| Saturday, 27th April 2019, 6:03 pm

നാല് ക്രിക്കറ്റ് താരങ്ങളെ അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്ത് ബി.സി.സി.ഐ

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ നാല് താരങ്ങളെ അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്ത് ബി.സി.സി.ഐ. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, പൂനം യാദവ് എന്നിവരെയാണ് ബി.സി.സി.ഐ ശിപാര്‍ശ ചെയ്തിരിക്കുന്നത്.

ഒന്നര വര്‍ഷത്തിലധികമായി സ്ഥിരതയുള്ള പ്രകടനം കാഴ്ചവെക്കുന്ന താരങ്ങളാണ് ബുംറയും ഷമിയും. ഐ.സി.സി ഏകദിന ബൗളര്‍മാരുടെ പട്ടികയില്‍ ബുമ്ര ഒന്നാമതാണ്. ഒാസ്ട്രേലിയ – ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നതില്‍ ഇരുവരും നിര്‍ണ്ണായക പ്രകടനമായിരുന്നു പുറത്തെടുത്ത്ത.

പരിചയസമ്പന്നനായ ക്രിക്കറ്റ് താരമാണ് ഓള്‍ റൗണ്ടറായ രവീന്ദ്ര ജഡേജ. 41 ടെസ്റ്റുകളിലും 151 ഏകദിനങ്ങളും 40 ട്വന്റി 20 മല്‍സരങ്ങളിലും ജഡേജ ഇന്ത്യയെ പ്രതിനിധികരിച്ചിട്ടുണ്ട്.

പട്ടികയിലെ ഏക വനിതാ സാന്നിധ്യമാണ് പൂനം യാദവ്. നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ കരുത്താണ് പൂനം. 41 ഏകദിനത്തിലും 54 ടി ട്വന്റിയിലും ഇന്ത്യക്കു വേണ്ടി കളിച്ച പൂനം യാദവ് ഇതേവരെ മികവുറ്റ പ്രകടനമാണ് നടത്തിയിട്ടുള്ളത്.

കായിക മേഖലയിലെ നേട്ടങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരമാണ് അര്‍ജുന.

We use cookies to give you the best possible experience. Learn more