അത്തരം തെറ്റായതും അതിശയകരവുമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് കണ്ടുവരുന്നു. ഇത് മുന്‍കാലങ്ങളില്‍ ശാസ്ത്രത്തിലെ നമ്മുടെ യഥാര്‍ത്ഥവും മഹത്തരവുമായ നേട്ടങ്ങളെ ദുര്‍ബലപ്പെടുത്തുകയും ലോകത്തിന് മുന്നില്‍ നമ്മെ പരിഹാസപാത്രമാക്കുകയും ചെയ്യുന്നു. അതിനാല്‍ ഞാനീ വിഷയം ഇവിടെ വിശദമാക്കുകയാണ്.

സത്യങ്ങള്‍

1. ലോകത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിലൊന്ന് 2500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യക്കാര്‍ കണ്ടുപിടിച്ച ഗണിതശാസ്ത്രത്തിലെ ദശാംശ സമ്പ്രദായമാണ്. ഇത് സാധ്യമായിരുന്നില്ലെങ്കില്‍ ശാസ്ത്ര പുരോഗതി വളരെ മന്ദഗതിയിലാകുമായിരുന്നു.
ആര്യഭട്ടന്‍, ബ്രഹ്മഗുപ്തന്‍, വരാഹമിഹിര്‍ തുടങ്ങിയവര്‍ ഗണിതശാസ്ത്രത്തില്‍ വലിയ മുന്നേറ്റം നടത്തിയിട്ടുള്ളവരാണ് (ഗൂഗിളില്‍ നോക്കുക).

2. ജ്യോതിശാസ്ത്രത്തില്‍ വലിയ പുരോഗതികൈവരിച്ചവരായിരുന്നു പുരാതന ഇന്ത്യക്കാര്‍. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ചലനങ്ങള്‍ നഗ്‌നനേത്രങ്ങളാല്‍ ശ്രദ്ധാപൂര്‍വ്വം പഠിച്ചു (അന്ന് ദൂരദര്‍ശിനികള്‍ ഇല്ലായിരുന്നു). അവരുടെ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ‘പത്ര’ങ്ങള്‍ക്ക് ഇന്നും സൂര്യ, ചന്ദ്ര ഗ്രഹണങ്ങളുടെ സമയം കൃത്യമായി പ്രവചിക്കാന്‍ കഴിയുന്നു.

3. പ്ലാസ്റ്റിക് സര്‍ജറി 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ ശുശ്രുതന്‍ കണ്ടുപിടിച്ചതാണ്. ഏകദേശം 200 വര്‍ഷങ്ങള്‍ മുമ്പ് മാത്രമാണ് യൂറോപ്യന്മാര്‍ അത് പഠിച്ചത്. പ്ലാസ്റ്റിക് സര്‍ജറിയില്‍ പ്ലാസ്റ്റിക് ഉപയോഗിച്ചില്ല. മറിച്ച് സ്വന്തം ശരീരത്തിന്റെ ഒരു കഷ്ണം നീക്കം ചെയ്ത് ശരീരത്തിന്റെ മറ്റൊരു ഭാഗത്ത് സ്ഥാപിക്കുകയാണ് ചെയ്തത്. ഉദാഹരണത്തിന്, ഒരു ഹൃദയ ബൈപാസ് സര്‍ജറിയില്‍ (ഹൃദയ ധമനികള്‍ തടസ്സപ്പെടുമ്പോള്‍), ഒരാളുടെ കാലിലെ സിരയുടെ ഒരു ഭാഗം നീക്കം ചെയ്ത് സ്വന്തം ഹൃദയത്തില്‍ സ്ഥാപിക്കുന്നു. ഇത്തരം സാഹചര്യത്തില്‍, മറ്റൊരാളുടെ ശരീരത്തിന്റെ ഒരുഭാഗം നമ്മുടെ ശരീരത്തില്‍ വെക്കാന്‍ കഴിയില്ല, കാരണം നമ്മുടെ പ്രതിരോധ സംവിധാനം അതിനെ നിരസിക്കും. ഈ കണ്ടെത്തലുകള്‍ നടത്തിയത് ശുശ്രുതനാണ്.
ചരകനെപ്പോലുള്ള പ്രാചീന ഇന്ത്യന്‍ ഭിഷഗ്വരന്മാര്‍ അക്കാലത്ത് വൈദ്യശാസ്ത്രത്തില്‍ ലോകത്തിന്റെ തന്നെ മുന്നിലായിരുന്നു.

