| Saturday, 20th May 2023, 3:19 pm

അച്ഛന്റെ പേര് നിലനിര്‍ത്തിക്കൊണ്ട് പോകണമെന്നുണ്ടായിരുന്നു: അര്‍ജുന്‍ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അച്ഛന്റെ പേര് നിലനിര്‍ത്തിക്കൊണ്ട് പോകണമെന്നുണ്ടായിരുന്നെന്നും നല്ലൊരവസരത്തിനായി ഒരുപാട് കാത്തിരുന്നിട്ടുണ്ടെന്നും നടന്‍ അര്‍ജുന്‍ അശോകന്‍. അമല്‍ നീരദ്, സമീര്‍ താഹിര്‍, അന്‍വര്‍ റഷീദ് തുടങ്ങിയവരുടെ കൂടെ സിനിമ ചെയ്യാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നെന്നും സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറഞ്ഞു.

‘എനിക്ക് ബി.കോം. കഴിഞ്ഞ് തുടര്‍ന്ന് പഠിക്കാന്‍ താല്‍പര്യമില്ലായിരുന്നു. അതുകൊണ്ടാണ് സപ്ലി പോലും കിട്ടിയത്. എങ്ങനെയെങ്കിലും സിനിമയില്‍ കയറണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്റെ കുറേ ഫോട്ടോസും വീഡിയോസുമൊക്കെയെടുത്ത് ഡയറക്ടേര്‍സിനൊക്കെ അയച്ചുകൊടുത്തിരുന്നു.

അവരെ കോണ്‍ടാക്ട് ചെയ്യമ്പോള്‍ അവര്‍ പറയും അടുത്ത സിനിമയില്‍ നോക്കാം, നിലവില്‍ ചാന്‍സൊന്നുമില്ലെന്ന്. പിന്നീട് സമീര്‍ ഇക്ക(സമീര്‍ താഹിര്‍)യോടും അമലേട്ടനോടുമൊക്കെ സംസാരിക്കാന്‍ അവസരം കിട്ടി.

എനിക്ക് ആ ഒരു സര്‍ക്കിളില്‍ ആദ്യം പടം ചെയ്യണമെന്നുണ്ടായിരുന്നു. പിന്നീടാണ് ‘പറവ’യില്‍ ചാന്‍സ് കിട്ടുന്നത്. പറവ ചെയ്തുകൊണ്ടിരിക്കുമ്പോള്‍തന്നെയാണ് ട്രാന്‍സ് ചെയ്യാന്‍ അവസരം കിട്ടിയത്.

പിന്നെ ‘ഉണ്ട’യിലും ‘മന്ദാര’ത്തിലുമൊക്കെ അവസരം ലഭിച്ചു. ‘പറവ’യില്‍ കിട്ടിയ അവസരം എനിക്ക് വളരെ ഗുണം ചെയ്തു. നടനാകാന്‍ കഴിഞ്ഞില്ലെങ്കില്‍ അസിസ്റ്റന്റ് ഡയറക്ടറെങ്കിലും ആകണമെന്നുണ്ടായിരുന്നു’, അര്‍ജുന്‍ അശോകന്‍ പറഞ്ഞു.

തനിക്ക് ഹേറ്റേഴ്‌സൊക്കെയുണ്ടെന്നും താന്‍ ചെയ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് തന്നോടൊരു അനുകമ്പയും സ്‌നേഹവുമൊക്കെയുണ്ടെന്നും നടന്‍ പറഞ്ഞു. അഭിനയിച്ച സിനിമകളൊക്കെ അടുത്തടുത്ത് റിലീസ് ഉണ്ടാവുന്നത് കൊണ്ട് താന്‍ കുറേ പടങ്ങള്‍ ചെയ്യുന്നത് പോലെയൊക്കെ ആളുകള്‍ക്ക് ചിലപ്പോള്‍ തോന്നിയേക്കാമെന്നും നടന്‍ പറഞ്ഞു.

‘ഞാന്‍ ചെയ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കെന്നോടൊരു അനുകമ്പയും സ്‌നേഹവുമൊക്കെയുണ്ട്. അതോടൊപ്പം തന്നെ എനിക്ക് ഹേറ്റേഴ്‌സുമുണ്ട്. അഭിനയിച്ച സിനിമകളൊക്കെ അടുത്തടുത്ത് റിലീസ് ഉണ്ടാവുന്നത് കൊണ്ട് ഞാന്‍ കുറേ പടങ്ങള്‍ ചെയ്യുന്നത് പോലെയൊക്കെ ചിലപ്പോള്‍ തോന്നിയേക്കാം. തുറമുഖം ചെയ്തത് രണ്ട് വര്‍ഷം മുമ്പാണ് .

തൃശങ്കു ചെയ്തത് കഴിഞ്ഞ വര്‍ഷമാണ്. പക്ഷേ സിനിമകളൊക്കെ ഇറങ്ങുന്നത് ഒരേ സമയത്തായതുകൊണ്ടായിരിക്കാം അങ്ങനെ തോന്നാന്‍ കാരണം. കൊവിഡ് കാരണമാണ് മുമ്പേ ചെയ്ത സിനിമകള്‍ റിലീസ് ആവാന്‍ വൈകിയത്’, അര്‍ജുന്‍ അശോകന്‍ പറഞ്ഞു.


Content Highlights: Arjun Ashokan about his father

We use cookies to give you the best possible experience. Learn more