ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ മള്‍ട്ടിപ്പിള്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് ഇനിയും താളം കണ്ടെത്താനായിട്ടില്ല. എല്ലാ താരങ്ങളെയും മാറി മാറി പരീക്ഷിച്ചിട്ടും ഫലം കാണാത്തതിനെ തുടര്‍ന്ന് പുതിയ താരത്തിന് അവസരം നല്‍കാനൊരുങ്ങുകയാണ് മുംബൈ ഇന്ത്യന്‍സ്.
30 ലക്ഷം രൂപയ്ക്ക് ടീമിലെത്തിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ മകനായ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിനെ ഫസ്റ്റ് ഇലവനില്‍ ഉള്‍പ്പെടുത്താനാണ് മുംബൈ ഇന്ത്യന്‍സ് ഒരുങ്ങുന്നത്. മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്.
മുംബൈ ഇന്ത്യന്‍ – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തില്‍ അര്‍ജുന്‍ ഇറങ്ങിയേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. അര്‍ജുന്റെ ചിത്രത്തിനൊപ്പം ‘ഞങ്ങളുടെ മനസിലുണ്ട്’ എന്ന ക്യാപ്ഷനോടെ പുറത്തുവിട്ട ചിത്രമാണ് അര്‍ജുനും ടീമിലുണ്ടാവും എന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്.
അര്‍ജുന്‍ ടീമിലെത്തുന്നതോടെ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിംഗ് നിരയ്ക്ക് മാറ്റമുണ്ടായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ജയദേവ് ഉനദ്കട്ടിനോ ബേസില്‍ തമ്പിക്കോ പകരമാവും താരം ടീമിലെത്തുക.
ബൗളിംഗ് നിരയാണ് ടീമിനെ വല്ലാതെ അലട്ടുന്നത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് തന്റെ സ്ഥിരം പ്രകടനത്തിന്റെ അടുത്ത് പോലും എത്താനാകുന്നില്ല. ഉനദ്കട്ടും ബേസിലും സാമാന്യം മെച്ചപ്പെട്ട രീതിയില്‍ അടിവാങ്ങിക്കൂട്ടുന്നുമുണ്ട്.
യുവതാരം മുരുകന്‍ അശ്വിനും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കൂടിയാണ് അര്‍ജുനെ പരീക്ഷിക്കാന്‍ മുംബൈ ഒരുങ്ങുന്നത്.
അതേസമയം, അനുജന്റെ പ്രകടനത്തിന് മുമ്പ് തന്നെ ആശംസകളുമായി സച്ചിന്റെ മകള്‍ സാറയും രംഗത്തെത്തിയിട്ടുണ്ട്. ടീം പങ്കുവെച്ച പോസ്റ്റിന് നീല നിറത്തിലുള്ള ലവ് ഇമോജിയിട്ടാണ് സാറ അനുജന് ആശംസയറിയിക്കുന്നത്.
കഴിഞ്ഞ സീസണിലും മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന അര്‍ജുന്‍ ഒരു മത്സരത്തില്‍ പോലും കളിച്ചിരുന്നില്ല. 20 ലക്ഷം രൂപയ്ക്കായിരുന്നു ടീം കഴിഞ്ഞ തവണ അര്‍ജുനെ ടീമിലെത്തിച്ചത്.
രഞ്ജിയില്‍ കളിച്ച പരിചയം മാത്രമാണ് അര്‍ജുന് നിലവിലുള്ളത്. എന്തുതന്നെയായാലും ലഖ്‌നൗവിനെതിരെ അര്‍ജുന്‍ കളിക്കുമോ എന്നാണ് ഐ.പി.എല്‍ ആരാധകര്‍ ഒരുപോലെ ഉറ്റുനോക്കുന്നത്.
അഞ്ച് കളിയില്‍ നിന്നും മൂന്ന് ജയവുമായി അഞ്ചാം സ്ഥാനത്താണ് ലഖ്‌നൗ. ഇന്ന് നടക്കുന്ന മത്സരത്തില്‍ മികച്ച റണ്‍റേറ്റില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ടീമിന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താം.
അഞ്ച് കളിയില്‍ നിന്നും ഒരു പോയിന്റ് പോലും നേടാനാവാതെ പത്താം സ്ഥാനത്ത് തന്നെയാണ് മുംബൈ.
Content Highlight: Arjun Tendulkar to play for Mumbai Indians against Lucknow Super Giants