4. ഹാരപ്പ-മൊഹന്‍ജദാരോ(സിന്ധുനദീതട) നാഗരികതയില്‍ ടൗണ്‍ പ്ലാനിങ് എന്ന ആശയം ഇന്ത്യക്കാര്‍ വികസിപ്പിച്ചെടുത്തിരുന്നു (ഇന്ന് നമ്മുടെ മിക്ക നഗരങ്ങളിലും കടലാസില്‍ മാത്രം നിലനില്‍ക്കുന്നത്). മികച്ച ഡ്രെയിനേജ് അഥവാ മലിനജല സംവിധാനം (ഇന്നത്തെ ഇന്ത്യയില്‍ ഇത് പല നഗരങ്ങളിലും തകര്‍ന്നു) ഉണ്ടായിരുന്നു. അതിശയിപ്പിക്കുന്ന ഒരു ആധുനിക തുറമുഖം അന്ന് (ലോഥലില്‍) നിര്‍മിച്ചിരുന്നു.

5. പുരാതന ഇന്ത്യക്കാര്‍ക്ക് വാസ്തുവിദ്യയില്‍ അഗാധമായ അറിവുണ്ടായിരുന്നു. ഉദാഹരണത്തിന് വലുതും അവിശ്വസനീയവുമാണ് ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങള്‍. പുരാതന, മധ്യകാല ദക്ഷിണേന്ത്യക്കാരുടെ വാസ്തുവിദ്യയെയും ജ്യാമിതിയെയുംകുറിച്ചുള്ള ഉയര്‍ന്ന തലത്തിലുള്ള അറിവ് വെളിപ്പെടുത്തുന്നതാണ് അവ.

തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം അതിശയിപ്പിക്കുന്നതാണ്.(ഇത് ഈജിപ്ഷ്യന്‍ പിരമിഡുകളെ ഓര്‍മപ്പെടുത്തുന്നു) നിര്‍മാതാക്കള്‍ക്ക് എങ്ങനെയാണ് ഇത്രയും വലിയ കല്ലുകള്‍വെച്ച് ഇത് നിര്‍മിക്കാന്‍ കഴിഞ്ഞതെന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. ഒഡീഷയിലെ കൊണാര്‍ക്ക് ക്ഷേത്രം, കശ്മീരിലെ മാര്‍ത്താണ്ഡ ക്ഷേത്രം മുതലായവ പുരാതന ഇന്ത്യക്കാരുടെ വാസ്തുവിദ്യയെക്കുറിച്ചുള്ള ഉയര്‍ന്ന തലത്തിലുള്ള അറിവ് കാണിക്കുന്നവയാണ്. പല്ലവ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ മഹാബലിപുരത്തെ പുരാതന തുറമുഖ നഗരത്തിലെ ‘ഗംഗയുടെ ഇറക്കം’ എന്ന ഭീമാകാരമായ ശിലാഫലകം ശരിക്കും അത്ഭുതകരം തന്നെയാണ്.

6. ഏകദേശം 2500 വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹാവ്യാകരണ പണ്ഡിതനായ പാണിനിയാണ് ശാസ്ത്രീയ വ്യാകരണം കണ്ടുപിടിച്ചത്. ഇന്നും ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍ തുടങ്ങിയ ഭാഷകളില്‍ ഉപയോഗിക്കുന്ന റോമന്‍ അക്ഷരമാലകള്‍ അശാസ്ത്രീയമായാണ് ക്രമീകരിച്ചിരിക്കുന്നത്. d ക്ക് ശേഷം e, e ക്ക് ശേഷം f, hന് ശേഷം i, pക്ക് ശേഷം q, yക്ക് ശേഷം z മുതലായവ വരുന്നതിന് യുക്തിസഹമായ കാരണങ്ങളൊന്നുമില്ല തന്നെ.

