Sports News
ബി.സി.സി.ഐക്ക് മുമ്പിലെത്തിയാല്‍ ഐ.സി.സിക്ക് മുട്ടിടിക്കും, വേണമെങ്കില്‍ ലോകകപ്പിലും അവര്‍ നിയമം മാറ്റും; വിമര്‍ശനവുമായി ക്രിക്കറ്റ് ഇതിഹാസം
ഏഷ്യാ കപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിന് മാത്രമായി റിസര്‍വ് ഡേ അനുവദിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി ക്രിക്കറ്റ് ഇതിഹാസം അര്‍ജുന രണതുംഗ. ഏഷ്യാ കപ്പില്‍ സെപ്റ്റംബര്‍ പത്തിന് ഷെഡ്യൂള്‍ ചെയ്ത ഇന്ത്യ പാകിസ്ഥാന്‍ മത്സരം മഴ മൂലമോ കാലാവസ്ഥ അനുകൂലമല്ലാത്തിനാലോ ഉപേക്ഷിക്കേണ്ടി വരികയാണെങ്കില്‍ സെപ്റ്റംബര്‍ 11ന് നടത്തുമെന്ന് എ.സി.സി അറിയിച്ചിരുന്നു.
ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന മറ്റ് സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്കൊന്നും ഇത്തരത്തില്‍ റിസര്‍വ് ഡേ അനുവദിക്കാതിരിക്കുകയും ഇന്ത്യ – പാകിസ്ഥാന്‍ മാച്ചിന് വേണ്ടി മാത്രം റിസര്‍വ് ഡേ അനുവദിക്കുകയും ചെയ്തതില്‍ വ്യാപകമായ വിമര്‍ശനം ക്രിക്കറ്റ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.
സെപ്റ്റംബര്‍ പത്തിന് മത്സരം നടക്കവെ മഴയെത്തുകയും അന്നേ ദിവസത്തെ കളി ഉപേക്ഷിക്കുകയും ചെയ്തിരുന്നു. പിറ്റേ ദിവസം റിസര്‍വ് ഡേയിലാണ് മത്സരം പൂര്‍ത്തിയാക്കിയത്. മത്സരത്തില്‍ വിരാടിന്റെയും കെ.എല്‍. രാഹുലിന്റെയും സെഞ്ച്വറി കരുത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു.
സൂപ്പര്‍ ഫോറിലെ മറ്റ് ടീമുകളായ ബംഗ്ലാദേശും ശ്രീലങ്കയും റിസര്‍വ് ഡേ അനുവദിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല.
ഇതിന് പിന്നാലെയാണ് രണതുംഗ വിമര്‍ശനവുമായി രംഗത്തെത്തിയത്. ക്രിക്കറ്റിനെ ഏതെങ്കിലും ഒരു രാജ്യം നിയന്ത്രിക്കുന്നത് ശരിയല്ലെന്നും ഇങ്ങനെയാണെങ്കില്‍ ലോകകപ്പിലും അവര്‍ ഇത്തരത്തിലുള്ള തീരുമാനങ്ങളെടുക്കുമെന്നും രണതുംഗ പറഞ്ഞു. പി.ടി.ഐയാണ് ലങ്കയെ ലോകകിരീടം ചൂടിച്ച നായകന്റെ വാക്കുകളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘ശക്തമായ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് മുമ്പിലെത്തിയാല്‍ ഐ.സി.സി പല്ലില്ലാത്ത കടുവയായി മാറും. ഇത്തരം ബോര്‍ഡുകള്‍ക്ക് മുമ്പില്‍ അവര്‍ തീര്‍ത്തും അണ്‍ പ്രൊഫഷണലാണ്. ഇവരാണ് യഥാര്‍ത്ഥത്തില്‍ ക്രിക്കറ്റിനെ നിയന്ത്രിക്കേണ്ടത് അല്ലാതെ ഏതെങ്കിലും രാജ്യമല്ല.
ഏഷ്യാ കപ്പിന് ഒരു നിയമമുണ്ടായിരുന്നു. എന്നാല്‍ ഒരു മത്സരത്തിന് വേണ്ടി മാത്രം ആ നിയമങ്ങഴെല്ലാം പൊളിച്ചെഴുതുകയാണ്. എവിടെയാണ് എ.സി.സി? എവിടെയാണ് ഐ.സി.സി?
ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനും വരെ ആ നിയമം മാറ്റിയത് അനുസരിക്കേണ്ടി വന്നു. ഇതിന് കാരണം ബി.സി.സി.ഐയോ ഒരു വ്യക്തിയോ അത്രത്തോളം ശക്തനാണ് എന്നതാണ്.
ശരദ് പവാറും ഡാല്‍മിയയും ക്രിക്കറ്റിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അവര്‍ അതിനെ പറ്റി ധാരണയുണ്ടായിരുന്നു. ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിന് വേണ്ടി ഐ.സി.സി നിയമം മാറ്റിയാലും അത്ഭുതപ്പെടാനില്ല. ചിലപ്പോള്‍ അവര്‍ അത് ചെയ്യും. അപ്പോഴും ഐ.സി.സി അതിന് മൗനാനുവാദം നല്‍കും,’ രണതുംഗ പറഞ്ഞു.
അതേസമയം, ഏഷ്യാ കപ്പിന്റെ ഫൈനലിനാണ് കളമൊരുങ്ങുന്നത്. മുന്‍ ചാമ്പ്യന്‍മാരായ ഇന്ത്യയും നിലവിലെ ചാമ്പ്യന്‍മാരായ ശ്രീലങ്കയുമാണ് കലാശപ്പോരാട്ടത്തിന് കളത്തിലിറങ്ങുന്നത്.
Content Highlight: Arjuna Ranatunga criticize ICC