Sports News
ഗവാസ്‌കറിനോട് സംസാരിക്കൂ, സഹായിക്കാന്‍ അദ്ദേഹത്തിന് സാധിക്കും; വിരാടിന് ഉപദേശവുമായി ലങ്കന്‍ ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 10, 03:26 pm
Monday, 10th February 2025, 8:56 pm

വിരാട് കോഹ്‌ലിയുടെ മോശം ഫോം ഏകദിനത്തിലും തുടരുകയാണ്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കും രഞ്ജി ട്രോഫിക്കും ശേഷം കളിച്ച ആദ്യ അന്താരാഷ്ട്ര മത്സരത്തിലും വിരാട് നിരാശനാക്കി.

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ എട്ട് പന്തില്‍ വെറും അഞ്ച് റണ്‍സ് മാത്രമാണ് വിരാടിന് സാധിച്ചത്. തുടര്‍ പരാജയങ്ങള്‍ക്ക് പിന്നാലെ രോഹിത് ശര്‍മ ബരാബതി സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇതുപോലെ വിരാടും തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

 

മോശം ഫോമില്‍ തുടരുന്ന വിരാടിനോട് സുനില്‍ ഗവാസ്‌കര്‍ അടക്കമുള്ള മുന്‍ സൂപ്പര്‍ താരങ്ങളുടെ മാര്‍ഗനിര്‍ദേശം തേടാന്‍ ആവശ്യപ്പെടുകയാണ് ഇതിഹാസ താരമായ അര്‍ജുന രണതുംഗെ.

വിരാട് ഗവാസ്‌കറും രാഹുല്‍ ദ്രാവിഡും അടക്കമുള്ള താരങ്ങളോട് സംസാരിക്കണമെന്നും അവര്‍ക്ക് സഹായിക്കാന്‍ സാധിക്കുമെന്നുമാണ് രണതുംഗെ പറഞ്ഞത്.

‘എനിക്ക് തോന്നുന്നത് വിരാട് കോഹ്‌ലി സുനില്‍ ഗവാസ്‌കര്‍, ദിലീപ് വെങ്‌സര്‍ക്കാര്‍ അല്ലെങ്കില്‍ രാഹുല്‍ ദ്രാവിഡ് പോലുള്ള താരങ്ങളുമായി സംസാരിക്കണം. അതാണ് ഇപ്പോള്‍ അവന് ചെയ്യാന്‍ സാധിക്കുക. അവര്‍ക്ക് ഉറപ്പായും വിരാട് കോഹ്‌ലിയെ സഹായിക്കാന്‍ സാധിക്കും,’ ടെലഗ്രാഫിലെഴുതിയ ലേഖനത്തില്‍ രണതുംഗെ പറഞ്ഞു.

വിരാട് കോഹ്‌ലിയുടെ വിരമിക്കലിനെ കുറിച്ചും രണതുംഗെ സംസാരിച്ചു. ഇതൊന്നും നമ്മള്‍ ശ്രദ്ധിക്കേണ്ടതില്ലെന്നും എല്ലാം വിരാടിന് വിട്ടുകൊടുക്കണമെന്നും രണതുംഗെ കൂട്ടിച്ചേര്‍ത്തു.

‘കോഹ്‌ലിയെ പോലെ ഇത്രയധികം റണ്‍സ് നേടിയ ഒരു കളിക്കാരന്റെ തീരുമാനങ്ങള്‍ക്ക് ഇതെല്ലാം വിട്ടുകൊടുക്കുന്നതാണ് നല്ലത് എന്നാണ് ഞാന്‍ കരുതുന്നത്. കോഹ്‌ലിയാണ് അക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കേണ്ടത്. ആ തീരുമാനം അവന്‍ തന്നെ സ്വീകരിക്കട്ടെ.

എന്തുകൊണ്ടാണ് എല്ലാവരും അവനില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത് തീര്‍ത്തും അനാവശ്യമാണെന്നാണ് ഞാന്‍ കരുതുന്നത്. ഇത് അദ്ദേഹത്തിന്റെ മാത്രം തീരുമാനമാണ്, അത് അദ്ദേഹം തന്നെ സ്വീകരിക്കട്ടെ,’ രണതുംഗെ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ രണ്ടാം ഏകദിനത്തിലും ആധികാരിക വിജയം നേടിയ ഇന്ത്യ ഇതിനോടകം തന്നെ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്.

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 2-0 എന്ന നിലയില്‍ ലീഡ് സ്വന്തമാക്കിയ ആതിഥേയര്‍ പരമ്പരയും ഉറപ്പിച്ചിരിക്കുന്നത്. നേരത്തെ നടന്ന ടി-20 പരമ്പരയിലും വിജയം സ്വന്തമാക്കിയ ഇന്ത്യ സമ്പൂര്‍ണ വിജയമാണ് പിടിച്ചെടുത്തിരിക്കുന്നത്.

ഫെബ്രുവരി 12നാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയമാണ് വേദി.

 

Content Highlight: Arjuna Ranathunge says Virat Kohli should seek advice from Sunil Gavaskar, Dileep Vengsarkar and Dravid