എന്നാല്‍, മറുവശത്ത് പാണിനി തന്റെ ‘അഷ്ടാധ്യായി’ എന്ന പുസ്തകത്തിലെ ആദ്യത്തെ 14 സൂത്രങ്ങളില്‍ സ്വരങ്ങളും വ്യഞ്ജനാക്ഷരങ്ങളും ശാസ്ത്രീയമായി ക്രമീകരിച്ചു. അങ്ങനെ, ക വര്‍ഗത്തെ അതായത് ക, ഖ, ഗ, ഘ ങ്ങക്ക് 5 വ്യഞ്ജനാക്ഷരങ്ങളുണ്ട്, എല്ലാ ശബ്ദങ്ങളും തൊണ്ടയില്‍ നിന്ന് പുറപ്പെടുവിക്കുന്നു.

‘ച’ വര്‍ഗത്തിന് നാവിന്റെ മധ്യത്തില്‍ നിന്നും ‘ട’ വര്‍ഗത്തിന് വായയുടെ മേല്‍ക്കൂരയില്‍ നിന്നും ‘ത’ വര്‍ഗത്തിന് നാവിന്റെ അഗ്രത്തില്‍ നിന്നും ‘പ’ വര്‍ഗത്തിന് ചുണ്ടുകളില്‍ നിന്നും പുറപ്പെടുവിക്കുന്ന ശബ്ദങ്ങളുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സില്‍ ഇന്നും പാണിനിയുടെ വ്യാകരണം ഉപയോഗിക്കുന്നു.

അസത്യങ്ങള്‍

1. ലോകത്തിലെ ആദ്യത്തെ വിമാനം(കിറ്റി ഹോക്ക്) അമേരിക്കയില്‍ 1,903ല്‍ റൈറ്റ് സഹോദരന്മാര്‍ നിര്‍മിച്ചതാണെന്ന് എല്ലാവര്‍ക്കും അറിയാം. പുരാതന ഇന്ത്യയില്‍ വിമാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍, പുരാതന ഇന്ത്യയില്‍ എഞ്ചിനുകള്‍ ഉണ്ടായിരുന്നിരിക്കണം (കാരണം വിമാനത്തിന് ഒരു എഞ്ചിന്‍ ആവശ്യമാണ്).

റൈറ്റ് സഹോദരന്മാര്‍

അങ്ങനെയെങ്കില്‍, രാമായണത്തിലും മഹാഭാരതത്തിലും ചിത്രീകരിക്കുന്ന പടയാളികള്‍ രഥങ്ങളിലും കുതിരകളിലും യുദ്ധം ചെയ്യുന്നതിനുപകരം ടാങ്കുകളില്‍ യുദ്ധം ചെയ്യണമായിരുന്നു.

2. അതുപോലെ, പ്രാചീന ഇന്ത്യയില്‍ (മഹാഭാരതത്തിലും രാമായണത്തിലും ബ്രഹ്മാസ്ത്രം, ആഗ്‌ന്യാസ്ത്രം, നാരായണാസ്ത്രം മുതലായവയുടെ പരാമര്‍ശം ഉള്ളതിനാല്‍) ഗൈഡഡ് മിസൈലുകളും ആറ്റംബോംബുകളും ഉണ്ടായിരുന്നു എന്ന വാദവും അസംബന്ധമാണ്. ഇവ കേവലം കാവ്യ ഭാവനകള്‍ മാത്രമായിരുന്നു.

3. പുരാതന ഇന്ത്യക്കാര്‍ക്ക് തല മാറ്റിവെക്കല്‍ ശസ്ത്രക്രിയയും ജനിതക ശാസ്ത്രവും അറിയാമായിരുന്നുവെന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി മോദി അവകാശപ്പെട്ടത്. ഗണപതിയുടെ തല മാറ്റിവെക്കലും മഹാഭാരതത്തിലെ കുന്തിയുടെ ഗര്‍ഭപാത്രത്തിന് പുറത്ത് കര്‍ണന്റെ ജനനവും അദ്ദേഹം പരാമര്‍ശിച്ചു.

എന്റെ അഭിപ്രായത്തില്‍, പുരാതന ഇന്ത്യക്കാര്‍ക്ക് തല മാറ്റിവെക്കല്‍ ശസ്ത്രക്രിയ അറിയാമായിരുന്നു എന്നത് വ്യാജമായ വാദമാണെന്നാണ്.
ഒന്നാമതായി, നമ്മുടെ ശരീരത്തില്‍ രക്തചംക്രമണം നടക്കുമ്പോള്‍ ധാരാളം രക്തം തലയിലേക്കാണ്(മൊത്തം മൂന്നിലൊന്ന്) പോകുന്നത്, അതിനാല്‍, തലയിലെ ശസ്ത്രക്രിയ ധാരാളം രക്തനഷ്ടത്തിന് കാരണമാകുന്നു, അത് ഒരാളുടെ ശരീരത്തിന് നിര്‍ത്താന്‍ കഴിയില്ല.

രണ്ടാമതായി, ഒരാള്‍ യഥാര്‍ത്ഥത്തില്‍ ഒരാളുടെ തലച്ചോറാണെന്ന് തിരിച്ചറിയണം. ഒരാളുടെ ചിന്ത, യുക്തി, ഓര്‍മകള്‍, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള കല്‍പ്പനകള്‍, സംവേദനങ്ങള്‍ രേഖപ്പെടുത്തല്‍ തുടങ്ങിയവയെല്ലാം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളാണ്.

ഒരാളുടെ കാലോ കൈയോ നഷ്ടപ്പെട്ടാല്‍, കൃത്രിമ അവയവം പകരംവെക്കാം. കൂടാതെ, ഹൃദയം, വൃക്ക അല്ലെങ്കില്‍ കരള്‍ മാറ്റിവെക്കല്‍ ഉണ്ടാകാം. എന്നാല്‍ ഒരാളുടെ തല പറിച്ചുമാറ്റി (അത് ചെയ്യാമെന്ന് കരുതുക) മറ്റൊരാളുടെ തല അതിന്റെ സ്ഥാനത്ത് വെക്കുകയാണെങ്കില്‍, അത് ഒരാളുടെ ശരീരത്തില്‍ ജീവിക്കുന്ന മറ്റൊരാള്‍ ആയിരിക്കും.

4. 2019 ജനുവരിയില്‍, 106-ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിലെ പ്രഭാഷകര്‍, സ്റ്റെം സെല്‍ ഗവേഷണത്തിന് തുടക്കമിട്ടത് പുരാതന ഹിന്ദുക്കളാണെന്ന് അവകാശപ്പെട്ടു.

‘സ്റ്റെം സെല്‍, ടെസ്റ്റ് ട്യൂബ് സാങ്കേതിക വിദ്യ എന്നിവ കാരണം ഞങ്ങള്‍ക്ക് ഒരുഅമ്മയില്‍ നിന്ന് 100 കൗരവര്‍ ഉണ്ടായി” – പുരാതന ഹൈന്ദവ ഇതിഹാസമായ മഹാഭാരതത്തെ പരാമര്‍ശിച്ച് ആന്ധ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ജി. നാഗേശ്വര്‍ റാവു പറഞ്ഞതാണിത്. രാഷ്ട്രീയക്കാരാല്‍ മാത്രമല്ല, ശാസ്ത്രജ്ഞരെന്ന് അവകാശപ്പെടുന്ന വ്യക്തികളാലും (നാസി ജര്‍മ്മനിയിലെന്നപോലെ) സമീപ വര്‍ഷങ്ങളില്‍ കപടശാസ്ത്രം എങ്ങനെ പ്രോത്സാഹിപ്പിക്കപ്പെട്ടുവെന്ന് ഇത് കാണിക്കുന്നു.

5. 2018 ഏപ്രിലില്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുരാതന ഇന്ത്യക്കാരാണ് ഇന്റര്‍നെറ്റ് കണ്ടുപിടിച്ചതെന്ന് അവകാശപ്പെടാന്‍ മഹാഭാരതത്തില്‍ നിന്നുള്ള ഒരു ഉദാഹരണം ഉപയോഗിച്ചു. ഇതിഹാസത്തിലെ കഥാപാത്രങ്ങളിലൊരാളായ സഞ്ജയന്‍ ധൃതരാഷ്ട്ര രാജാവിന് മൈലുകള്‍ അകലെ നടക്കുന്ന കുരുക്ഷേത്ര യുദ്ധത്തിന്റെ വിവരണം നല്‍കാന്‍ കഴിഞ്ഞുവെന്നത് പ്രാചീന ഇന്ത്യയില്‍ ഇന്റര്‍നെറ്റും സാറ്റലൈറ്റ് സാങ്കേതിക വിദ്യകളും ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതായാണ് അദ്ദേഹം പറഞ്ഞത്.

ന്യൂട്ടനും ഐന്‍സ്‌റ്റൈനും വളരെ മുമ്പുതന്നെ ഞങ്ങള്‍ ഗുരുത്വാകര്‍ഷണ സിദ്ധാന്തം കണ്ടെത്തിയിരുന്നുവെന്നും ഗോമൂത്രത്തിന് ക്യാന്‍സര്‍ ഭേദമാക്കാനാവുമെന്നും മറ്റും അവകാശപ്പെട്ടു. ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് ഒരു സര്‍ക്കസാണെന്നും ഇനിയൊരിക്കലും അതില്‍ പങ്കെടുക്കില്ലെന്നും പ്രതിജ്ഞയെടുത്തുവെന്ന് ഇന്ത്യന്‍ വംശജനായ നോബല്‍ സമ്മാന ജേതാവ് വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ പറയുകയുണ്ടായി.
ഇതെല്ലാം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് വംശീയ ‘ശാസ്ത്രം’ കഠിനമായി പ്രവര്‍ത്തിച്ച നാസി ജര്‍മ്മനിയെയാണ്.

ഞങ്ങളുടെ ശാസ്ത്രീയ നേട്ടങ്ങളെക്കുറിച്ച് അസംബന്ധവും അസത്യവുമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിലൂടെ, സത്യത്തെ അസത്യവുമായി കൂട്ടിക്കുഴച്ച്, യഥാര്‍ത്ഥത്തില്‍ അഭിമാനിക്കേണ്ടതിനെക്കുറിച്ചുള്ളവയെ മാറ്റിസ്ഥാപിച്ച് വിദേശികളുടെ മുന്നില്‍ സംശയാസ്പദമാക്കുകയും പലപ്പോഴും അവരെ ചിരിപ്പിക്കുകയും ചെയ്യുന്നു. ഇന്നത്തെ ഇന്ത്യയില്‍ വലിയ സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ട് (ദാരിദ്ര്യം, പോഷകാഹാരക്കുറവ്, തൊഴിലില്ലായ്മ മുതലായവ) എന്റെ അഭിപ്രായത്തില്‍ ഇവ ശാസ്ത്രത്തിന് മാത്രമേ പരിഹരിക്കാന്‍ കഴിയൂ. എന്നാല്‍ അത് യഥാര്‍ത്ഥ ശാസ്ത്രമായിരിക്കണം, കപട ശാസ്ത്രമാവരുത്.

(സ്വതന്ത്ര പരിഭാഷ- വി.പി. റജീന) 

Content Highlight: Markandey Katju’s article about fact and science

മാര്‍ക്കണ്ഡേയ കട്ജു

സുപ്രീംകോടതി മുന്‍ ജഡ്ജിയാണ് മാര്‍ക്കണ്ഡേയ കട്ജു.

We use cookies to give you the best possible experience. Learn more